
ചങ്ങനാശേരി: ജില്ലയില്‍ ചെങ്കണ്ണ് പടരുന്നു. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റമാണ് ചെങ്കണ്ണ് വ്യാപിക്കാന്‍ കാണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാക്ടീരിയകളും, വൈറസുമാണ് രോഗം പടര്‍ത്തുന്നത്. കാലാവസ്ഥ വ്യതിയാനത്ത തുടര്‍ന്ന് ചെങ്കണ്ണും, വൈറല്‍ പനിയും മേഖലയില്‍ പടര്‍ന്നതിനാല്‍ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും രോഗികളുടെ എണ്ണം പതിവിലും കൂടുതലാണ്.
അണുബാധ, അലര്‍ജി, രാസവസ്തുക്കളുടെ സാന്നിധ്യം എന്നിവയാണ് ചെങ്കണ്ണിനുള്ള പ്രധാന കാരണങ്ങള്‍. ഇവയില്‍ അണുബാധ മൂലമുള്ള ചെങ്കണ്ണാണ് പകരുന്നത്. ചെങ്കണ്ണ് ബാധിച്ചയാളുടെ കണ്ണില്‍ നോക്കിയാല്‍ രോഗം പകരുമെന്ന ധാരണ തെറ്റാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. രോഗബാധിതനായ ആളുടെ കണ്ണീര് ഏതെങ്കിലും കാരണവശാല്‍ മറ്റുള്ളവരുടെ കണ്ണില്‍ പറ്റാന്‍ ഇടയായാല്‍ മാത്രമേ രോഗം പകരൂ. കാലാവസ്ഥാമാറ്റംമൂലം രോഗികള്‍ വഴിയല്ലാതെയും ചെങ്കണ്ണ് പകരാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ക്ക് അണുബാധ ഏല്‍ക്കാനുള്ള സാധ്യത ഏറെയാണ്. കാലാവസ്ഥ സ്ഥിരമാകുന്നതുവരെ രോഗം വരാതെ ശ്രദ്ധിക്കണം. ഒരുകണ്ണില് തുടങ്ങുന്ന രോഗം ക്രമേണ രണ്ടുകണ്ണിലും വ്യാപിക്കുന്നു.
നിസാരരോഗമെന്നു കരുതി സ്വയം ചികിത്സിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ ഗതിയില്‍ ഒരാഴ്ചകൊണ്ടു ഭേദമാകുന്നതാണ് ചെങ്കണ്ണ്. എന്നാല്‍ വേണ്ട വിധത്തിലുള്ള പരിചരണവും ചികിത്സയും കിട്ടാത്തപക്ഷം കാഴ്ചശക്തി വരെ നഷ്ടമാകാന്‍ ഇടയാകും.