2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ചര്‍ച്ചകളില്ലാതെ ബില്‍ പാസാക്കല്‍ ഭരണഘടനാവിരുദ്ധം


ഇന്നായിരുന്നു പാര്‍ലമെന്റിന്റെ ഇരുസഭകളും വര്‍ഷകാല സമ്മേളനം കഴിഞ്ഞു പിരിയേണ്ടിയിരുന്നത്. എന്നാല്‍, ബുധനാഴ്ച അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ജൂലൈ 19 നു സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗാസസ് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കുകയായിരുന്നു. സര്‍ക്കാരാകട്ടെ പ്രതിപക്ഷ പ്രതിഷേധം അതിശക്തമായി ഉയര്‍ന്നിട്ടും പെഗാസസ് ചര്‍ച്ച ചെയ്യാന്‍ തയാറായതുമില്ല. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കൃഷി നിയമങ്ങള്‍, കൊവിഡ് രണ്ടാംഘട്ടം കൈകാര്യം ചെയ്തതിലെ പാളിച്ചകള്‍ എന്നിവ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇരുസഭയിലും പ്രതിഷേധിച്ചത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാര്‍ വിധേയമാകുന്നത് ഇതാദ്യമാണ്. പ്രതിപക്ഷാവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞു നിന്നതിനാല്‍ സഭാ നടപടികള്‍ മുമ്പോട്ട് പോയില്ല.

രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളോട് പ്രതികരിക്കവെ, രാജ്യസഭാ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു വിതുമ്പി. ഇതൊരു പതിവായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണയാണ് സഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഗദ്ഗദ കണ്ഠനായത്. ഗുലാം നബി ആസാദ് കാലവധി കഴിഞ്ഞു പോകുമ്പോള്‍ രാജ്യസഭ നല്‍കിയ യാത്രയയപ്പിലാണ് പ്രധാനമന്ത്രി രണ്ടാം തവണ കരഞ്ഞത്. അവിടെയൊരു കരച്ചിലിന്റെ ആവശ്യം ഉണ്ടാവാത്തതിനാലാവാം, പ്രധാനമന്ത്രിയുടെ വിങ്ങിക്കരച്ചില്‍ ഗുലാം നബി ആസാദിനെപ്പോലും അത്ഭുതപരതന്ത്രനാക്കി. ഇപ്പോഴിതാ രാജ്യസഭാ അധ്യക്ഷനും വിതുമ്പിയിരിക്കുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് നടപടികള്‍ യഥാവണ്ണം നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വന്നതാണ് ആര്‍.എസ്.എസ് പശ്ചാത്തലത്തില്‍നിന്നു വന്ന എം. വെങ്കയ്യനായിഡുവിനെ കരയിപ്പിച്ചത്. ജനാധിപത്യത്തിന്റെ തൂണുകളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയറിനെ കൂട്ടുപിടിച്ചു എന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷാവശ്യം നിരാകരിച്ചതിനാലാണ് സഭാ നടപടികള്‍ സ്തംഭിച്ചതെന്ന് രാജ്യസഭാ അധ്യക്ഷന്‍ ഓര്‍ക്കാതെ പോയി.

ഇന്ത്യന്‍ ജനാധിപത്യം താങ്ങി നിര്‍ത്തുന്നതിന്റെ പ്രതിനിധികളായ ന്യായാധിപന്മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഫോണുകളിലേക്ക് നുഴഞ്ഞുകയറി രഹസ്യം ചോര്‍ത്തുകയും അവിടെ അവരറിയാതെ തീവ്രവാദ, വിധ്വംസക ആശയങ്ങള്‍ അവരുടേതാക്കി കുത്തിക്കയറ്റി അതിന്റെ പേരില്‍ ജഡ്ജിമാരെയും സമുന്നതരായ രാഷ്ട്രീയ, മാധ്യമപ്രവര്‍ത്തകരെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ നടത്തിയ നിഗൂഢ പദ്ധതിയായിരുന്നില്ലേ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍. ഇതിലൂടെ ഇന്ത്യന്‍ ജനാധിപത്യ സംവിധാനം തന്നെ അട്ടിമറിക്കാമെന്ന സ്വപ്നമാണ് പൊലിഞ്ഞത്. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന് വേണ്ടിയാണ് പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ എന്തുകൊണ്ട് സഭയില്‍ അത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പ്രതിപക്ഷം പറയുന്നതില്‍ സത്യമില്ലെങ്കില്‍ സത്യാവസ്ഥ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാവുകയായിരുന്നില്ലേ വേണ്ടിയിരുന്നത്. ചര്‍ച്ചക്ക് സമ്മതിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ നിന്ന് പൊതുസമൂഹം എന്താണ് മനസിലാക്കേണ്ടത്.

ജനാധിപത്യം നിലനിന്നാലല്ലേ ജനാധിപത്യത്തിന്റെ ശ്രീകോവിലിന് പ്രസക്തിയുള്ളൂ. പെഗാസസ് സംബന്ധിച്ച് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടത് ജനങ്ങള്‍ക്കുവേണ്ടിയാണ്. പെഗാസസിന്റ നുഴഞ്ഞുകയറ്റത്തിന് ഇരയായ ഫ്രാന്‍സ് അടക്കമുള്ള രാഷ്ട്രങ്ങള്‍ ഇതിനകം അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അതു സംബന്ധിച്ച ചര്‍ച്ച പോലും പാടില്ലെന്ന് സര്‍ക്കാര്‍ ശഠിക്കുമ്പോള്‍, സര്‍ക്കാരിന് എന്തോ ഒളിക്കാനുണ്ടെന്ന സന്ദേശമാണ് പൊതുസമൂഹത്തിന് കിട്ടുന്നത്.

