ദമാം: ചാരപ്രവര്‍ത്തനം നടത്തിയതിന് 33 പേര്‍ സഊദിയില്‍ പിടിയില്‍. ഇറാന്‍, ഇസ്‌റാഈല്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചാരന്മാരെയാണു മൂന്നുവര്‍ഷത്തിനുള്ളില്‍ പിടികൂടിയതെന്ന് ഉന്നത അധികൃതരെ ഉദ്ധരിച്ചു പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 30 പേര്‍ സഊദി പൗരന്മാരാണ്. മറ്റുള്ളവര്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ജോര്‍ദാന്‍ സ്വദേശികളാണ്. ഇവരില്‍ ഒരാള്‍ മാത്രമാണ് ഇസ്‌റാഈലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചത്. ബാക്കി 32 പേരും ഇറാനു വേണ്ടിയാണ് ചാരപ്രവര്‍ത്തനം നടത്തിയിരുന്നത്.
ജോര്‍ദാനി പൗരന്‍ ഇസ്‌റാഈലി ഓഫിസറെയും ഇന്റലിജന്‍സ് വിഭാഗത്തെയും ബന്ധപ്പെട്ടതിനും മറ്റു നിര്‍ദേശങ്ങള്‍ തേടിയതിനും തെളിവുകള്‍ ലഭിച്ചു. തന്റെ പ്രവര്‍ത്തനത്തിനായി പണം കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ഒന്‍പത് വര്‍ഷത്തെ കഠിനതടവിനുശേഷം നാടുകടത്തലാണു കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
ഇറാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ 32 പേരുടെ കേസുകള്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്. രാജ്യത്ത് അനധികൃതമായി ചാര യൂനിറ്റുകള്‍ ഉണ്ടാക്കുക, രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെ രഹസ്യങ്ങള്‍ ചോര്‍ത്തുക, സഊദി സുരക്ഷാസേനയുടെയും ഫോഴ്‌സിന്റെയും രഹസ്യങ്ങള്‍ കൈമാറുക എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയ കേസുകള്‍. സഊദി സാമ്പത്തികമേഖല തകര്‍ക്കുക, സാമൂഹികാന്തരീക്ഷം ഭയാനകമാക്കുക, യുവാക്കളെ ഇതിനായി റിക്രൂട്ട് ചെയ്യുക തുടങ്ങിയ കേസുകളും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട് .
ഇറാന്‍ സുപ്രിം കൗണ്‍സില്‍ നേതാവ് അലി ഖാംനഇ യുമായും ഇറാന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായും കൂടിക്കാഴ്ചനടത്തിയതും തുടരെ ബന്ധപ്പെട്ടതും ഇവര്‍ക്കെതിരേ ആരോപിക്കപ്പെടുന്നുണ്ട്.
Comments are closed for this post.