2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചാച്ചാജി

   

 

ജവഹര്‍ലാല്‍ നെഹ്‌റു
1889 നവംബര്‍ 14 ന് അലഹബാദിലെ ആനന്ദഭവനിലാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജനനം. അതിസമ്പന്നരും സമൂഹത്തിലെ ഉന്നത സ്ഥാനീയരായിരുന്നു നെഹ്‌റുവിന്റെ മാതാപിതാക്കള്‍. ജവഹര്‍ എന്ന പേരിന്റെ അര്‍ഥം വിശിഷ്ട രത്‌നം എന്നാണ്. സ്വാതന്ത്ര്യ സമര നേതാവ്, തത്വചിന്തകന്‍, ചരിത്രകാരന്‍, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്നീ പദവികള്‍ അലങ്കരിച്ചു. ആധുനിക ഇന്ത്യയുടെ ശില്‍പി എന്ന വിശേഷണത്തിനുടമയാണ് നെഹ്‌റു. ഇന്ത്യയിലെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ബഹിരാകാശ ഗവേഷണങ്ങളും ഇംഗ്ലീഷ് ഭാഷയുടെ വ്യാപകവളര്‍ച്ചയും നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങളുടെ ഫലമാണ്. രാജ്യത്തെ കുടുംബാസൂത്രണ പദ്ധതിയും പഞ്ചായത്ത് രാജും കൊണ്ടു വന്നത് നെഹ്‌റുവാണ്. നമ്മുടെ രാജ്യത്തെ സുസ്ഥിര സാമ്പത്തിക പുരോഗതിക്കായി പഞ്ചവല്‍സര പദ്ധതികള്‍ നടപ്പിലാക്കിയത് നെഹ്‌റുവാണ്. നീണ്ട പതിനേഴു വര്‍ഷം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. മികച്ച എഴുത്തുകാരനും വാഗ്മിയും കൂടിയാണ് ജവഹര്‍ലാല്‍ നെഹ്‌റു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച രാത്രിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം വളരെ പ്രസിദ്ധമാണ് (എ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി).

ചേരിചേരാ നയം
ശീതയുദ്ധ കാലത്ത് അമേരിക്കയും റഷ്യയും ഇന്ത്യയെ അവരുടെ സഖ്യ കക്ഷിയാക്കാന്‍ പരിശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇരു രാജ്യത്തേയും പിണക്കാതെ നെഹ്‌റു ചേരിചേരാ നയം സ്വീകരിക്കുകയാണ് ചെയ്തത്. ചേരിചേരാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കാളിത്തം നെഹ്‌റുവിന്റേതായിരുന്നു.

ജയിലും എഴുത്തും
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയവേയാണ് നെഹ്‌റു തന്റെ പല പുസ്തകങ്ങളും രചിച്ചിട്ടുള്ളത്. ദ് ഡിസ്‌കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടെത്തല്‍), ഗ്ലിംപസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി (വിശ്വചരിത്രാവലോകനം), ലെറ്റേഴ്‌സ് ഫ്രം എ ഫാദര്‍ ദു ഹിസ് ഡോട്ടര്‍ (അച്ഛന്‍ മകള്‍ക്ക് അയച്ച കത്തുകള്‍), ടു വേള്‍ഡ് ഫ്രീഡം (ആത്മകഥ) എന്നിവയാണ് അദ്ദേഹത്തിന്റെ മുഖ്യകൃതികള്‍.

റോസാപ്പൂവിന്റെ രഹസ്യം

നെഹ്‌റുവിന്റെ പല ചിത്രങ്ങളില്‍ വിരിഞ്ഞു തുടങ്ങുന്ന ഒരു റോസാപ്പൂ കണ്ടിരിക്കുമല്ലോ. ഇതിന് നിരവധി കാരണങ്ങള്‍ പറയുന്നുണ്ട്. നെഹ്‌റു പൂക്കളെ ഒരുപാട് സ്‌നേഹിച്ചിരുന്നതിനാല്‍, ഭാര്യ കമലയുടെ മരണശേഷം അവരെ ഓര്‍മിക്കുവാന്‍, ഒരു ചടങ്ങില്‍വച്ച് ഒരു കൊച്ചു കുട്ടി നെഹ്‌റുവിന് സമ്മാനിച്ചതിനാല്‍ – ഇങ്ങനെ പോകുന്ന കാരണങ്ങള്‍.

ഒരച്ഛന്‍ മകള്‍ക്ക്
അയച്ച കത്തുകള്‍

” പൂര്‍വകാല സംസ്‌കാരങ്ങളെപ്പറ്റി ചിലതെല്ലാം നിന്നോടു പറയണമെന്നു ഞാന്‍ വിചാരിക്കുന്നു. എന്നാല്‍ അതിനു മുമ്പ് സംസ്‌കാരമെന്നാല്‍ എന്താണെന്നുള്ളതിനെപ്പറ്റി ഒരു സാമാന്യബോധം ആദ്യമായി ഉണ്ടായിരിക്കണം. സംസ്‌കരിക്കുക എന്നതിന് നന്നാക്കിത്തീര്‍ക്കുക, ശുദ്ധിയാക്കുക, ദുശ്ശീലങ്ങളെ നീക്കി സൗശീല്യം സമ്പാദിക്കുക എന്നെല്ലാം അര്‍ഥങ്ങള്‍ കാണാം….”

നെഹ്‌റു തന്റെ മകള്‍ ഇന്ദിരാപ്രിയദര്‍ശിനിക്ക് എഴുതിയ കത്തുകളാണ് ഒരച്ഛന്‍ മകള്‍ക്ക് അയച്ച കത്തുകള്‍. വളരെ വിജ്ഞാനപ്രദമായ ഈ പുസ്തകം അമ്പാടി ഇക്കാവമ്മ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

നെഹ്‌റു കുടുംബം

മാതാപിതാക്കള്‍- മോത്തിലാല്‍ നെഹ്‌റു, സ്വരൂപ് റാണി
സഹോദരിമാര്‍- വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹര്‍ത്തിസിങ്
ഭാര്യ- കമലാ കൗള്‍
മകള്‍- ഇന്ദിരാ പ്രിയദര്‍ശിനി
ചെറുമകന്‍- രാജീവ് ഗാന്ധി

തീന്‍മൂര്‍ത്തി ഭവന്‍

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയാണ് തീന്‍മൂര്‍ത്തി ഭവന്‍. രാഷ്ട്രപതിഭവന് സമീപത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

ഭാരത രത്‌നം

ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ഭാരത രത്‌നം ലഭിച്ചത് നെഹ്‌റു കുടുംബത്തിനാണ്. ജഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരില്‍ നെഹ്‌റുവിനും ഇന്ദിരാ ഗാന്ധിക്കും പ്രധാനമന്ത്രിയായിരിക്കുമ്പോഴും രാജീവ് ഗാന്ധിക്ക് മരണാനന്തര ബഹുമതിയായുമാണ് ഈ വിശിഷ്ട ബഹുമതി ലഭിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.