ചര്‍ച്ചകളോട് മുഖം തിരിച്ച സര്‍ക്കാര്‍ പല ബില്ലുകളും ചര്‍ച്ച കൂടാതെയാണ് പാസാക്കിയത്. ഇത് സഭാചട്ടങ്ങളുടെ ലംഘനവും ഭരണഘടനാവിരുദ്ധവുമാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണല്ലോ സഭ ചര്‍ച്ച ചെയ്യുന്നത്. അത്തരം സംവാദങ്ങളെ അവഗണിച്ച്, ചര്‍ച്ച കൂടാതെ സര്‍ക്കാര്‍ തന്നിഷ്ടപ്രകാരം ബില്ലുകള്‍ പാസാക്കുന്നത് ഭരണഘടനയുടെ നൂറ്റി ഏഴാം അനുഛേദത്തിന് എതിരാണ്. അനുഛേദം 107 അനുസരിച്ച് ഒരു ബില്‍ പാസാക്കുവാന്‍ ഇരുസഭകളും അനുവാദം നല്‍കണം. അതിന്റെ വിശദാംശങ്ങള്‍ മനസിലാക്കണം. അതിന് ചര്‍ച്ച നടക്കണം. ഇവിടെ അതില്ലാതെയാണ് ഒ.ബി.സി ബില്‍ ഒഴികെയുള്ള ബില്ലുകളെല്ലാം പാസാക്കിയത്. അതിനാല്‍ അവയൊക്കെയും ഭരണഘടനാവിരുദ്ധവുമാണ്. രാജ്യത്തെ സംബന്ധിക്കുന്ന, ജനങ്ങളെ ബാധിക്കുന്ന ഏതൊരു പ്രശ്‌നവും സഭയില്‍ ചര്‍ച്ച ചെയ്‌തേ പറ്റൂ. സര്‍ക്കാരിന്റെ ഭാഗം ജനങ്ങളോട് വിശദീകരിക്കാനുള്ളതാണ് സഭ. ആ ബാധ്യതയില്‍ നിന്നാണ് സര്‍ക്കാര്‍ ഓടിയൊളിച്ചിരിക്കുന്നത്. പെഗാസസ് ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെയും ന്യായാധിപന്മാരുടെയും ഫോണുകള്‍ ചോര്‍ത്തിയിട്ടില്ലെങ്കില്‍ സഭയില്‍ അതു ചര്‍ച്ച ചെയ്യാന്‍ എന്തിന് മടിക്കണം. ഇതൊക്കെ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഈ അവകാശത്തിനുവേണ്ടിയാണ് പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളില്‍ ഇരുസഭകളിലും പോരാടിക്കൊണ്ടിരുന്നത്. ഇന്ത്യ, ജനാധിപത്യ രാഷ്ട്രമായി നിലകൊള്ളണമോ എന്ന ഗുരുതരമായ ചോദ്യമാണ് പെഗാസസ് ഉയര്‍ത്തുന്നത്. അത് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തേ പറ്റൂ എന്ന പ്രതിപക്ഷാവശ്യത്തിനുമേല്‍ സഭാനടപടികള്‍ തടസപ്പെടുന്നുണ്ടെങ്കില്‍, അതില്‍ യാതൊരു പ്രസക്തിയുമില്ല.

ഇന്ത്യ മതേതര ജനാധിപത്യ രാഷ്ട്രമായി തുടരണമെന്ന മഹത്തായ ദൗത്യത്തിലാണ് കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിപക്ഷം ഏര്‍പ്പെട്ടത്. ഈയൊരു കാഴ്ചപ്പാടിലൂടെ വേണം കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തെ കാണാന്‍. ഈ സന്ദര്‍ഭം ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള അവസരങ്ങളായി ഭരണകൂടം തെരഞ്ഞെടുത്തത്, ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണ്.
ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കും ഉല്‍ക്കണ്ഠകള്‍ക്കും പരിഹാരം തേടുന്നത് പാര്‍ലമെന്റിലൂടെയാണ്. ഇത്തരം ആവശ്യങ്ങളും ഉല്‍ക്കണ്ഠകളും ജനങ്ങള്‍ സഭയില്‍ ഉയര്‍ത്തുന്നത് അവര്‍ തെരഞ്ഞെടുത്തയച്ച പ്രതിനിധികളിലൂടെയാണ്. സര്‍ക്കാര്‍ ഭാഗത്തുനിന്നും ഇത്തരം ആവശ്യങ്ങളിന്മേല്‍ സഹകരണാത്മകമായ സമീപനമായിരുന്നില്ല കഴിഞ്ഞ സഭാസമ്മേളനത്തില്‍ ഉണ്ടായിരുന്നത്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെ ബില്ലുകള്‍ പാസാക്കിയതിനുശേഷം സഭാ അധ്യക്ഷന്‍ വിതുമ്പുന്നതില്‍ എന്തര്‍ഥം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.