2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചരിത്രത്തെ വളച്ചൊടിച്ച് വിശുദ്ധമാക്കുന്നു

ഐ.സി.എച്ച്.ആറിന്റെ കുറിപ്പിൽ ധർമം എന്ന പദത്തെയും ആശയത്തെയും വളരേ പൗരാണിക ധർമാശയങ്ങളിൽനിന്ന് തികച്ചും വിഭിന്നമായിക്കൊണ്ട് ആധുനികമായി അവതരിപ്പിക്കുന്നത് കാണാം. ധർമ സംബന്ധിയായി വളരെ ഉന്നത കാഴ്ചപ്പാടാണ് ഇതിലുള്ളത്. അഹിംസ, കരുണ, തന്മയീഭാവം എന്നിങ്ങനെയുള്ള സദ്ഗുണങ്ങളെയെല്ലാം ധർമങ്ങളുടെ പട്ടികയിൽ പെടുത്തുകയും ഈ ധർമങ്ങളാണ് സമൂഹത്തെ മുന്നോട്ടു നയിച്ചതെന്നും പറയുന്നു. എന്നിരുന്നാലും പൗരാണിക രാഷ്ട്രസമൂഹത്തിൽ ധർമങ്ങൾ എന്നതുകൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിച്ചത് ഈ സദ്ഗുണങ്ങളൊന്നുമായിരുന്നില്ല. പകരം, അന്നത്തെ സമൂഹത്തെ സംബന്ധിച്ചിടത്തോളം ധർമം എന്നാൽ വർണാശ്രമ ധർമം അഥവാ ചാതുർവർണ്യ വ്യവസ്ഥയായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഈ കുറിപ്പിൽ ഒന്നും എഴുതിക്കാണുന്നുമില്ല.

പൗരാണിക സമൂഹത്തിൽ ധർമം സംരക്ഷിക്കാനുള്ള കടമ രാജാവിനായിരുന്നു. ജനങ്ങൾ ജാതിവ്യവസ്ഥ പ്രകാരം നിഷ്‌കർഷിക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നുണ്ടോ എന്നത് നിരീക്ഷിക്കാനും ആ വ്യവസ്ഥക്കെതിരേ പ്രവർത്തിക്കുന്നവരെ അല്ലെങ്കിൽ അതിനു വിഘ്‌നം വരുത്തുന്നവരെ ശിക്ഷിച്ചുകൊണ്ട് ധർമം പുനഃസ്ഥാപിക്കലുമായിരുന്നു രാജാവിന്റെ പ്രധാന കർത്തവ്യം. ഇങ്ങനെയാണ് പുരാതന നിയമഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നത്. ദണ്ഡ അഥവാ ശിക്ഷാവിധി എന്നത് പൗരാണിക രാഷ്ട്രീയത്തിൽ രാജാവിന്റെ പ്രധാനകർത്തവ്യങ്ങളിൽ ഒന്നായാണ് കണക്കാക്കിപ്പോന്നത്. അതിനാൽതന്നെ അക്കാലത്തെ രാഷ്ട്രീയം ദണ്ഡനീതി എന്ന പേരിലും അറിയപ്പെട്ടിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളിൽ ധാർമികമായി എങ്ങനെ പ്രവർത്തിക്കണമെന്ന പരാമർശങ്ങൾ മാനവ ധർമശാസ്ത്ര അല്ലെങ്കിൽ മനുസ്മൃതി, മഹാഭാരതത്തിലെ ശാന്തിപർവം, അർഥശാസ്ത്രം എന്നീ കൃതികളിൽ വ്യക്തമായി കാണാം.

