ലാഹോര്‍: പാകിസ്താന് അനധികൃതമായി കൈവശംവച്ചിരിക്കുന്ന ഗില്‍ജിത് ബാള്ടിസ്താന്റെ സ്വയംഭരണം റദ്ദാക്കി പ്രദേശം രാജ്യത്തോട് കൂട്ടിച്ചേര്‍ക്കാന്‍ പാകിസ്താന് ഒരുങ്ങുന്നു. ചൈനീസ് നിര്‍ദേശപ്രകാരമാണ് ഇതെന്ന് റിപ്പോര്‍ട്ടുണ്ട്. പാക് അധീന കശ്മിരിന്റെയും ഗില്‍ജിത് ബാള്ടിസ്താന്റെയും ചുമതലയുള്ള അലി അമീന് ഗന്ദാപുരാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി പ്രധാനമന്ത്രി ഇമ്രാന്ഖാന് ഗില്‍ജിത് ബാള്ടിസ്താനില് സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈന വന്‍തോതില്‍ നിക്ഷേപം നടത്തിയിരിക്കുന്ന ചൈന-പാകിസ്താന് സാമ്പത്തിക ഇടനാഴി ഗില്‍ജിത് ബാള്‍ടിസ്താനിലൂടെയാണ് കടന്നുപോകുന്നത്. ഈ പദ്ധതിക്കെതിരേ പ്രാദേശികമായി വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ തടസങ്ങളില്ലാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ പാക് സര്‍ക്കാരിന് ഇവിടെ പൂര്‍ണ നിയന്ത്രണം വേണമെന്ന് ചൈന ആഗ്രഹിക്കുന്നു. ഇതിനാലാണ് പാക് ഭരണകൂടം പ്രദേശത്തിനുള്ള പ്രത്യേക അധികാരങ്ങള്‍ പിന്‍വലിക്കാനൊരുങ്ങുന്നത്.
അതേസമയം, ഗില്‍ജിത്-ബാള്ട്ടിസ്താന് മേഖലയിലെ ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, പ്രദേശത്തെ ഭരണം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ പരിഗണിച്ചു മാത്രമേ ഇക്കാര്യം നിയമപരമായി നടപ്പാക്കാന്‍ പാകിസ്താന് സാധിക്കൂ. ജമ്മുകശ്മിരിനോടും ചൈനയോടും ചേര്‍ന്ന പ്രദേശമാണിത്.
1949ലെ കറാച്ചി കരാറിനു ശേഷം ബ്രിട്ടിഷ് ഭരണകാലത്ത് കൊണ്ടുവന്ന ഫ്രോണ്ടിയര്‍ ക്രൈം റെഗുലേഷന്‍സ് പ്രകാരമായിരുന്നു പാകിസ്താന് ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. 1975ല്‍ ഇത് ഇല്ലാതാക്കിയെങ്കിലും ഇതിലെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ നിലനിര്‍ത്തി. 1994ല്‍ നോര്‍ത്തേണ്‍ ഏരിയ കൗണ്‍സില്‍ രൂപീകരിച്ച് ഗില്‍ജിത് ബാള്ട്ടിസ്താന് ഭരണം അതിന്റെ കീഴിലാക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.