ന്യൂഡൽഹി
ഖുതുബ് മിനാറിനുള്ളിലെ ഖുവ്വത്തുൽ ഇസ് ലാം മസ്ജിദിൽ നിസ്‌കാരം തടഞ്ഞ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നടപടിക്കെതിരേ പള്ളിക്കമ്മിറ്റി ഡൽഹി ഹൈക്കോടതിയിൽ. ഖുതുബ് മിനാർ വിഷ്ണു സ്തംഭമാണെന്നും ക്ഷേത്രം പൊളിച്ചാണ് അതിനുള്ളിലെ പള്ളി നിർമിച്ചതെന്നും അവകാശപ്പെട്ട് സംഘ്പരിവാർ സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പള്ളിക്കുള്ളിൽ കാലങ്ങളായി തുടരുന്ന അഞ്ചുനേരം നിസ്‌കാരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തടഞ്ഞത്.
ഹരജി അടിയന്തര സ്വഭാവത്തിലുള്ളതാണെന്നും വേഗത്തിൽ പരിഗണിക്കണമെന്നും പള്ളിക്കമ്മിറ്റിയുടെ അഭിഭാഷകൻ ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സംഗി അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് അനുവദിച്ചില്ല. കേസ് അവധിക്കാല ബെഞ്ച് മുമ്പാകെ മെൻഷൻ ചെയ്യുകയോ സാധാരണ പോലെ ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിയോട് ആവശ്യപ്പെടുകയോ ചെയ്യാമെന്ന് കോടതി പറഞ്ഞു. ഖുതുബ് മിനാറിനുള്ളിലെ പള്ളി 1970 ഏപ്രിൽ 16ന് വഖഫ് സ്വത്തായി വിജ്ഞാപനം ചെയ്തതാണെന്നും ഇവിടെ നിസ്‌കരിക്കുന്നതിനും അതിനുള്ളിൽ പ്രവേശിക്കുന്നതിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മെയ് 15 മുതൽ വിലക്കേർപ്പെടുത്തുകയായിരുന്നുവെന്ന് ഹരജിയിൽ പറയുന്നു.
പള്ളി നിസ്‌കാരത്തിനായി തുറന്നു കൊടുക്കണമെന്ന് ഡൽഹി വഖ്ഫ് ബോർഡും ആവശ്യപ്പെട്ടിരുന്നു. പള്ളി ക്ഷേത്രമാക്കി മാറ്റി ആരാധന നടത്താൻ അനവദിക്കണമെന്ന കേസിൽ സംരക്ഷിത ചരിത്രസ്മാരകമായതിനാൽ ആരാധന അനുവദിക്കാനാവില്ലെന്ന നിലപാടാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയിൽ സ്വീകരിച്ചിരുന്നത്.
Comments are closed for this post.