
ഹേഗ്: കൃത്രിമ ഗര്‍ഭധാരണത്തിന് എത്തിയവര്‍ക്ക് സ്വന്തം ബീജം നല്കി 17 കുട്ടികളുടെ അച്ഛനായി നെതര്‍ലാന്റ്സ് ഡോക്ടര്‍. സ്വല്ലെ നഗരത്തിലെ സോഫിയ ആശുപത്രിയിലെ (ഇസാല ആശുപത്രി) ഗൈനക്കോളജിസ്റ്റ് ജാന്‍ വൈല്‍ഡ്ഷട്ടാണ് 1981 മുതല്‍ 1993 വരെയുള്ള കാലയളവില്‍ തന്റെയടുത്ത് ചികിത്സയ്ക്ക് എത്തിയവര്‍ക്ക് സ്വന്തം ബീജം നല്‍കിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് ജാന്‍ വൈല്‍ഡ്ഷട്ടാണ് 17 കുട്ടികളുടെയും അച്ഛനെന്ന് തിരിച്ചറിഞ്ഞത്. ഇദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
ചികിത്സയ്ക്ക് എത്തിയ മാതാപിതാക്കളെ അറിയിക്കാതെ കൃത്രിമ ഗര്‍ഭധാരണത്തിന് സ്വന്തം ബീജം ഗൈനക്കോളജിസ്റ്റ് ഉപയോഗിച്ചതായി ഡച്ച് ആശുപത്രി അധികൃതര്‍ കണ്ടെത്തി. ഇത് ധാര്‍മികമായി തെറ്റാണെന്ന് ആശുപത്രി അറിയിച്ചു. അതേസമയം 17 കുട്ടികളും ജാന്‍ വൈല്‍ഡ്ഷട്ടിന്റെ കുടുംബവും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.
ഡോക്ടര്‍ സ്വന്തം ബീജം കൃത്രിമ ഗര്‍ഭധാരണത്തിന് വരുന്നവര്‍ക്ക് നല്‍കുന്നത് രാജ്യത്ത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞവര്‍ഷം ജാന്‍ കര്ബാട്ട് എന്ന ഡോക്ടര്‍ തന്റേതാണെന്നു പറയാതെ ബീജം നല്കി 49 കുട്ടികളുടെ പിതാവായതും ഡി.എന്‍.എ പരിശോധനയിലൂടെയാണ്. 2019ല്‍ കൊളറാഡോയിലെ ഗൈനക്കോളജിസ്റ്റ് സ്വന്തം ബീജം ഒരു യുവതിക്ക് കൃത്രിമ ഗര്‍ഭധാരണത്തിന് നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു.