തിരുവനന്തപുരം
നേരിട്ട് എത്താൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വി.സി ടി.കെ നാരായണൻ. കലാമണ്ഡലത്തിൽ പി.ആർ.ഒ തസ്തിക നിർത്തലാക്കുന്നത് സംബന്ധിച്ച മുഴുവൻ ഫയലുകളുമായി ഇന്നലെ നേരിട്ട് ഹാജരാകാനായിരുന്നു ഗവർണർ കലാമണ്ഡലം വി.സി ടി.കെ നാരായണനോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഹൈക്കോടതിയിൽ ഹരജി നിലനിൽക്കുന്ന സാഹചര്യത്തിൽ നേരിട്ട് ഹാജരാകില്ലെന്ന് വി.സി ഇന്നലെ രാവിലെ രാജ്ഭവനെ അറിയിച്ചു. ഹാജരായാൽ അത് കോടതിയലക്ഷ്യമാകുമെന്ന് കാണിച്ചാണ് വി.സി കത്ത് നൽകിയത്.
കലാമണ്ഡലത്തിൽ പി.ആർ.ഒ ആയിരുന്ന ഗോപീകൃഷ്ണനെ മുൻപ് സസ്‌പെൻഡ് ചെയ്തിരുന്നു.
വിദേശത്ത് ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ മുഴുവൻ പണവും സർവകലാശാലക്ക് ലഭിച്ചില്ലെന്ന് കാണിച്ചായിരുന്നു പരിപാടിയുടെ കോ ഒാഡിനേറ്ററായ പി.ആർ.ഒ ആർ.ഗോപീകൃഷ്ണനെതിരേ സർവകലാശാല നടപടി എടുത്തത്. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയാറാകാതിരുന്ന വി.സി കലാമണ്ഡലത്തിലെ പി.ആർ.ഒ തസ്തിക തന്നെ നിർത്തലാക്കാൻ തീരുമാനിച്ചു. ഇക്കാര്യം അറിയിച്ച് വി.സി സർക്കാരിന് കത്ത് നൽകി.
ഇതോടെയാണ് ഗവർണർ നേരിട്ട് ഹാജരാകാൻ വി.സിയോട് ആവശ്യപ്പെട്ടത്.
മുൻപ് ഗവർണർക്കെതിരേ ഹൈക്കോടതിയിൽ വി.സി കേസ് നൽകിയിരുന്നു. വിവാദം തണുപ്പിക്കാൻ സർക്കാർ ഇടപെട്ടാണ് കേസ് പിൻവലിച്ചത്.
Comments are closed for this post.