2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗെയ്ല്‍ ക്രീസിലുണ്ടെങ്കില്‍ അവസാനം വരെ പ്രതീക്ഷ: പുരാന്‍

ദുബൈ: ഗെയ്ല്‍ ടീമിലേക്ക് മടങ്ങിയെത്തിയത് പഞ്ചാബിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയെന്നും അദ്ദേഹം ക്രീസിലുള്ളപ്പോള്‍ അവസാന നിമിഷംവരെ ടീമിന് വിജയ പ്രതീക്ഷയുണ്ടെന്നും പഞ്ചാബ്് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പുരാന്‍.
‘ഏറെ നാളായി കളിക്കാതിരിക്കുന്നതിനാല്‍ പതുക്കെയാണ് അദ്ദേഹം ബാറ്റിങ് തുടങ്ങിയത്. എന്നാല്‍ ടി20യില്‍ തന്റെ മികവ് എന്തെന്ന് കാണിക്കാന്‍ ഒരിക്കല്‍ക്കൂടി ഗെയ്‌ലിന് സാധിച്ചു. അദ്ദേഹം റണ്‍സ് നേടുന്നത് കാണാന്‍ മനോഹരമാണ്. എന്നെ സംബന്ധിച്ച് അദ്ദേഹം മഹാനായ ടി20 താരമാണ്. ക്രിസ് ബാറ്റ് ചെയ്യുമ്പോള്‍ അവസാന നിമിഷംവരെ ടീമിന് വിജയ പ്രതീക്ഷയാണ്. അദ്ദേഹം ടീമിലുള്ളപ്പോള്‍ ക്യാംപില്‍ പ്രത്യേക ഉന്മേഷമാണ്. അദ്ദേഹത്തെപ്പോലൊരു ബാറ്റ്‌സ്മാനെ ടീമിന് അത്യാവശ്യമാണ്’പുരാന്‍ പറഞ്ഞു. ആര്‍.സി.ബിക്കെതിരേ 45 പന്തില്‍ 53 റണ്‍സാണ് ഗെയ്ല്‍ നേടിയത്. തുടക്കത്തില്‍ ടൈമിങ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഗെയ്ല്‍ പിന്നീടങ്ങോട്ട് തകര്‍ത്തു കളിച്ചു. ഒരു ഫോറും അഞ്ചു സിക്‌സുമാണ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അവസാന പന്തുവരെ ജയപരാജയങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ നിക്കോളാസ് പുരാന്‍ അവസാന പന്തില്‍ സിക്‌സര്‍ നേടി പഞ്ചാബിനെ വിജയത്തിലെത്തിക്കുകയായിരുന്നു. അവസാന പന്തില്‍ ബാറ്റ് ചെയ്യാനെത്തിയ അവസ്ഥയെക്കുറിച്ചും പുരാന്‍ പറഞ്ഞു. ‘ഒരായിരം കാര്യങ്ങള്‍ മനസിലൂടെ മിന്നിമറഞ്ഞു.സത്യം പറഞ്ഞാല്‍ ഒന്നും ഞാന്‍ ഓര്‍ക്കുന്നില്ല. ഞാനൊരിക്കലും അത്തരമൊരു സന്ദര്‍ഭത്തില്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഒരുപാട് നേരം ഇരുന്നതിന് ശേഷമാണ് അവസാന പന്തില്‍ ഇറങ്ങിയത്. ക്രീസിലെത്തിയപ്പോള്‍ 11 ഫീല്‍ഡര്‍മാരെ 20 പേരായാണ് എനിക്ക് തോന്നിയത്. 2 പോയിന്റ് ഞങ്ങളെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ്’പുരാന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.