
കോഴിക്കോട്: വരകളിലൂടെ കാലത്തെ അടയാളപ്പെടുത്തി ആര്‍ട് ഗാലറിയില്‍ കലാകാരന്മാര് ചിത്രപ്പൂക്കളം തീര്‍ത്തു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഭാഗമായാണ് 17 ചിത്രകാരന്മാര് ആര്‍ട് ഗാലറിയില്‍ ചിത്രങ്ങള്‍ വരച്ചത്.
പോള്‍ കല്ലാനോട്, കബിത മുഖോപാധ്യായ, വിജയരാഘവന് പനങ്ങാട്ട്, സി. ശാന്ത, സുചിത്ര, ലിസി, കെ.എ സെബാസ്റ്റ്യന്‍, അരവിന്ദന് കോണാട്ട്, രാഘവന് അത്തോളി തുടങ്ങി ജില്ലയിലും പുറത്തുമുള്ള ചിത്രകാരന്മാര് ചിത്രപ്പൂക്കളം തീര്‍ക്കാനെത്തിയത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം, പുതുകാലത്തെ സ്ത്രീ ജീവിതം തുടങ്ങിയ വിഷയങ്ങളോടുള്ള ആകുലത ചിത്രങ്ങള്‍ പങ്കുവച്ചു. കൈമോശം വന്ന കാലത്തെ സ്വപ്നം കാണുന്ന ചിത്രങ്ങളുമുണ്ടായിരുന്നു.
15 വരെ ആര്‍ട് ഗാലറിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും. ഓണാഘോഷ പരിപാടികളുടെ ഭാഗമായി ആനക്കുളം സാംസ്കാരിക കേന്ദ്രത്തില്‍ റസിഡന്റ്സ് അസോസിയേഷനുകള്‍ക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.