2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഘടികാരം നിലയ്ക്കുമ്പോള്‍

സമദ് പനയപ്പിള്ളി

ഘടികാരചതുരത്തിലെ 12 എന്നെഴുതിയ അക്കത്തിനു കീഴെ ഓടിത്തളര്‍ന്ന ഓട്ടക്കാരെപോലെ രണ്ട് സൂചികളും നിശ്ചലം നില്‍ക്കുന്നത് ആദ്യം കണ്ടത് ഗൃഹനാഥനാണ്. അയാളുടെ നോട്ടത്തെ പിന്തുടര്‍ന്ന വീട്ടുകാരി അന്നേരമൊരു ഗൗളിയെപോലെ ചുമരിലേക്ക് പിടിച്ചുകയറി ഘടികാരം കൈക്കലാക്കി.
വീട്ടുകാരിക്കറിയാം അയാളെന്ത് കണ്ടാലും കൊണ്ടാലും അനങ്ങില്ലെന്ന്. തൊട്ടതിനും പിടിച്ചതിനുമൊക്കെ അവരുടെ കൈ തന്നെ ചെല്ലണം. ചില ആണുങ്ങള്‍ അങ്ങനെയാണ്. അധികാരത്തിന്‍ ധാര്‍ഷ്ട്യം അധികമാകും. പുറമേക്ക് വലിയ ആദര്‍ശമൊക്കെ പറയുമെങ്കിലും കുടുംബത്തില്‍ ചെന്നാലറിയാം ഇവരുടെ തനിരൂപം.

ലോട്ടറി എടുക്കുംപോലെ ചിലര്‍ക്ക് അവരാഗ്രഹിക്കുന്ന ആണുങ്ങളെ കിട്ടുമെങ്കിലും അതും ലക്ഷത്തില്‍ ഒരെണ്ണമൊക്കെയേ ഉണ്ടാകൂ. ബാക്കിയൊക്കെ ഒത്തുതീര്‍പ്പാണ്. ഇഷ്ടപ്പെട്ടതിനെ കിട്ടിയില്ലെങ്കില്‍ കിട്ടിയതിനെ ഇഷ്ടപ്പെടുകയെന്ന ഒത്തുതീര്‍പ്പ്. എന്നാലും ഭൂരിപക്ഷം ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ വെച്ചുവിളമ്പാനും അലക്കാനും ഇണചേരാനുമുള്ള യന്ത്രങ്ങളാണ്.
ഈയൊരു കാഴ്ചയ്ക്കും കാഴ്ചപ്പാടിനുമൊന്നും പന്തീരാണ്ടു കൊല്ലമായാലുമൊരു മാറ്റവും പ്രതീക്ഷിച്ചു കൂടാ. ചില പെണ്ണുങ്ങളും ആണുങ്ങളുമൊക്കെ സ്ത്രീപക്ഷവാദങ്ങള്‍ നിരന്തരം ഉന്നയിക്കുമെങ്കിലും അവരൊക്കെ അവര്‍ക്ക് മുമ്പെ ഇതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ ആത്മാര്‍ഥമായി നടന്നവരുടെ അനുകരണക്കാരാണ്.

