
ന്യൂഡൽഹി
കോൺഗ്രസ് ചിന്തൻ ശിബിരത്തിനായി രാഹുൽ ഗാന്ധിയെത്തിയത് ട്രെയിനിൽ. വഴിയിലെ റെയിൽവേ സ്റ്റേഷനുകളിലെല്ലാം രാഹുലിന് പ്രവർത്തകർ സ്വീകരണവുമൊരുക്കി. രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന കോൺഗ്രസ് പരിപാടിക്കാണ് രാഹുൽ ട്രെയിനിൽ യാത്ര ചെയ്തത്.
കൈയിൽ ബാഗുമായി മറ്റ് മുതിർന്ന നേതാക്കൾക്കൊപ്പം ചേതക് ട്രെയിനിലായിരുന്നു യാത്ര. ചേതക് എക്സ്പ്രസിൽ പാർട്ടി ബുക്ക് ചെയ്ത പ്രത്യേക കംപാർട്ട്മെന്റിലായിരുന്നു. നേപ്പാളിലെ ഒരു നിശാക്ലബിൽ സുഹൃത്തുക്കളുമൊത്തുള്ള വിഡിയോ ബി.ജെ.പി വിവാദമാക്കിയതിനു പിന്നാലെയാണ് രാഹുലിന്റെ ഈ യാത്രയെന്നത് ശ്രദ്ധേയമാണ്. വ്യാഴാഴ്ച രാത്രി 11ന് ആരംഭിച്ച 12 മണിക്കൂർ യാത്രയ്ക്കിടെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും രാഹുൽ ഗാന്ധിയെ ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സ്വീകരിച്ചു.