2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചെട്ട്യാലത്തൂരുകാര്‍ ഭൂമി ഉപേക്ഷിച്ച് പലായനം ചെയ്യുന്നു

സി.എം അബൂതാഹിര്

സുല്‍ത്താന്‍ ബത്തേരി: അതിരൂക്ഷമായ വന്യമൃഗശല്ല്യം കാരണം വനാന്തര ഗ്രാമമായ ചെട്ട്യാലത്തൂര്‍ നിവാസികള്‍ സ്വന്തം കൃഷിയിടവും ഭൂമിയും ഉപേക്ഷിച്ച് പാലായനം ചെയ്യുന്നു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് നടപ്പിലാക്കുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി വൈകുന്നതാണ് കുടുംബങ്ങള്‍ സ്വത്ത് ഉപേക്ഷിച്ച് ജീവനുംകൊണ്ട് പാലായനം ചെയ്യാന്‍ കാരണം. വയനാട് വന്യജീവി സങ്കേതത്തില്‍ നിലവില്‍ 110 സെറ്റില്‍മെന്റുകളാണ് ഉള്ളത്. ഇതില്‍ എറ്റവും വലിയ വനാന്തര ഗ്രാമമാണ് ചെട്ട്യാലത്തൂര്‍. കൂടാതെ തമിഴ്‌നാട് മുതുമലൈ കടുവസങ്കേതം, കര്‍ണ്ണാടകയിലെ ബന്ദിപുര കടുവാസങ്കേതം എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക വനഗ്രാമവുമാണ് ചെട്ട്യാലത്തൂര്‍. 82 ഗോത്രവര്‍ഗ കുടുംബങ്ങള്‍ ഉള്‍പ്പെടെ 238 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

ഇതില്‍ 24 കുടുംബങ്ങളാണ് അതിരൂക്ഷമായ വന്യമൃഗശല്യം കാരണം വീടും ഭൂമിയും ഉപേക്ഷിച്ച് പാലായനം ചെയ്തത്. ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് ഇവിടെയുള്ള 50 സെന്റ് കൃഷിഭൂമിയും വീടും ഉപേക്ഷിച്ച് താനും കുടുംബവും ഇപ്പോള്‍ ചീരാലിന് സമീപം കുടുക്കിയില്‍ വാടകക്ക് താമസിക്കുന്നതെന്ന് ഗ്രാമത്തില്‍ നിന്നും പാലായനം ചെയ്ത നാരായണന്‍ പറയുന്നു. ഈ ഗ്രാമത്തില്‍ നിന്നും 25 കുട്ടികള്‍ ബത്തേരി, ചീരാല്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്നുണ്ട്.

അഞ്ച് കിലോമീറ്ററോളം ആനയും കടുവയും വിഹരിക്കുന്ന വനത്തിലൂടെ നടന്നുവേണം ഇവര്‍ക്ക് വാഹനം ലഭിക്കുന്ന പാതയിലെത്താന്‍. കുട്ടികള്‍ പോകുന്നത് മുതല്‍ വൈകിട്ട് തിരിച്ചെത്തുന്നത് വരെ രക്ഷിതാക്കല്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണെന്നും നാരായണന്‍ പറയുന്നു. ചെട്യാലത്തൂരിന് പുറമെ വന്യജീവിസങ്കേതത്തില്‍പ്പെട്ട പൊന്‍കുഴിയില്‍ നിന്നും അഞ്ച്, ഈശ്വരന്‍കൊല്ലിയില്‍ നിന്നും എട്ട്, നരിമാന്തികൊല്ലി, പൂത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും എല്ലാ കുടുംബങ്ങളും പാലായനം ചെയ്തുകഴിഞ്ഞു.

വന്യജീവിസങ്കേതത്തിലെ മറ്റുള്ള സെറ്റില്‍മെന്റുകള്‍ ലീസ് ഭൂമിയാണ്. 265 ഏക്കര്‍ കൃഷിഭൂമിയാണ് ചെട്ട്യാലത്തൂരിലുള്ളത്. എന്നാല്‍ ഇവിടുത്തെ ഭൂമിക്ക് പട്ടയം ഉണ്ട്. ഇവിടെ പതിനഞ്ച് വര്‍ഷം മുന്‍പ് വരെ ഇവര്‍ കൃഷിചെയ്തിരുന്നു.
വന്യമൃഗശല്യം വര്‍ധിച്ച് വിളകള്‍ മൃഗങ്ങള്‍ കൊയ്യാന്‍ തുടങ്ങിയതോടെ കൃഷി നിര്‍ത്തുകയായിരുന്നുവെന്ന് ഗ്രാമത്തിലെ പാരമ്പര്യ കര്‍ഷകനായ ടി ശ്രീധരന്‍ പറയുന്നു.

കൃഷി ഇല്ലാതായതോടെ പുറംലോകത്ത് പോയി ജോലി ചെയ്താണ് ഇവിടെയുള്ള കുടുംബങ്ങള്‍ ഇപ്പോള്‍ കഴിയുന്നത്. അതും രാവിലെ ജോലിക്ക് പോകുന്ന വഴി ആനയടക്കമുള്ള വന്യമൃഗങ്ങള്‍ വഴിമുടക്കിയില്ലെങ്കില്‍ മാത്രം. ഇതേ അവസ്ഥ തന്നെയാണ് മറ്റ് വനാന്തര ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെയും. കഴിഞ്ഞ 20 വര്‍ഷത്തിനിടക്ക് 100ഓളം പേര്‍ ഇവിടങ്ങളില്‍ വന്യമൃഗ ആക്രമണത്തില്‍ മരണപ്പെട്ടിട്ടുണ്ട്. 2010ലെ കണക്ക് പ്രകാരം സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കേണ്ട സെറ്റില്‍മെന്റുകളുടെ എണ്ണം 14ആണ്. ഇതില്‍ 1338 കുടുംബങ്ങളില്‍ നിന്നായി 880 യോഗ്യരായ കുടുംബങ്ങളാണ് ഉള്ളത്. ഇവര്‍ക്കായി 88കോടി രൂപയാണ് വകയിരുത്തിയത്.

എന്നാല്‍ ഇതില്‍ 213 കുടുംബങ്ങളെ മാത്രമേ ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടുള്ളു. ദക്ഷിണേന്ത്യയിലെ കടുവസങ്കേതത്തിന് പുറത്തേയും സംസ്ഥാനത്തെ ആദ്യത്തെയും സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗ്രാമങ്ങളുടെ പുനരധിവാസം അനന്തമായി നീളുന്നത് ഈ വനാന്തര ഗ്രാമങ്ങളില്‍ താമസിക്കുന്നവരില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. എത്രയും പെട്ടന്ന് ഫണ്ട് വകയിരുത്തി തങ്ങളെ ഇവിടെനിന്നും മാറ്റി പാര്‍പ്പിക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News