
തലശ്ശേരി: സംസ്ഥാന സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ അന്വേഷണ സംഘത്തിന്റെ ക്യാംപ് ഓഫിസുകള്‍ക്കു വാടക നല്‍കാനാവില്ലെന്ന് സി.ബി.ഐ. വാടക ആവശ്യപ്പെട്ട് പൊതുമരാമത്ത്വകുപ്പ് നല്കിയ നോട്ടിസിനാണ് സി.ബി.ഐയുടെ മറുപടി. വാടക അടയ്ക്കുന്നില്ലെങ്കില്‍ മുറികള്‍ ഒഴിഞ്ഞുനല്‍കണമെന്ന് ആവശ്യപ്പെട്ടാണു പൊതുമരാമത്ത് വകുപ്പ് സി.ബി.ഐക്കു നോട്ടിസ് നല്‍കിയിരുന്നത്. ഇതിലാണ് സി.ബി.ഐ ഡയറക്ടര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കു മറുപടി നോട്ടിസ് നല്‍കിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുന്ന കേസുകളില്‍ സി.ബി.ഐക്കു വേണ്ട എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കി തരാറുണ്ടെന്നും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണു റസ്റ്റ് ഹൗസുകളില്‍ സി.ബി.ഐ ക്യാംപ് ഓഫിസുകള്‍ അന്വേഷണത്തിന്റെ ഭാഗമായി ഒരുക്കിയതെന്നും സി.ബി.ഐ മറുപടി നോട്ടിസില്‍ വ്യക്തമാക്കി.
നേരത്തെയുള്ള നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമാണു സി.ബി.ഐ റസ്റ്റ് ഹൗസുകള്‍ ഉപയോഗിച്ചു വന്നതെന്നും ഇതിന് വാടക അടയ്ക്കണമെന്നു പൊതുമരാമത്ത് വകുപ്പ് നല്കിയ നോട്ടിസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.ബി.ഐ ഡയറക്ടര്‍ ചീഫ് സെക്രട്ടറിക്കു നല്കിയ നോട്ടിസില്‍ വ്യക്തമാക്കുന്നു. തലശ്ശേരി, തൃശൂര്‍, കോട്ടയം, കൊല്ലം തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ റസ്റ്റ് ഹൗസുകള്‍ ഉപയോഗിക്കുന്ന സി.ബി.ഐ സംഘത്തിനാണു പൊതുമരാമത്ത് വകുപ്പ് മൂന്നാഴ്ച മുന്‍പ് നോട്ടിസ് നല്‍കിയിരുന്നത്. വടക്കേമലബാറിലെ പ്രമാദമായ അഞ്ചു കൊലക്കേസുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ സംഘം ക്യാംപ് ഓഫിസായി ഉപയോഗിക്കുന്നതു തലശ്ശേരി ഗവ. റസ്റ്റ് ഹൗസാണ്.
റസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിലെ 7, 8, 9 നമ്പര്‍ മുറികളാണ് അന്വേഷണസംഘം ക്യാംപ് ഓഫിസാക്കിയിരിക്കുന്നത്. ഈ മുറികളുടെ വാടക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയറാണു സി.ബി.ഐ തിരുവനന്തപുരം ആസ്ഥാനത്തും ക്യാംപ് ഓഫിസിലും നോട്ടിസ് നല്‍കിയത്. വാടക അടയ്ക്കണമെന്നും അല്ലെങ്കില്‍ സി.ബി.ഐ ഉപയോഗിക്കുന്ന മുറികള്‍ ഒഴിയണമെന്നുമാണു നോട്ടിസിലുണ്ടായിരുന്നത്. ഇതിനാണു സി.ബി.ഐ ഡയറക്ടര്‍ മറുപടി നല്‍കിയത്.
സംസ്ഥാനത്തെ സി.ബി.ഐ അന്വേഷിക്കുന്ന കേസുകള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വേണ്ട സൗകര്യം നല്കേണ്ടതു സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് നല്കിയ നോട്ടിസ് ഇതിനു വിരുദ്ധമാണെന്നും സി.ബി.ഐ നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ്, പയ്യോളി മനോജ്, അരിയില്‍ അബ്ദുല്ഷുക്കൂര്, പയ്യന്നൂരിലെ ഹക്കീം, തലശ്ശേരിയിലെ സ്വര്‍ണവ്യാപാരി ദിനേശന് എന്നിവരുടെ വധക്കേസുകളില്‍ തലശ്ശേരി കേന്ദ്രീകരിച്ചാണു സി.ബി.ഐ അന്വേഷണം നടത്തുന്നത്. ഇതിനു ക്യാംപ് ഓഫിസായി റസ്റ്റ് ഹൗസിലെ മൂന്നു മുറികളാണ് ഉപയോഗിച്ചുവരുന്നത്. പുതിയ സര്‍ക്കാര്‍ വന്നതോടെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് വിളിച്ചുചേര്‍ത്ത യോഗത്തിലാണു സി.ബി.ഐക്കു റസ്റ്റ്ഹൗസിലെ സൗജന്യം നല്‍കേണ്ടെന്നു തീരുമാനിച്ചത്.