ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാനും നിലക്കുനിര്‍ത്താനും പ്രത്യേക പൊലിസ് സേനയെ നിയോഗക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന നാട്ടില്‍ നീതിയും സമാധാനവും പുലര്‍ന്നുകാണാന്‍ കൊതിക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സ്വന്തം പാര്‍ട്ടിയോടു ചേര്‍ന്നു നില്‍ക്കുന്നവരായാലും തന്നോടടുത്തു നില്‍ക്കുന്നവരായാലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രി തന്റേത് വെറും വാക്ക് മാത്രമല്ലെന്ന് കൊച്ചിയില്‍ ഇന്നലെ സിറ്റി ടാസ്ക് ഫോഴ്സ് എന്ന പേരില്‍ ഗുണ്ടാ വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് അടിവരയിടുകയും ചെയ്തു.
മുന്‍പൊക്കെ രാജ്യത്തെ എണ്ണം പറഞ്ഞ വന്‍കിട നഗരങ്ങളില്‍ മാത്രം സജീവമായിരുന്ന ഗുണ്ടാസംഘങ്ങള്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തില്‍ വേരുറപ്പിച്ചിട്ട് അധികനാളായിട്ടില്ല. പക്ഷേ, ചുരുങ്ങിയ കാലയളവില്‍ തന്നെ ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ഈ ക്രിമിനല്‍ സംഘങ്ങള്‍ കൊച്ചുകേരളത്തില്‍ കൈവരിച്ചത്. ഇപ്പോള്‍ ‘ഛോട്ടാ മുംബൈ’കളായ നമ്മുടെ നഗരങ്ങള്‍ ‘ബഡാ മുംബൈ’കളായി മാറാന്‍ ഇനി അധികനാള്‍ വേണ്ടിവരില്ല. മുന്‍പ് കൊച്ചിയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഗുണ്ടാ സംഘങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വരെ എത്തി എന്നതാണ് ഏറ്റവും ആശങ്കാജനകവും പരിതാപകരവുമായ അവസ്ഥ.
രാഷ്ട്രീയ പാര്‍ട്ടികളെ ഈ അക്രമിക്കൂട്ടങ്ങള്‍ നിയന്ത്രിക്കുകയാണോ, അതോ ക്രിമിനല്‍ സംഘങ്ങളെ രാഷ്ട്രീയക്കാര്‍ ഉപയോഗപ്പെടുത്തുകയാണോ എന്നു തിരിച്ചറിയാനാവാത്ത വിധം രണ്ടുകൂട്ടര്‍ക്കുമിടയിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ശക്തമാണ്. പണ്ടൊക്കെ പകല്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ഇരുട്ടിയാല്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളുമാകുന്നവര് ഇപ്പോള്‍ പകല്‍ വെളിച്ചത്തിലും ഗുണ്ടാപ്പണിക്കിറങ്ങുകയാണ്. രണ്ടു പ്രവര്ത്തനങ്ങള്ക്കുമിടയിലുണ്ടായിരുന്ന അതിര്‍വരമ്പ് തേഞ്ഞില്ലാതായി എന്നു ചുരുക്കം. ടി.പി ചന്ദ്രശേഖരന് വധം അടക്കമുള്ള സംഭവങ്ങളില്‍ കേരളം ഇത് കണ്ടറിഞ്ഞതാണ്.
ആരും തങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടില്ലെന്ന് ഇപ്പോള്‍ ഗുണ്ടാസംഘങ്ങള്‍ക്ക് നല്ല ഉറപ്പുണ്ട്. പൊലിസിലാണ് അവര്‍ക്ക് ഏറ്റവും വലിയ പ്രതീക്ഷ. പൊലിസ് തന്നെ വലിയൊരു ഗുണ്ടാസംഘമായി പരിണമിച്ചുകൊണ്ടിരിക്കേ തങ്ങള്‍ ആരെ പേടിക്കണം എന്ന മനോഭാവമാണ് അക്രമികള്‍ക്ക്. പൊലിസിനെ ഒന്നടങ്കം ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ലെങ്കിലും അഴിമതിയും ഗുണ്ടാബന്ധവും ഇല്ലാത്തവര്‍ അവര്‍ക്കിടയില്‍ അനുദിനം കുറഞ്ഞുവരികയാണ് എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്.
കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുള്ള നോട്ടീസില്‍ ഗുണ്ടാബന്ധമുള്ള ഒരു ഐ.ജിയുടെ പേരുതന്നെ എടുത്തു പറഞ്ഞിരുന്നു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകനു നേരെ നടന്ന വധശ്രമത്തിനു പിന്നില്‍ ഒരു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനായിരുന്നുവെന്ന് കോടതിയില്‍ പോലും തെളിയിക്കപ്പെട്ട കാര്യമാണ്. ഹവാല ഇടപാടുകളിലും പെണ്‍വാണിഭങ്ങളിലും വ്യാജമദ്യ മേഖലയിലുമുള്ള പൊലിസ്-ഗുണ്ടാകൂട്ടുകെട്ട് ഇന്നൊരു വാര്‍ത്തയേ അല്ല.
ജനങ്ങളുടെ സൈ്വര ജീവിതത്തിന് ഭീഷണിയായ ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടത്തിന് അറുതി വരുത്താന്‍ പുതിയ നിയമനിര്‍മാണങ്ങളുടെ ആവശ്യമില്ല. നിലവിലുള്ള നിയമങ്ങള്‍ തന്നെ മതി ഇവരെ കല്‍ത്തുറുങ്കിലടക്കാന്‍. പക്ഷെ, അതിന് അനിവാര്യമായും വേണ്ടത് ഭരണകൂടത്തിന്റെ ഇച്ഛാശക്തിയാണ്.
വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് കഴിഞ്ഞ ദിവസം സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടില്‍ ഇത്തരം പൊലിസുകാര്‍ക്കെതിരേ അന്വേഷണം നടത്താന്‍ പ്രത്യേക സംഘം തന്നെ രൂപീകരിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പൊലിസുകാരല്ലാത്ത ഉദ്യോഗസ്ഥരെയാണ് പ്രത്യേക സംഘത്തില്‍ ഉള്പ്പെടുത്തേണ്ടതെന്നുകൂടി അദ്ദേഹം പറയുമ്പോള്‍ കാര്യത്തിന്റെ ഗൗരവം ഏവര്‍ക്കും ബോധ്യമാവും. സംസ്ഥാനത്ത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ‘തീവ്രവാദബന്ധ’മുള്ള കേസുകള്‍ ഇത്തരം പൊലിസുകാര്‍ക്ക് വലിയ ചാകര തന്നെയാണ്. കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങളാണ് ഇവര്‍ തട്ടുന്നത്.
മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ വാക്കിലും പ്രവര്‍ത്തിയിലും കേരളം കാണുന്നത് ഇരുത്തം വന്ന ഭരണാധികാരിയെയാണ്. കേവലം കയ്യടിക്കു വേണ്ടി അദ്ദേഹം ഒന്നും പറയാറില്ല; ചെയ്യാറുമില്ല. ഗുണ്ടകള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കും എന്ന മുഖ്യമന്ത്രിയുടെ ഉറപ്പും ആ നിലയ്ക്ക് കാണാനാണ് പൊതുസമൂഹത്തിന് താല്പര്യം. കൊച്ചിയില്‍ സ്വന്തം പാര്‍ട്ടിക്കാരന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെ അറസ്റ്റു ചെയ്തപ്പോഴും, മറ്റൊരു സംഭവത്തില്‍ സി.ഐ.ടി.യുക്കാരുടെ ഗുണ്ടാവിളയാട്ടത്തിനെതിരേ നിയമനടപടിയെടുത്തപ്പോഴും ഒട്ടനവധി സമ്മര്‍ദങ്ങള്‍ക്കിടയിലും അദ്ദേഹം ഇടപെടാതിരുന്നത് നല്ല സൂചനയായി നമുക്ക് വിലയിരുത്താം.
അതേസമയം, ഗുണ്ടാസംഘങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഒരുങ്ങുന്ന മുഖ്യമന്ത്രിയുടെ മുന്പിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് സ്വന്തം പാര്ട്ടിക്കാര് തന്നെയാവും എന്നതും കാണാതിരുന്നുകൂടാ.
ചില പാര്‍ട്ടി നേതാക്കളും ഗുണ്ടാ സംഘങ്ങളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അങ്ങാടിപ്പാട്ടാണ്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നുറപ്പാണ്. അതിനെ അതിജീവിക്കാന്‍ കഴിയുന്നിടത്താണ് പിണറായി വിജയന്റെ വിജയം. ഗുണ്ടാ സംഘബന്ധമുള്ളവരെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ട്. കോടിയേരിയുടെ വാക്ക് പൊതുസമൂഹത്തിനെന്നപോലെ മുഖ്യമന്ത്രിക്കും ആശ്വാസകരമാണ്.