തിരുവനന്തപുരം
കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അനുകൂലിക്കുന്നവർ മുൻകൈയെടുത്ത് തനിക്കെതിരേ പാർട്ടിയിൽ നടത്തുന്ന നീക്കങ്ങൾ ചെന്നിത്തല സോണിയയെ ധരിപ്പിക്കുമെന്നാണ് സൂചന.
അതിനിടെ ഐ.എൻ.ടി.യു.സി പ്രതിപക്ഷ നേതാവിനെതിരേ പരസ്യമായി രംഗത്തിറങ്ങിയതിനു പിന്നിലും മാണി സി. കാപ്പന്റെ വിമർശനത്തിനു പിന്നിലും ഐ ഗ്രൂപ്പാണെന്ന പരാതി സതീശൻ വിഭാഗം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്.
അതേസമയം, കോൺഗ്രസിനുള്ളിലെ പുനഃസംഘടനാ നീക്കങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഡി.സി.സി പുനഃസംഘടയുടെ കരട് പട്ടിക ഹൈക്കമാൻഡിന് നൽകി ഒരു മാസം പിന്നിട്ടിട്ടും തുടർ നടപടികളുണ്ടായിട്ടില്ല.
കെ.പി.സി.സി കൈമാറിയ പട്ടികയിൽ എം.പിമാർ പരാതി ഉന്നയിച്ചതിന് പിന്നാലെ നടപടികൾ മരവിപ്പിച്ച ഹൈക്കമാൻഡ് പ്രതിപക്ഷ നേതാവിനോട് കരട് പട്ടികയിൽ മാറ്റം നിർദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിഷയത്തിൽ പ്രതിപക്ഷ നേതാവ് കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. ഇതിനിടയിൽ കെ.സി വേണുഗോപാൽ പക്ഷത്തിന്റെ ഇടപെടൽ കൂടി ഉണ്ടായതോടെ തുടർനടപടികൾ എങ്ങുമെത്താത്ത സ്ഥിതിയിലാണ്.
Comments are closed for this post.