2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചെന്നൈക്കെതിരേ ഡല്‍ഹിക്ക് 44 റണ്‍സിന്റെ ജയം

ദുബൈ: ദേവദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഇവര്‍ക്ക് പിന്നാലെ ഐ.പി.എല്ലില്‍ ശരവേഗം പായുന്ന മിസൈലായി ഇന്ത്യയുടെ മറ്റൊരു യുവതാരം പൃഥ്വി ഷാ. താരം കൂടി കത്തിക്കയറിയതോടെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് മിന്നും ജയം. 44 റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. താരത്തിന്റെ അര്‍ധ സെഞ്ചുറി മികവില്‍ ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈയുടെ പോരാട്ടം നിശ്ചിത ഓവറില്‍ ഏഴിന് 131 റണ്‍സില്‍ അവസാനിച്ചു. 43 പന്തില്‍ 63 റണ്‍സുമായി ടീമിന് അടിത്തറ പാകിയായിരുന്നു പൃഥ്വിയുടെ മടക്കം. ഒന്‍പത് ബൗണ്ടറികളും ഒരു സിക്‌സും താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നു.
176 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ നിരയില്‍ കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി ഫാഫ് ഡു പ്ലെസിസിന് (35 പന്തില്‍ 43) മാത്രമാണ് തിളങ്ങാനായത്. എം.എസ് ധോണി (12 പന്തില്‍ 15) നിരാശപ്പെടുത്തി. ഡല്‍ഹിക്ക് വേണ്ടി ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കഗീസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്റിച്ച് നോര്‍ദെ രണ്ടെണ്ണം എറിഞ്ഞിട്ടു.
ഡല്‍ഹിക്ക് വേണ്ടി ശിഖര്‍ ധവാന്‍ (27 പന്തില്‍ 35), റിഷഭ് പന്ത് (25 പന്തില്‍ പുറത്താവാതെ 37), ശ്രേയസ് അയ്യര്‍ (22 പന്തില്‍ 26) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കായി പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. തുടക്കത്തില്‍ മെല്ലെപ്പോക്ക് രീതി പിന്തുടര്‍ന്ന ഇരുവരും പിന്നീട് ചെന്നൈ ബൗളര്‍മാരെ നന്നായി പ്രഹരിച്ചു. ആദ്യ ആറോവര്‍ വെറും 36 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ പിന്നീടുള്ള 4.4 ഓവറില്‍ 48 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സംഭാവന നല്‍കിയത്. സ്‌കോര്‍ 94ല്‍ നില്‍ക്കേ, 11ാം ഓവറിലെ നാലാം പന്ത് എറിഞ്ഞ പിയുഷ് ചൗളയെ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് ധവാന്‍ പുറത്തായത്. റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച താരം എല്‍.ബിയില്‍ കുരുങ്ങി. വെറും 10 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ പൃഥ്വി ഷായും കൂടാരം കയറി. ഇത്തവണയും ചൗളയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് ഒരുമിച്ച ശ്രേയസ് അയ്യരും പന്തും കൃത്യമായി ബാറ്റുവീശിയതോടെ ടീം സ്‌കോര്‍ മുന്നോട്ട് കുതിച്ചു. 19ാം ഓവറിലെ അവസാന പന്തിലാണ് 35 റണ്‍സെടുത്ത നായകന്‍ പുറത്തായത്. കഴിഞ്ഞ മത്സരത്തിലെ വമ്പനടിക്കാരന്‍ സ്റ്റോയിനിസ് വെറും മൂന്ന് പന്തുകളാണ് നേരിട്ടത്. ഇതില്‍ അഞ്ചു റണ്‍സ് കണ്ടെത്തുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.