2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് വധശിക്ഷ

തിരുവനന്തപുരം: കോവളം കോളിയൂരില്‍ ഗൃഹനാഥനെ തലക്കടിച്ച് കൊലപ്പെടുത്തുകയും ഭാര്യയെ ബലാല്‍സംഗം ചെയ്ത് മൃതപ്രായയാക്കി സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്ത കേസിലെ ഒന്നാം പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ വിഴിഞ്ഞം സ്വദേശി കൊലുസു ബിനു എന്ന അനില്‍ കുമാറിനാണ ്(38) തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ തമിഴ്‌നാട് വേലൂര്‍ ജില്ലയില്‍ ഒടുകത്തൂര്‍ വില്ലേജില്‍ കോവില്‍ തെരുവില്‍ ചന്ദ്രന്‍ എന്ന ചന്ദ്രശേഖരന്‍ നായര്‍ക്ക് (48) ജീവപര്യന്തം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.  2016 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല നടന്ന വീടിന് സമീപം പണ്ട് താമസിച്ചിരുന്ന അനില്‍ കുമാറിന് കൊല്ലപ്പെട്ട വ്യക്തിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെട്ടതോടെ നാട്ടുകാര്‍ ഇടപെട്ട് ഇയാളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയും ഗൃഹനാഥന്‍ ഇയാളില്‍ നിന്ന് അകലുകയും ചെയ്തു. എന്നാല്‍ ഇയാളുടെ സാമ്പത്തിക സ്ഥിതി മനസിലാക്കിയിരുന്ന അനില്‍ കുമാര്‍ രണ്ടാം പ്രതി ചന്ദ്രശേഖരനൊപ്പം കോളിയൂരില്‍ തിരിച്ചെത്തി കൊള്ളയും കൊലപാതകവും നടത്തുകയായിരുന്നു.സംഭവദിവസം രാത്രി വീട്ടില്‍ ഗൃഹനാഥനും ഭാര്യയും രണ്ട് മക്കളുമായിരുന്നു ഉണ്ടായിരുന്നത്. വീട്ടിന്റെ ഹാളില്‍ കിടന്നുറങ്ങുകയായിരുന്ന ഗൃഹനാഥനേയും ഭാര്യയേയും അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കയറിയ പ്രതികള്‍ ആക്രമിച്ചു. ആക്രമണത്തില്‍ തലയ്ക്കും മുഖത്തും വെട്ടേറ്റ ഗൃഹനാഥന്‍ കൊലപ്പെട്ടു. പിന്നീടാണ് വീട്ടമ്മയെ ആക്രമിച്ചതും ബലാത്സംഗം ചെയ്ത ശേഷം വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതും. ഇത്രയും ക്രൂരമായ ആക്രമണം നടന്നെങ്കിലും വീട്ടിനുള്ളില്‍ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന ദമ്പതികളുടെ മക്കളോ നാട്ടുകാരോ ഇതറിഞ്ഞില്ല. രാവിലെ ഉറക്കമെഴുന്നേറ്റുവന്ന കുട്ടികള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന മാതാപിതാക്കളെ കണ്ട് നിലവിളിച്ചോടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ആക്രമണത്തില്‍ തലയ്ക്കും മുഖത്തും ഗുരുതര പരുക്കേറ്റ വീട്ടമ്മയുടെ തലയോട്ടി പൊട്ടുകയും തലച്ചോറിന് ഗുരുതരമായി മുറിവേല്‍ക്കുകയും ചെയ്തു. ഒരു വെട്ട് മുഖത്തും രണ്ടു വെട്ട് തലയിലുമാണ്. ഇടത് ചെവിക്ക് മുകളിലായി തലയ്‌ക്കേറ്റ വെട്ട് ആഴത്തിലുള്ളതായിരുന്നു. സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി വിഭാഗങ്ങള്‍ സംയോജിച്ചായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീട്ടമ്മയ്ക്ക് ചികിത്സ നല്‍കിയത്. പലതവണ ശസ്ത്രക്രിയകള്‍ക്ക് വിധേയയായെങ്കിലും ഇവര്‍ക്ക് ഇതുവരെ ഓര്‍മശക്തി തിരിച്ചുകിട്ടിയിട്ടില്ല.ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വെറും രണ്ടുദിവസം കൊണ്ടാണ് പൊലിസ് പ്രതികളെ പിടികൂടിയത്. കേസിന്റെ വിചാരണയ്ക്കിടെ 76 സാക്ഷികളെ വിസ്തരിച്ചു. ഒന്നാം പ്രതി അനില്‍ കുമാറും ഭാര്യാമാതാവ് അമ്മുക്കുട്ടിയും ചേര്‍ന്ന് സംഭവത്തിന് ശേഷം തിരുനല്‍വേലിയിലെ ജ്വല്ലറിയിലെത്തി കവര്‍ച്ച ചെയ്ത സ്വര്‍ണം കൊടുത്ത് പുതിയ സ്വര്‍ണം വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.