2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചൂട് കൂടുന്നു, നിര്‍ജലീകരണത്തിനും ദേഹാസ്വാസ്ഥ്യത്തിനും സാധ്യത:
ആരോഗ്യജാഗ്രതാ കലണ്ടര്‍ പാലിക്കണം, മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും

  • ആശുപത്രികളും ജാഗ്രത പാലിക്കണമെന്ന് മന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ആരോഗ്യ ജാഗ്രത കലണ്ടര്‍ കൃത്യമായി പാലിക്കണം. ആരോഗ്യ ജാഗ്രത നിര്‍ദേശം സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ചിക്കന്‍പോക്‌സ്, വയറിളക്ക രോഗങ്ങള്‍ എന്നിവയ്‌ക്കെതിരേ ജാഗ്രത വേണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കെട്ടിടങ്ങള്‍ക്കു പുറത്ത് ജോലി ചെയ്യുന്നവര്‍ സമയക്രമം കര്‍ശനമായി പാലിക്കണം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയുള്ള സമയം നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

 

   

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ വെള്ളം കരുതുന്നു എന്നുറപ്പാക്കണം. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജൂസ് കുടിക്കുന്നവര്‍ വെള്ളം നല്ലതാണെന്നും ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പുവരുത്തണം. അല്ലെങ്കില്‍ മറ്റു പല രോഗങ്ങളുമുണ്ടാകും. നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേര്‍ന്ന് ജൂസ് കടകളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ചുള്ളതാണോയെന്ന് പരിശോധനകള്‍ നടത്തും. തീപിടിത്തം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം.

 

ആശുപത്രികളും ജാഗ്രത പുലര്‍ത്തണം. ഇന്‍ഫഌവന്‍സ രോഗലക്ഷണമുള്ളവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. പനിയുണ്ടായാല്‍ ആരംഭത്തില്‍ തന്നെ ചികിത്സ തേടണം. പനി നിരീക്ഷണം ശക്തമാക്കാനും ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടിങ് കൃത്യമായി നടത്താനും നിര്‍ദേശം നല്‍കി. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളുകള്‍ ഇന്‍ഫഌവന്‍സയുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.