കഴിഞ്ഞ ദിവസം അമേരിക്കയും ഇസ്റാഈലും ഒപ്പു വച്ച സൈനിക കരാറിനെ ചരിത്രപരമെന്നാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. യുഎസ് ഒരു വിദേശ രാഷ്ട്രത്തിന് നല്കുന്ന ഏറ്റവും വലിയ സൈനിക ധനസഹായമാണ് കരാറിലൂടെ സംഭവിക്കുന്നത്. ഫലസ്തീനിനും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ക്കും എതിരേയുള്ള ഏറ്റവും വലിയ അമേരിക്കന്‍ വഞ്ചനയായും കരാറിനെ അടയാളപ്പെടുത്താവുന്നതാണ്. ഇരകള്‍ക്കൊപ്പം പായുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന അമേരിക്കന്‍ ഇരട്ടത്താപ്പ് ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുകയാണ്. 3800 കോടി അമേരിക്കന്‍ ഡോളറിന്റെ ധനസഹായമാണ് കരാറിലൂടെ ഇസ്റാഈലിന് ലഭിക്കുക. മിസൈല്‍ നിരോധനത്തിനായി വര്‍ഷം തോറും 60 കോടി ഡോളറിന്റെ ധനസഹായം അമേരിക്ക ഇസ്റാഈലിന് ഇപ്പോള്‍ തന്നെ നല്‍കിവരുന്നുണ്ട്. ഈ ധനസഹായത്തോടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക സജ്ജീകരണങ്ങളുള്ള രാജ്യമായി ഇസ്റാഈല്‍ മാറും. ഇതുകൊണ്ടാണ് കരാറിനെ ചരിത്രപരമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു വിശേഷിപ്പിച്ചത്.
ഈ കരാറിലെ ഏറ്റവും നീചമായ തമാശ, അപകടകാരികളായ അയല്‍ രാഷ്ട്രങ്ങളില്‍ നിന്നും ഇസ്റാഈലിന് ഈ ധനസഹായം സുരക്ഷ നല്‍കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വാക്കുകളാണ്. ഇസ്റാഈലിന്റെ കുടിയേറ്റ വ്യാപന നടപടികളടക്കം പലതിനെയും അടുത്തിടെ വിമര്‍ശിച്ചു പോന്ന ഒബാമ അങ്ങിനെയെല്ലാം പറഞ്ഞത് ലോകരാഷ്ട്രങ്ങളെ വഞ്ചിക്കാനായിരുന്നു. ലോകത്തിന്റെ കണ്ണില്‍ നല്ലപിള്ള ചമയാനുള്ള അടവുകളായിരുന്നു. കഴിഞ്ഞ പത്ത് മാസമായി ഈ കരാറിന്റെ വിശദാംശങ്ങളെ കുറിച്ച് അണിയറയില്‍ ചര്‍ച്ച നടക്കുകയായിരുന്നു. ഇസ്റാഈലിനുള്ള യുദ്ധവിമാനത്തിന്റെ പ്രഹരശേഷിയും സാങ്കേതിക വിദ്യയും വര്‍ധിപ്പിച്ച് നല്‍കാനും കരസേനയ്ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അമേരിക്കയുമായുള്ള ബന്ധത്തിന്റെ ആഴമാണ് കരാര്‍ വ്യക്തമാക്കുന്നതെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും അപകടകാരികളായ അയല്‍ക്കാരില്‍ നിന്നും ഇസ്റാഈലിന് സുരക്ഷ നല്‍കുമെന്ന് ബറാക് ഒബാമയും പറയുമ്പോള്‍ ഇസ്റാഈലിന്റെ അപകടകാരികളായ അയല്‍ക്കാര്‍ ആരാണെന്ന് അമേരിക്ക വെളിപ്പെടുത്തേണ്ടതുണ്ട്. ഇതുവഴി ഇരുരാജ്യങ്ങളുടെയും തനിനിറമാണ് വെളിപ്പെടുന്നത്. അമേരിക്ക-ഇറാന് ആണവ കരാറിനെ എതിര്‍ത്തുകൊണ്ട് നെതന്യാഹു അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗം വെറും നാടകമായിരുന്നു.
