2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗുജറാത്തില്‍ കലാപമുണ്ടാക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമങ്ങളുണ്ടായി: കപില്‍ സിബല്‍

ന്യൂഡല്‍ഹി: ഗോധ്ര സംഭവത്തിനുശേഷം ഗുജറാത്തില്‍ കലാപമുണ്ടാക്കാന്‍ ഉന്നതതലത്തില്‍ നിന്ന് കരുതിക്കൂട്ടിയുള്ള ശ്രമങ്ങളുണ്ടായിയെന്ന് കപില്‍ സിബല്‍ സുപ്രിംകോടതിയില്‍.
ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിയടക്കമുള്ള ഉന്നതര്‍ക്ക് ശുദ്ധിപത്രം നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് ചോദ്യംചെയ്തുള്ള ഹരജിയിലെ വാദത്തിനിടെയാണ് സിബല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വിലാപയാത്ര നടത്താന്‍ സര്‍ക്കാര്‍തലത്തില്‍ നിന്ന് വി.എച്ച്.പി നേതാവ് ജയ്ദീപ് പട്ടേലിനാണ് കൈമാറിയത്. അയാള്‍ ആള്‍ക്കൂട്ടത്തെ നേരത്തെതന്നെ സംഘടിപ്പിച്ച് നിര്‍ത്തിയിരുന്നു.
ആരാണ് മൃതദേഹം ജയ്ദീപ് പട്ടേലിന് വിട്ടുനല്‍കാന്‍ നിര്‍ദേശിച്ചത്. ഇത് അന്വേഷിക്കേണ്ട കാര്യമായിരുന്നെങ്കിലും ഉണ്ടായില്ല. അന്വേഷണ ഏജന്‍സികള്‍ കുറ്റവാളികളെ സഹായിച്ച നിരവധി കേസുകള്‍ പല കലാപങ്ങളിലുമുണ്ടായിട്ടുണ്ടെന്നും കപില്‍ സിബല്‍ വാദിച്ചു.

കലാപത്തിനിടെ പരുക്കേറ്റവരെ കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചപ്പോള്‍ ഒരു വിളിയും സ്വീകരിക്കപ്പെട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കേണ്ടതല്ലേ. ആ സമയത്ത് കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കേണ്ടതായിരുന്നു. അത് ചെയ്തില്ല. ഇത്തരത്തില്‍ നിരവധി പിഴവുകളുണ്ടായിയെന്നും സിബല്‍ വാദിച്ചു. കേസിലെ വാദം ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നവംബര്‍ 10ലേക്ക് മാറ്റി. പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെ ചോദ്യംചെയ്ത് സാക്കിയാ ജഫ്രി നല്‍കിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.