2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഖത്തറിലെ സഊദ് അല്‍ മോഹന്നദിക്കെതിരെയുള്ള വിലക്ക് ഫിഫ നീക്കി

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: കായികരംഗത്ത് നിന്ന് ഒരു വര്‍ഷം വിലക്കിയതിനെതിരേ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സൗദ് അല്‍മുഹന്നദി നല്‍കിയ അപ്പീല്‍ ഫിഫ അംഗീകരിച്ചു. ഫിഫ എത്തിക്‌സ് കമ്മിറ്റി നടത്തുന്ന അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു അല്‍മുഹന്നദിക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, അതിന് ആവശ്യമായ തെളിവുകള്‍ ഇല്ലെന്നും അല്‍മുഹന്നദി തെറ്റായി എന്തെങ്കിലും ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നും ഫിഫ അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി.
ഇക്കാരണത്താല്‍ അല്‍മുഹന്നദിക്കെതിരേ 2016 നവംബര്‍ 16 മുതല്‍ എത്തിക്‌സ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്കും 20,000 സ്വിസ് ഫ്രാങ്ക് പിഴയും ഒഴിവാക്കുന്നതായും അപ്പീല്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

ഏത് അന്വേഷണവുമായി സഹകരിക്കാത്തതിനാണ് അല്‍മുഹന്നദിക്കെതിരേ വിലക്കേര്‍പ്പെടുത്തിയത് എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, അന്വേഷണത്തിന് 2022ലെ ലോകകപ്പുമായി ബന്ധമില്ലെന്ന് ഫിഫ നേരത്തേ ഒരു പ്രസ്താവനയില്‍ അറിയിച്ചിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് അല്‍മുഹന്നദിക്കെതിരേ ഉന്നയിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അന്ന് തന്നെ മറുപടി നല്‍കിയിരുന്നു.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് കൂടിയായ അല്‍മുഹന്നദി ഫിഫയുടെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഏഷ്യന്‍ പ്രതിനിധിയായി മല്‍സരിക്കാനിരിക്കേയാണ് വിലക്ക് വന്നത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനും എത്തിക്‌സ് കമ്മിറ്റിയുടെ അന്വേഷണം തടസ്സമായിരുന്നു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് സപ്തംബറില്‍ നടക്കാനിരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് യോഗം ഏഷ്യന്‍ ഫുട്‌ബോള്‍ പ്രതിനിധികള്‍ തുടങ്ങിയ ഉടനെ പിരിച്ചുവിടുകയായിരുന്നു.

പുതിയ തെരഞ്ഞെടുപ്പ് ഇനി മേയിലാണ് നടക്കുക. പുതിയ പശ്ചാത്തലത്തില്‍ അല്‍മുഹന്നദിക്ക് മല്‍സരിക്കാനാവുമോ എന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരുടെ പട്ടിക നേരത്തേ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ചിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.