2015 മാര്‍ച്ചില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫും തമ്മില്‍ നടന്ന ഇറാന് ആണവ ചര്‍ച്ച സ്വിറ്റ്സര്‍ലന്റിലെ മോണ്ടോയില് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നെതന്യാഹു അമേരിക്കന്‍ കോണ്‍ഗ്രസില്‍ ആണവകരാറിനെതിരേ പ്രസംഗിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്പീക്കര്‍ ബോണ്‍ ബോണറാണ് നെതന്യാഹുവിനെ ക്ഷണിച്ചുവരുത്തിയത്. ഫലസ്തീന് ജനതയെ കൊന്നൊടുക്കുന്നതില്‍ ഇസ്രാഈലിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്നത് പോലെ തന്നെയാണ് അമേരിക്കയിലെ റിപ്ലബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും. അമേരിക്ക ഒളിഞ്ഞ് ആക്രമിക്കുന്നു; ഇസ്റാഈല്‍ നേരിട്ട് ആക്രമിക്കുന്നു.
അമേരിക്കയിലെ നിര്‍ണായകശക്തിയാണ് ജൂതര്‍. അവരുടെ താല്പര്യങ്ങള്ക്കനുസൃതമായി മാത്രമേ അമേരിക്കയുടെ നയതന്ത്ര രൂപീകരണങ്ങള്‍ നടക്കൂ. ഇസ്റാഈല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാലാം പ്രാവശ്യവും മത്സരിച്ച നെതന്യാഹു അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിമുഖീകരിക്കാനെത്തിയത്. തീവ്ര സയണിസ്റ്റുകളുടെ ഏറ്റുമുട്ടലുകളാണ് ഇസ്റാഈല്‍ തെരഞ്ഞെടുപ്പുകള്‍. വംശവെറിയും സയണിസ്റ്റ് ഗൂഢതാല്പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനും അതുവഴി വോട്ടു നേടാനും കൂടിയായിരുന്നു നെതന്യാഹുവിന്റെ അമേരിക്കന്‍ സന്ദര്‍ശനം. ഇറാന്-അമേരിക്ക ആണവചര്‍ച്ച വഴി ഇറാന് ആണവായുധങ്ങള്‍ നിര്‍മിക്കുമെന്നും ഇത് ഇസ്റാഈനു മാത്രമല്ല, ലോകത്തിന് തന്നെ ഭീഷണിയാകുമെന്നായിരുന്നു നെതന്യാഹു അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിച്ചത്. ഒബാമയും നെതന്യാഹുവും തമ്മിലുള്ളത് ആഴത്തിലുള്ള ബന്ധമാണെന്ന് അപ്പോള്‍ ആരും അറിഞ്ഞില്ല. തൊണ്ണൂറുകളിലും ഇതേപോലെ കുപ്രചരണം നടത്തിയ ആളാണ് നെതന്യാഹു. ഇറാന് ബാലസ്റ്റിക് മിസൈലുകള്‍ നിര്‍മിച്ച് വരികയാണെന്നും അമേരിക്ക പോലും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് അമേരിക്കയെ പോലും പേടിപ്പിച്ചു കളഞ്ഞു ഈ സയണിസ്റ്റ് ഭീകരന്! അമേരിക്കയ്ക്ക് മുന്‍തൂക്കമുള്ള അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി പലതവണ ഇറാനില്‍ പരിശോധന നടത്തിയിട്ടും ഇസ്റാഈലിന്റെ ചാര സംഘടനയായ മൊസാദ് അന്വേഷണം നടത്തിയിട്ടും ആണവായുധത്തിന്റെ തരിപോലും ഇറാനില്‍ നിന്നു കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നത് വേറെ കാര്യം.
ഫലസ്തീന് ജനതയെ കൊന്നൊടുക്കുന്നതില്‍ മത്സരിക്കുന്നവരാണ് ഇസ്റാഈലിലെ ഭരണപക്ഷവും പ്രതിപക്ഷവും. ക്രൂരതയില്‍ ആരാണ് മുമ്പിലെന്നതിലേ സംശയമുള്ളൂ. അതറിയാനുള്ള യജ്ഞവും കൂടിയാകുന്നു ഇസ്റാഈലിലെ തെരഞ്ഞെടുപ്പുകള്‍. ഫലസ്തീനിലെ പിഞ്ചുകുട്ടികളെ പോലും പട്ടികളെ കൊണ്ട് കടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഗസ്സയില്‍ ലോകം കണ്ടത്. 2015 ജനുവരിയില്‍ ഗസ്സയില്‍ ഇസ്റാഈല്‍ നടത്തിയ കൂട്ടക്കുരുതിക്ക് നിസ്സഹായരായ ഫലസ്തീന് ജനത ഇരകളാക്കപ്പെട്ടു. ഇപ്പോള്‍ അമേരിക്ക നല്കുന്ന 3800 കോടിയുടെ ഡോളര്‍ സഹായം ആ ജനതയെ മുച്ചൂടും നശിപ്പിക്കാനായിരിക്കും ഉപയോഗപ്പെടുത്തുക. മരവിച്ച ലോക മനസാക്ഷിയുടെ മുമ്പില്‍ ഫലസ്തീന് ജനതയുടെ തേങ്ങലുകള്‍ ഒരു ചലനവും സൃഷ്ടിക്കാനും പോകുന്നില്ല. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ ആഭ്യന്തര കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും പിന്നീട് മധ്യസ്ഥത ചമഞ്ഞ് ഒരു വിഭാഗത്തെ സഹായിച്ച് ആയുധങ്ങള്‍ വിറ്റഴിക്കുകയുമാണ് അമേരിക്കന്‍ രീതി. അതുവഴി കിട്ടുന്ന ഡോളറുകളാണ് ഇസ്റാഈലിനെ ‘കൊഴുപ്പിക്കാന്‍’ നല്‍കുന്നതും.
നിര്‍ഭാഗ്യവശാല്‍ അമേരിക്കയുടെ ഇത്തരം കുതന്ത്രങ്ങള്‍ക്ക് നേരെ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ കണ്ണടക്കുകയും ചെയ്യുന്നു. അറബ് ഐക്യമെന്നത് മരീചികയായി തുടരുന്നത് അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ ഗൂഢതന്ത്രങ്ങളുടെ ഭാഗമാണ്. സത്വത്തെ തിരിച്ചറിഞ്ഞ് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ അറബ് ഐക്യമെന്ന സ്വപ്നം എന്ന് യാഥാര്‍ഥ്യമാക്കുന്നുവോ അന്ന് മാത്രമേ അവര്‍ക്ക് സ്വസ്ഥതയുണ്ടാകൂ. അതുവരെ വംശീയ, മത, ഗോത്ര ചേരിത്തിരുവകളില് അഭിരമിച്ചു നാശത്തിന്റെ കുഴി തോണ്ടിക്കൊണ്ടേയിരിക്കും. ഇസ്രാഈലിനെതിരേ യു.എസില്‍ ഉയരുന്ന ഫലസ്തീന് ജനതയുടെ വേദനാ നിര്‍ഭരമായ ചുട് നെടുവീര്‍പ്പുകള്‍ പോലും വീറ്റോ അധികാരം കൊണ്ട് ഊതിക്കെടുത്തുന്ന അമേരിക്കയുടെ തേന്‍ പുരട്ടിയ വാക്കുകള്‍ മാത്രമായിരിക്കും പശ്ചിമേഷ്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുക. ഇസ്റാഈല്‍ എന്നും സാമ്രാജ്യ ശക്തികളുടെ മാനസ പുത്രനായിരിക്കും.
മൂലധന ശക്തികള്‍ക്കും സാമ്രാജ്യ ശക്തികള്‍ക്കും ഒരേ താല്പര്യങ്ങളാണ് ഉള്ളത്. അതിനാലാണ് കോര്‍പ്പറേറ്റുകളുടെ അധീനതയിലുള്ള വന്‍കിട മാധ്യമങ്ങളില്‍ ഫലസ്തീന്റെ രോദനങ്ങള്‍ ലോകം അറിയാതെ പോകുന്നത്. വംശവെറിയും അപര വിദ്വേഷവും ഉല്പാദിപ്പിച്ചും ഫാസിസ്റ്റ് നേതാക്കളുടെ വെറുപ്പിന്റെ ആശയങ്ങളെ ശരികളാക്കി പ്രചരിപ്പിച്ചും മുസ്ലിംകളെ ഭീകരരാക്കി ചിത്രീകരിച്ചും ലോകത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ആസുരകാലത്തിനൊരന്ത്യമുണ്ടാകുക തന്നെ ചെയ്യും.