2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ചികിത്സാ പിഴവുമൂലം വീട്ടമ്മ മരിച്ച സംഭവം: സ്വകാര്യ ആശുപത്രിക്കെതിരേ ബന്ധുക്കള്‍

 
 
 
ആലപ്പുഴ: ചികിത്സാപ്പിഴവുമൂലം വീട്ടമ്മ മരിച്ച സംഭവത്തില്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിക്ക് എതിരെ കുടുംബാംഗങ്ങള്‍ രംഗത്ത്. മാവേലിക്കര പല്ലാരിമംഗലം സ്വദേശിനി സുമതിക്കുട്ടിയാണ് മരിച്ചത്. ജൂലൈ ഒന്നിനായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് വൈകീട്ട് 5.30ന് സുമതിക്കുട്ടിയെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. 
ഡ്യൂട്ടി ഡോക്ടര്‍ പരിശോധന നടത്തിയശേഷം രക്തക്കുഴലില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് സ്‌ട്രോക്ക് ഉണ്ടായതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വണ്ടാനത്തേക്ക് പോകാന്‍ എഴുതിത്തരാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ വേണ്ടെന്നും നാളെ മെഡിസിന്‍ വിഭാഗം ഡോക്ടറെ കാണിക്കാനും അറിയിച്ചു. അടുത്ത ദിവസം ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
രാത്രിയില്‍ വീണ്ടും കഠിനമായ വേദനയുണ്ടായതിനെ തുടര്‍ന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് ആവശ്യമായ ചികിത്സ ലഭ്യമാകില്ലെന്ന സാഹചര്യം കണ്ടതോടെ ആറിന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയായിരുന്നു. രോഗിയുടെ സ്ഥിതി അതീവ ഗുരുതരമായിട്ടും ഡോക്ടര്‍മാരും നഴ്‌സുമാരുടെയും ആലംഭാവത്തില്‍ രോഗം മൂര്‍ച്ഛിച്ചു. 
തുടര്‍ന്ന് അവിടെനിന്നു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. തിരുവല്ലയിലേക്ക് പോകുന്ന വഴി വീണ്ടും സ്ഥിതി വഷളായി. ചങ്ങനാശേരിയിലെത്തിയപ്പോള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്നു കോട്ടയത്തെ സ്വകാര്യ ആശുപതിയിലേക്ക് നിര്‍ദേശിച്ചു. എന്നാല്‍ ഇവിടെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വൈക്കത്തെ സ്വകാര്യ ആശുപതിയിലെ ഡോക്ടര്‍മാര്‍ കൃത്യമായ പരിശോധന നടത്തിയിരുന്നെങ്കില്‍ മരണത്തില്‍നിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് ഭര്‍ത്താവ് എന്‍.സുകുമാരനും മകള്‍ സുമിത്രയും പറഞ്ഞു. ആശുപത്രി അധികൃതരുടെ അവഗണന ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, കായംകുളം  മാവേലിക്കര എം.എല്‍.എമാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.