സൂത്രത്തില്‍ പെരുമയാര്‍ജിക്കാനുള്ള കെട്ടിയാടലുകളാണ് ഈ സ്ത്രീപക്ഷവാദവും പരിസ്ഥിതിവാദവുമൊക്കെയെന്ന് മണ്ടയ്ക്കകത്തു വെട്ടമുള്ളആര്‍ക്കാ പിടികിട്ടാത്തത്. അല്ലാതെ ഇതിലൊന്നുമൊരു കഥയുമില്ല. ചില ആണുങ്ങള്‍ക്ക് പെണ്ണുങ്ങള്‍ ജോലിചെയ്ത് കൂടെ കൊണ്ടുകൊടുക്കണം. എന്നിട്ടവരതും വാങ്ങി കള്ളുകുടിക്കാന്‍ പോകും. പിന്നെ ചെണ്ടയില്‍ മുട്ടും പോലുള്ള ഇടിയും തൊഴിയും. ഇതൊക്കെ ക്ഷമിച്ചും സഹിച്ചും കഴിയുന്ന എത്ര ഇടതട്ടുകാരായ വീട്ടമ്മമാരുണ്ടെന്നോ. അവരൊക്കെ പഴയ തലമുറക്കാരായത് കൊണ്ടാണിതൊക്കെ സഹിക്കുന്നത്.
അല്ലെങ്കിലും സഹനം പഴയവര്‍ക്കല്ലേ കൂടുതല്‍. പുതിയവരാണെങ്കില്‍ കൊടുത്തതിനെക്കാള്‍ പൊന്നും പണവും തിരികെ വാങ്ങി പാട്ടുംപാടി ബന്ധവും വേര്‍പ്പെടുത്തിയങ്ങ് പോകും.
ഗള്‍ഫില്‍ ഭാര്യയെ വേലയ്ക്ക് വിട്ടിട്ട് നാട്ടില്‍ സുല്‍ത്താനെ പോലെ തിന്നും കുടിച്ചും കഴിയുന്ന എത്രയോ ആണുങ്ങളുണ്ട്. ആ പാവം പെണ്ണ് നാട്ടില്‍ വരുമ്പോഴാകട്ടെ അയച്ചുകൊടുത്തതിലൊരു ചില്ലിക്കാശുപോലും ബാക്കിയുണ്ടാകില്ല. എന്നാലീ വീട്ടുകാരിക്ക് മേല്‍പറഞ്ഞപോലുള്ള ദുരിതങ്ങളൊന്നുമില്ലാട്ടോ. അത് ദൈവം ചെയ്ത സുകൃതമാ.

എപ്പോഴും ദൈവത്തെ വിളിക്കുന്നതുകൊണ്ടാകും ഇങ്ങനെയൊരു സമാധാനമെങ്കിലും ജീവിതത്തിലനുഭവിക്കാനാവുന്നതെന്ന് അവരിത്തരം നേരങ്ങളിലോര്‍ത്തു.
വീട്ടുകാരി വീടിന്റെ വരാന്തയിലേക്ക് അനുമതിയില്ലാതെ കയറിനിന്ന വെയിലില്‍ ഘടികാരത്തെ വെച്ചു. എന്നിട്ടതിന്റെ ജീവനെ നിലനിര്‍ത്തുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ മാതിരിയുള്ള ബാറ്ററി ഊരിമാറ്റി. എന്നിട്ട്, കഴിഞ്ഞ ദിവസമാണല്ലോ പുതിയൊരെണ്ണം ഇട്ടതെന്ന് അയാളെ കൂടെ കേള്‍പ്പിച്ചുകൊണ്ടവര്‍ പറഞ്ഞു. അയാള്‍ അവരെന്ത് ആവശ്യം പറഞ്ഞാലും അനാവശ്യം പറഞ്ഞാലുമതൊന്നും ഗൗനിക്കാറില്ല.

ഉള്ളില്‍ ഉറുമ്പു കയറിയാലും ഘടികാരം നിശ്ചലമാവും എന്നയാള്‍ അങ്ങാടിയില്‍ വാച്ച് റിപ്പയര്‍ കട നടത്തിയിരുന്ന സേവ്യര്‍ പറഞ്ഞതോര്‍ത്ത് പറയാനാലോചിച്ചെങ്കിലും പറഞ്ഞില്ല.
ഇനി ഹൃദയശാസ്ത്രക്രിയ വല്ലതും വേണ്ടിവരുമോയെന്നു വീട്ടുകാരി നര്‍മം പറഞ്ഞപ്പോള്‍ ഇനി അതോടു പങ്കുചേര്‍ന്നില്ലെന്ന പരാതി വേണ്ടെന്ന് കരുതി ഗൃഹനാഥന്‍ ചിരിച്ചു. ഘടികാരത്തിനുള്ളിലേക്ക് പൊള്ളുന്ന വെയിലിനെ കടത്തിവിട്ടിട്ടും തന്റെ നിശ്ചലതയെ ജയിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ഘടികാരം. കുറെ നേരംകൂടി വീട്ടുകാരി ഘടികാരത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തിന് ശ്രമിച്ചെങ്കിലും അതൊക്കെ വിഫലമായതിന്റെ ദൈന്യതയാല്‍ അവര്‍ ഘടികാരത്തെ തീന്‍മേശയ്ക്ക് മേല്‍ വെച്ചു. അവരുടെ അപ്പനുമൊരു ഘടികാര ചികിത്സകനായിരുന്നല്ലോ. ചത്ത എത്ര വാച്ചുകളെയാണ് അദ്ദേഹം ജീവിപ്പിച്ചിട്ടുള്ളത്