സംക്ഷിപ്തമായാണെങ്കിലും ധർമത്തെക്കുറിച്ചും ബന്ധപ്പെട്ട സദ്ഗുണങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിച്ചതിനുശേഷം ഐ.സി.എച്ച്.ആർ കുറിപ്പ് പറയാൻ ശ്രമിക്കുന്നത് പുരാതന ഇന്ത്യയിലെ രാഷ്ട്രസംവിധാനം രാജഭരണത്തിൽ അധിഷ്ഠിതമായിരുന്നില്ല എന്നാണ്. ഇതിനെ ന്യായീകരിക്കുന്നതാവട്ടെ ആധുനിക രാഷ്ട്രസംവിധാനത്തിന്റെ ഭാഗമായുള്ള മന്ത്രിസഭകൾ അല്ലെങ്കിൽ പ്രതിനിധി സഭകൾ സഭ, അല്ലെങ്കിൽ സമിതി എന്ന പേരിൽ പൗരാണിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ‘ഭരണകൂട ഘടകങ്ങളാ’യി നിലനിന്നിരുന്നു എന്നു കാണിച്ചാണ്. സഭ, സമിതി എന്നിവയെ സംബന്ധിച്ചു കുറിപ്പിൽ പറയുന്ന ഭാഗം പൂർണമായും ആർ.സി മജുംദാർ എഡിറ്റു ചെയ്ത ദ ഹിസ്റ്ററി ആൻഡ് കൾച്ചർ ഓഫ് ദി ഇന്ത്യൻ പീപ്പിൾ എന്ന പുസ്തകത്തിന്റെ ആദ്യ വാല്യത്തിൽ നിന്ന് എടുത്തതാണെന്നാണ് മനസ്സിലാവുന്നത്. ഈ പുസ്തകത്തിലെ 356-357 പുറങ്ങളിലായി വി.എം ആപ്‌തെ എഴുതിയ പൊളിറ്റിക്കൽ ആൻഡ് ലീഗൽ ഇൻസ്റ്റിറ്റ്യൂഷൻ എന്ന ലേഖനത്തിൽ ഇൗ വാക്യങ്ങൾ കാണാവുന്നതാണ്. ഇതേ പുസ്തകത്തിൽ ഉപയോഗിച്ചിട്ടുള്ള ഋഗ്വേദ സ്‌തോത്രം കൂടെ ചേർത്തുകൊണ്ടാണ് പ്രസ്തുത കുറിപ്പ് അവസാനിക്കുന്നത്. എന്നാൽ ആധാരസ്രോതസ്സായി നൽകിയിട്ടുള്ളതാവട്ടെ ഘോഷ് എന്ന പേരുമാണ്.

   

ഇത്തരം കടമെടുക്കലുകൾ നടത്തിയതിലും ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. സൗകര്യപൂർവം ചില വാക്കുകളെ വിട്ടുകളഞ്ഞു കൊണ്ടാണ് കുറിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരുപക്ഷേ, ഐ.സി.എച്ച്.ആർ കുറിപ്പിന്റെ പ്രഖ്യാപിത ലക്ഷ്യത്തിൽനിന്നു വഴുതിമാറാതിരിക്കാനാവാം ചില വാക്കുകളെ ഇത്തരത്തിൽ വിട്ടുകളഞ്ഞത്. ഉദാഹരണത്തിന്, ഋഗ്വേദത്തിൽ തുടർച്ചയായി ഉപയോഗിച്ചിരിക്കുന്ന പദമാണ് ‘സഭ’ എന്നത്. ഈ പദംകൊണ്ട് രണ്ട് അർഥങ്ങൾ പ്രത്യക്ഷമായി തന്നെ ഋഗ്വേദത്തിൽ കടന്നുവരുന്നുണ്ട്. യോഗത്തിൽ സന്നിഹിതരായവർ എന്നും വിശാലമായ നടുത്തളം എന്നിങ്ങനെയാണവ. മുകളിൽ സൂചിപ്പിച്ച പുസ്തകത്തിലെ വി.എം ആപ്‌തെയുടെ ലേഖനത്തിലും ഈ രണ്ട് അർഥങ്ങളും പരാമർശിക്കുന്നുമുണ്ട്. വേദിക് ഇൻഡക്‌സിലും ഇതേ അർഥങ്ങൾ തന്നെയാണ് നൽകിയിട്ടുള്ളത്. കൂടാതെ, ഇത്തരത്തിലുള്ള വിശാല നടുത്തളങ്ങൾ ചൂതുകളിയുടെ പ്രധാനവേദിയായിരുന്നു എന്നും വേദിക് ഇൻഡക്‌സിൽ പറയുന്നുണ്ട്. എന്നാൽ ഐ.സി.എച്ച്.ആറിന്റെ കുറിപ്പിലേക്കെത്തുമ്പോൾ ‘നടുത്തളം’ എന്ന അർഥത്തെ പൂർണമായും തഴയുകയും സഭ എന്നാൽ ‘ജനാധിപത്യ ഊർജത്തോടെയുള്ള ജനകൂട്ടായ്മ’ എന്ന അർഥത്തിൽ മാത്രം നിക്ഷിപ്തമാക്കുന്നതായും കാണാം. അഥവാ, ഐ.സി.എച്ച്.ആറിനെ സംബന്ധിച്ചിടത്തോളം സഭ എന്നതിന് അവർ ഉദ്ദേശിച്ച വിവക്ഷ മാത്രം മതിയെന്നു സാരം.

