
മനില: ശക്തമായ ഗോണി കൊടുങ്കാറ്റ് ആഞ്ഞുവീശിയ ഫിലിപ്പീന്‍സില്‍ 10 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തലസ്ഥാനമായ മനില അടക്കമുള്ള സ്ഥലങ്ങളില്‍ കൊടുങ്കാറ്റിനോടപ്പം അതിശക്തമായ മഴയും അനുഭവപ്പെടുന്നുണ്ട്. കൊടുങ്കാറ്റ് അപകട മേഖലകളിലെ നിരവധി പേരെ ബാധിച്ചതായും കനത്ത നാശനഷ്ടങ്ങള്‍ പ്രതീക്ഷിക്കുന്നതായും ദുരന്ത നിവാരണ വിഭാഗംമേധാവി റികാര്ഡൊ ജലാഡ് അറിയിച്ചു. കാറ്റന്ഡൈ്വന്സ് പ്രവിശ്യയില്‍ മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെട്ട കൊടുങ്കാറ്റ് 280കിലോമീറ്റ വരെ വേഗത കൈവരിക്കാനും സാധ്യതയുണ്ടെന്നാണ് നിഗമനം.
മനില അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
മനില, അല്‍ബെയ് അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അതിശക്തമായ കാറ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാപകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം വക്താവ് മാര്‍ക്ക് ടിംബല്‍ മുന്നറിയിപ്പുനല്‍കി. മുന്‍കരുതല്‍ നടപടിയായി ദുരിതാശ്വാസ സംവിധാനങ്ങള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച വീശിയടിച്ച മോലാവെ കൊടുങ്കാറ്റില്‍ 22 പേര് കൊല്ലപ്പെട്ടിരുന്നു. 2013ലെ കൊടുങ്കാറ്റില്‍ ഫിലിപ്പീന്‍സില്‍ 7300 പേര് മരിച്ചിരുന്നു.