
അബൂദബി: സൗരോര്‍ജം മാത്രം ഉപയോഗിച്ച് ലോകംചുറ്റിയ സോളാര്‍ ഇംപള്‍സ്-രണ്ട് വിമാനം ചരിത്രത്തില്‍ ഇടംപിടിച്ചു.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്പതിനു അബൂദബിയില്‍നിന്ന് യാത്രതിരിച്ച വിമാനം 17 ഘട്ടങ്ങളിലായി 42,000 കി.മി ദൂരം സഞ്ചരിച്ച് അബൂദബി അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ തിരിച്ചിറങ്ങി. ഒരുവര്‍ഷം നീണ്ട ചരിത്രദൗത്യത്തിനിടെ വിമാനം താണ്ടിയത് നാലു ഉപഭൂഖണ്ഡങ്ങളാണ്.
ആഘോഷപൂര്‍വമായ വരവേല്‍പ്പാണ് അബൂദബി വിമാനത്താവളത്തില്‍ സോളാര്‍ ഇംപള്‍സ്- രണ്ടിന് ഒരുക്കിയത്. ഭാവി പ്രതീക്ഷാനിര്‍ഭരമാണ്, ഇനി നിങ്ങളാണ് ഭാവി. ഞങ്ങള്‍ വിജയകരമാക്കിയ ദൗത്യം നമുക്ക് വ്യാപകമാക്കാം എന്നായിരുന്നു പൈലറ്റും സോളാര്‍ ഇംപള്‍സ് പദ്ധതിയുടെ ചുമതലക്കാരനുമായ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡിന്റെ ആദ്യ പ്രതികരണം. പൈലറ്റും പദ്ധതിയുടെ മറ്റൊരു ചുമതലക്കാരനുമായ ആന്‍ഡ്രേ ബ്രോഷ്ബെര്ഗാണ് ദൗത്യത്തില്‍ ബെര്‍ട്രാന്‍ഡ് പികാര്‍ഡിന്റെ പങ്കാളി.
2015 മാര്‍ച്ചില്‍ അബൂദബിയില്‍നിന്ന് പുറപ്പെട്ട് ഒമാന്‍, ഇന്ത്യ, മ്യാന്മര്, ചൈന, ജപ്പാന്, അമേരിക്ക, സ്പെയ്ന്‍, ഈജിപ്ത് രാജ്യങ്ങളിലൂടെയാണ് സോളാര്‍ ഇംപള്‍സ് ലോകംചുറ്റിയത്. മൂന്നുകടലുകളും രണ്ട് മഹാസമുദ്രങ്ങളും താണ്ടി. ലോകംചുറ്റാനായി പറന്നത് 500 മണിക്കൂറാണ്. ജപ്പാനിലെ നഗോയയില്‍ നിന്ന് അമേരിക്കയിലെ ഹവായിയിലേക്കുള്ള 8,924 കി.മി ദൂരമായിരുന്നു വിമാനം സഞ്ചരിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ ഘട്ടം. 118 മണിക്കൂറാണ് ഇതിന് എടുത്തത്. ഏറ്റവും കൂടുതല്‍ സമയം തുടര്‍ച്ചയായി വിമാനംപറത്തി ലോകറെക്കോര്‍ഡ് തിരുത്തുകയും ചെയ്തു. ശാന്ത സമുദ്രത്തിനുമുകളില്‍ രാവും പകലും തുടര്‍ച്ചയായി അഞ്ചു ദിവസങ്ങള്‍ പറന്നാണ് ഈ റെക്കോര്‍ഡ് തിരുത്തിയത്. വ്യോമയാന ചരിത്രത്തിലെ 19 റെക്കോര്‍ഡുകളും സോളാര്‍ വിമാനം തിരുത്തി. ഞായറാഴ്ച പുലര്‍ച്ചെ യു.എ.ഇ സമയം 3.29നാണ് വിമാനം ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍നിന്ന് അവസാനഘട്ട യാത്ര ആരംഭിച്ചത്.
ഭാരം കാറിനേക്കാള്‍ കുറവ്
27,000 അടി ഉയരത്തില്‍ മണിക്കൂറില്‍ 45 മുതല്‍ 90 കി.മി വരെ വേഗത്തില്‍ പറക്കാനാവുന്ന വിമാനമാണിത്. ഭാരം വലിയ കാറിനേക്കാള്‍ കുറവാണ് (1,600 കിലോഗ്രാം). ഇലക്ട്രിക് മോട്ടോറാണ് എന്ജിന്. ബോയിങ് 747ന്റെ ചിറകുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 17,000 സോളാര്‍ സെല്ലുകളാണ് ഊര്‍ജം ശേഖരിക്കാനായുള്ളത്. അഞ്ചുദിവസം വരെ ചാര്ജ്വാഹകശേഷിയുള്ള ബാറ്ററികള്‍ ഘടിപ്പിച്ചിട്ടുണ്ട്. 10 കോടിയിലേറെ ഡോളറാണ് വിമാനത്തിന്റെ ചെലവ്.