2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചിറയിന്‍കീഴ് അഞ്ചുതെങ്ങ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധം

ആറ്റിങ്ങല്‍: ചിറയിന്‍കീഴ് അഞ്ചുതെങ്ങ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധം. നൂറോളം വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മുതലപ്പൊഴി മുതല്‍ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മാമ്പള്ളി വരെ അഞ്ച് കിലോമീറ്റര്‍ പ്രദേശത്താണ് രൂക്ഷമായ കടലാക്രമണം.
ബുധനാഴ്ച രാവിലെ മുതലാണ് ഇവിടെ കടല്‍ പ്രക്ഷുബ്ധമായത്. കടല്‍ഭിത്തിയും കടന്ന് തിരമാലകള്‍ കരയിലേക്ക് കയറുകയാണ്. ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയ ശക്തമായ തിരയടി വൈകിട്ടോടെ കുറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഉച്ചയോടെ വീണ്ടും ശക്തി പ്രാപിച്ചു. തീരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന വീടുകള്‍ അപകടാവസ്ഥയിലാണ്. ശക്തമായ തിരയില്‍ നിരവധി വീടുകളുടെ പിറകു വശത്ത് തിര അടിച്ചുകൊണ്ടിരിക്കുകയാണ്. വേലിയേറ്റ സമയത്താണ് കടല്‍കയറ്റം കൂടുതല്‍.
കടല്‍തീരത്തിന് സമാന്തരമായി കടന്നുപോകുന്ന റോഡിലേക്ക് പലപ്പോഴും തിരമാലകള്‍ എത്തുന്നുണ്ട്. ഇരുചക്രവാഹനങ്ങള്‍ അടക്കം മറിയുകയും ചെയ്തു. റോഡിന് മറുവശത്തുള്ള വീടുകളില്‍ വെള്ളം കയറി വലിയ തോതില്‍ മണല്‍ അടിഞ്ഞിട്ടുണ്ട്. അഞ്ചുതെങ്ങ് പൊലിസ്, റവന്യു ഉദ്യോഗസ്ഥര്‍, പഞ്ചായത്തധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി. കടലാക്രമണം രൂക്ഷമാകുകയാണെങ്കില്‍ ദുരിതാശ്വാസ ക്യാംപ് തുറക്കുമെന്ന് റവന്യു അധികൃതര്‍ അറിയിച്ചു. ഇതേസമയം, തദ്ദേശവാസികള്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും ചെയ്തു.
മുതലപ്പൊഴിയില്‍ അധാനി നിര്‍മിച്ച ബാര്‍ജ് കടന്ന് വരുന്നതിനുള്ള യാര്‍ഡിന്റെ ഒരു ഭാഗത്തെ മണല്‍തിട്ട ഇടിഞ്ഞിട്ടുണ്ട്. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കമ്പനിയുടെ ഉന്നതോദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. മണല്‍തിട്ട ഇടിയുന്നത് തീരവാസികളെ ആശങ്കപ്പെടുത്തിയിരുന്നു. ആവശ്യമായ സുരക്ഷയൊരുക്കുമെന്ന് ഉദ്യോഗസ്ഥര്‍ തദ്ദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.