വേദിക് ഇൻഡക്‌സിൽ ഹിലെബ്രാൻഡ് എഴുതുന്നത്, സഭയും സമിതിയും വ്യക്തമായി വേർതിരിക്കാനാവില്ല എന്നാണ്. കൂടാതെ ഈ യോഗങ്ങളിൽ പങ്കെടുക്കുന്നതാവട്ടെ ഉത്തമകുലജാതർ (സുജാതർ) മാത്രമായിരിക്കും. താഴ്ന്ന ജാതികളിൽ പെട്ട ദാസ്യർക്കോ ശൂദ്രർക്കോ ഇത്തരം സഭകളിൽ പങ്കെടുക്കാൻ അവകാശമില്ല. ആർ.എസ് ശർമ്മ തന്റെ വിമർശനാത്മക പഠനമായ ആസ്‌പെക്ട്‌സ് ഓഫ് പൊളിറ്റിക്കൽ ഐഡിയാസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻ ആൻഷ്യന്റ് ഇന്ത്യയിൽ വ്യക്തമാക്കുന്നത് സഭ എന്നാൽ ബ്രാഹ്മണരും മുതിർന്നവരും മാത്രം ഉൾപ്പെട്ട വേദികളായിരുന്നു എന്നതാണ്. ഇതാവട്ടെ ഐ.സി.എച്ച്.ആർ അവകാശപ്പെടുന്നതിനു നേർവിരുദ്ധവുമാണ്. ഐ.സി.എച്ച്.ആർ കുറിപ്പിൽ പറയുന്നതിങ്ങനെ: ‘പ്രഭുവർഗം എന്ന ആശയമേ ഇന്ത്യൻ സമൂഹത്തിൽ ഇല്ലായിരുന്നു. ഭാരതീയ ജനത സമത്വത്തിന്റെ സന്ദേശം മനസ്സാവഹിച്ചവരുമായിരുന്നു’.

ബേനി പ്രസാദ് തന്റെ ദ സ്റ്റേറ്റ് ഇൻ ആൻഷ്യന്റ് ഇന്ത്യ എന്നതിൽ പറയുന്നത് വളരെ രസകരമായ നിരീക്ഷണമാണ്. അതിങ്ങനെ: ‘ഇവിടെയുണ്ടായിരുന്ന ജാതിവ്യവസ്ഥ സമൂഹത്തെ വിഭജിച്ചുകൊണ്ട് ഇല്ലാതാക്കിയത് ജനാധിപത്യത്തിന്റെ സാധ്യതയെ മാത്രമല്ല പ്രഭുവാഴ്ചയുടെ സാധ്യതയെ കൂടിയായിരുന്നു. ജനാധിപത്യവും പ്രഭുവർഗാധിപത്യവുമില്ലാതിരുന്നതോടെ രാജഭരണം ഇവിടുത്തെ പ്രധാന ഭരണവ്യവസ്ഥിതിയായി മാറി’. ആർ.സി മജുംദാറിൻ്റെയും ബേനി പ്രസാദിൻ്റെയും എഴുത്തുകൾ ഇന്ത്യയുടെ പുരാതന സംവിധാനങ്ങളെ മഹത്വവത്കരിക്കുന്ന മനോഭാവത്തോടെയുള്ളവ തന്നെയാണ്. എന്നാൽ അവർ പോലും ചില നിയന്ത്രണങ്ങൾ അക്കാര്യത്തിൽ കാണിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ‘പൗരാണിക രേഖകളിലും പദങ്ങളിലും ആധുനികവും തൽപരാശയങ്ങളും കണ്ടെത്താൻ ശ്രമിക്കുന്ന തരത്തിലുള്ള വായനകളുടെ അപകടത്തെ’ കുറിച്ച് ബേനി പ്രസാദ് മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രസ്തുത സാഹചര്യത്തിൽ ഐ.സി.എച്ച്.ആർ ചെയ്യേണ്ടത് ബേനി പ്രസാദിന്റെ മുന്നറിയിപ്പ് ഉൾക്കൊണ്ട് പൗരാണിക ഇന്ത്യൻ ചരിത്രത്തിലെ ആശയങ്ങളെല്ലാംതന്നെ ആധുനികാശയങ്ങളായി അവതരിപ്പിക്കുന്ന രീതിയിലുള്ള ചരിത്ര ‘തിരുത്തലുകളിൽ’ നിന്ന് വിട്ടുനിൽക്കുക എന്നതാണ്.
(അവസാനിച്ചു)
(പഞ്ചാബ് െഎസറിൽ മുൻ അധ്യാപകനായ ലേഖകൻ ദ വയറിൽ എഴുതിയത്)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.