2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചീഫ് സെക്രട്ടറി ഇടപെട്ടു; വിവാദ ഉത്തരവ് റദ്ദാക്കി

 
 
സ്വന്തം ലേഖകന്‍ 
തിരുവനന്തപുരം: കൊവിഡ് പോസിറ്റീവാകുന്ന അതിഥിതൊഴിലാളികള്‍ക്ക് രോഗ ലക്ഷണമില്ലെങ്കില്‍ അവരെ ജോലിക്ക് നിയോഗിക്കാമെന്ന പൊതുഭരണവകുപ്പിന്റെ വിവാദ ഉത്തരവ് റദ്ദാക്കി. ഉത്തരവ് വിവാദമാവുകയും  ആരോഗ്യവകുപ്പിന്റെയുള്‍പ്പെടെ എതിര്‍പ്പുയരുകയും ചെയ്തതിനെ തുടര്‍ന്ന്  ഉത്തരവ് റദ്ദാക്കണമെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത   പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത്ത് രാജനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പോസിറ്റീവാകുന്ന അതിഥി തൊഴിലാളികള്‍ രോഗമുക്തരാകുന്നത് വരെ അവര്‍ക്ക് പൂര്‍ണ വിശ്രമം അനുവദിക്കുകയും മാറ്റിപ്പാര്‍പ്പിക്കുകയും വേണം. കഴിഞ്ഞ തിങ്കളാഴ്ച്ച പുറത്തിറക്കിയ  വിവാദ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ്  പുറത്തിറക്കണമെന്നും  ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു. 
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിന്  കരാറുകാരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് സര്‍ക്കാര്‍ കൊവിഡ് പോസിറ്റീവാകുന്ന അതിഥി തൊഴിലാളികളെയും ജോലിക്ക് നിയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. 
നിലവില്‍ കൊവിഡ് പോസിറ്റീവാകുന്നവര്‍, രോഗലക്ഷണമില്ലെങ്കിലും  കുറഞ്ഞത് 10 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിനു ശേഷം ആന്റിജന്‍ പരിശോധന നടത്തണമെന്നും നെഗറ്റീവായാലും ഏഴു ദിവസം കൂടി ക്വാറന്റൈനില്‍  തുടരണമെന്നുമാണ് നിഷ്‌കര്‍ഷിക്കുന്നത്. ഇത് മറികടന്നാണ് പൊതുഭരണവകുപ്പ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.