പ്രാര്‍ഥനയുടെ നേരത്താണ് ഗൃഹനാഥന് സമയം അറിയേണ്ടത്. അന്നേരമൊക്കെ അയാള്‍ ഘടികാരം തൂക്കിയിരുന്ന ചുമരിന് മുമ്പില്‍ ചെന്നു നിന്നു. ചില മനസ്സിന്‍ ഭിത്തികളിലെത്ര മായിച്ചിട്ടും മായാതെ കിടക്കുന്ന ഓര്‍മപോലുള്ള ഘടികാരത്തിന്‍ അടയാളം ചുമരില്‍ കണ്ട് നിരാശനാകും. പിന്നെ പണ്ടിതൊക്കെ ഇല്ലാതിരുന്നിട്ടും ആളുകള്‍ ജീവിച്ചിരുന്നില്ലേയെന്നും ഗൃഹനാഥനോര്‍ക്കും.
ഘടികാരമൊക്കെ എന്നാ ഉണ്ടായത്? അന്നൊക്കെ പ്രകൃതിയും അതില്‍ വരുന്ന വെളിച്ചവും ഇരുട്ടും സൂര്യന്റെ ഉദിപ്പും അസ്തമയവുമൊക്കെ ആശ്രയിച്ചുള്ള സമയസംവിധാനമല്ലേ ഉണ്ടായിരുന്നത്. തടവില്‍ കിടക്കുന്ന, കാട്ടില്‍ കഴിയുന്നവരുടെ സമയബോധത്തെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ എപ്പോഴെങ്കിലും. അവര്‍ക്ക് പകല്‍ വെളിച്ചവും രാത്രി ഇരുട്ടുമാകും.
ഇങ്ങനെയുള്ള ആത്മചിന്തകളുടെ ആനന്ദങ്ങളില്‍ മുഴുകി ഗൃഹനാഥന്‍ പ്രാര്‍ഥനയ്ക്ക് ഒരുങ്ങുമ്പോള്‍ വീട്ടുകാരിയുമെത്തും സമയമറിയാന്‍. പിന്നെ അവരും ഒന്നും ഓര്‍മിക്കാനാവുന്നില്ലല്ലോയെന്നു പറഞ്ഞ് സ്വയം പഴിക്കും.

ഇന്നേത് ദരിദ്ര വീട്ടിലാണ് പഴയയൊരു നോക്കിയാ ഫോണെങ്കിലും ഇല്ലാത്തത്. സമ്മതിക്കുന്നു. പക്ഷെ കണ്ണാടിയില്‍ നോക്കി മുഖംമിനുക്കുംപോല്‍ ഘടികാരത്തില്‍ നോക്കിയാണെല്ലാവരും സമയമറിഞ്ഞിരുന്നത്. ഓരോന്നിനും പിറവിയില്‍തന്നെ ഓരോ നിയോഗങ്ങളുണ്ട്. മുമ്പു വാച്ചിനെ അവഗണിച്ചെങ്കിലും ഇന്നേത് പുതു തലമുറക്കാരന്റെയും തലമുറക്കാരിയുടെയും കൈത്തണ്ടയാ വാച്ചുകൊണ്ടലങ്കരിക്കാത്തത്.
ചെവിയില്‍ വെച്ച് സംസാരിക്കുന്ന ഫോണ്‍ വരുംമുമ്പെയുള്ള ശീലമല്ലേ ഘടികാരമുഖത്തു നോക്കി സമയം അറിയുന്നത്. കണ്ണടയ്ക്കും വരെ ആ ശീലങ്ങളില്‍ നിന്നുമൊന്നും വഴിമാറിനടക്കാനാവില്ലന്നേ. നമ്മോടൊപ്പമതൊക്കെ എപ്പോഴും കാണുമെന്നു സാരം. അതുകൊണ്ടതോടൊന്നുമിപ്പോള്‍ രാജിയാകാനുമാകുന്നില്ല ചങ്ങാതീ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.