2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

കർഷകവിരുദ്ധ നിയമം പിൻവലിച്ചതിലും ജനാധിപത്യ വിരുദ്ധത


കർഷകരുടെ സമാനതകളില്ലാത്ത നിശ്ചയദാർഢ്യ സമരത്തിനുമുമ്പിൽ മുട്ടുമടക്കിയ കേന്ദ്ര സർക്കാർ മൂന്ന് വിവാദ നിയമങ്ങൾ പിൻവലിച്ചതും ജനാധിപത്യ വിരുദ്ധമായി. ചർച്ചകളും സംവാദങ്ങളും ഇല്ലാതെയായിരുന്നു ഒരു വർഷം മുമ്പ് മോദി സർക്കാർ മൂന്ന് കർഷക നിയമങ്ങളും മൃഗീയ ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ പാസാക്കിയത്. അത് നിയമം പിൻവലിച്ചതിലും തുടർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൻകി ബാത്ത് ശൈലിയാണ് കർഷക വിരുദ്ധ നിയമങ്ങൾ പാസാക്കാനും പിൻവലിക്കാനും സർക്കാർ സ്വീകരിച്ചത്. അങ്ങോട്ടൊന്നും പറയാൻ അനുവദിക്കാത്ത, കേൾക്കാൻ താൽപര്യമില്ലാത്ത ഏകഭാഷണമാണ് മൻകി ബാത്ത്. അതിന്റെ പ്രതീകാത്മക നടപടികളായിരുന്നു ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് പ്രകീർത്തിക്കപ്പെടുന്ന പാർലമെന്റിലും കേന്ദ്ര സർക്കാർ സ്വീകരിച്ചത്.

നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രി പദം ഏറ്റെടുക്കാനായി പാർലമെന്റിലേക്ക് വന്നപ്പോൾ പാർലമെന്റിന്റെ കവാടത്തിൽ സാഷ്ടാംഗം പ്രണമിച്ചായിരുന്നു അകത്ത് കടന്നത്. ജനാധിപത്യത്തിന്റെ ദേവാലയമായ പാർലമെന്റിന് മുമ്പിൽ അദ്ദേഹം ശിരസ് നമിച്ചപ്പോൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രോജ്ജ്വല മഹത്വത്തിന് മുമ്പിൽ അദ്ദേഹം തല കുനിക്കുകയാണെന്ന് ജനാധിപത്യ ഇന്ത്യ കരുതി. എന്നാൽ അത് തെറ്റായൊരു ധാരണയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭരണകാലം തെളിയിച്ചു.

നിരന്തരമായ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ യാതൊരു ചർച്ചയും കൂടാതെയാണ് ഇന്ത്യൻ കർഷകന്റെ നടുവൊടിക്കുകയും കോർപറേറ്റുകളെ മാത്രം സന്തോഷിപ്പിക്കുകയും ചെയ്യുന്ന മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾ മോദി സർക്കാർ പാസാക്കിയത്. ഇന്ത്യൻ കർഷകന്റെ അണഞ്ഞുപോകാത്ത സമരാഗ്നിക്ക് തിരികൊളുത്തുകയായിരുന്നു പ്രസ്തുത നിയമങ്ങളിലൂടെയെന്ന് സർക്കാർ ഓർക്കാതെപോയി. പലവിധ പ്രകോപനങ്ങളും ലക്ഷദ്വീപ്, കശ്മിർ എന്നീ വിഷയങ്ങളും മഹാമാരിയും പ്രതികൂല കാലാവസ്ഥയുമൊന്നും കർഷകരെ പിന്തിരിപ്പിച്ചില്ല. മനം മടുത്തു കർഷകർ സമരം അവസാനിപ്പിച്ചു പിരിഞ്ഞു പൊയ്ക്കൊള്ളുമെന്ന കേന്ദ്ര സർക്കാരിന്റെ കണക്ക് കൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു സമരഭൂമിയിലെ ഇന്ത്യൻ കർഷകരുടെ ഒരു വർഷം നീണ്ടുനിന്ന അചഞ്ചലമായ ചെറുത്തുനിൽപ്പ്.

കർഷകരെ മാത്രം ബാധിക്കുന്നതായിരുന്നില്ല മൂന്ന് നിയമങ്ങളും. ഇന്ത്യൻ ജനാധിപത്യത്തെയും രാജ്യത്തിന്റെ ഭാവിയെ തന്നെയും ഗുരുതരമായി ബാധിക്കുന്ന ഒന്നായിരുന്നു. ഈ സമരം വിജയിക്കാതെ പോയിരുന്നുവെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയാകുമായിരുന്നു മൂന്ന് കർഷക വിരുദ്ധ നിയമങ്ങളും. അത്തരമൊരു മരണമണി മുഴങ്ങാതിരിക്കാനാണ് എല്ലാ വിഭാഗം ജനങ്ങളും ഒരേ മനസോടെ സമരഭൂമിയിലെ കർഷകർക്ക് പിന്നിൽ അടിയുറച്ച് നിന്നത്. മൂന്ന് നിയമങ്ങളെയും പുകഴ്ത്തിക്കൊണ്ട്, മുൻ കോഴിക്കോട് ജില്ലാ കലക്ടറും ഇപ്പോൾ നീതി ആയോഗ് സി.ഇ.ഒയുമായ അമിതാഭ് കാന്ത് നൽകിയ വിശദീകരണം കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയ്ക്കുള്ള സ്തുതിപാഠലായിരുന്നു. ഇന്ത്യയിൽ നിലനിൽക്കുന്ന കൂടിയ ജനാധിപത്യമാണ് പല ഭരണപരിഷ്ക്കാരങ്ങൾക്കും തടസമായി നിൽക്കുന്നതെന്നായിരുന്നു കർഷക വിരുദ്ധ നിയമങ്ങളെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. ജനാധിപത്യമെന്ന തടസം മാറ്റുക എന്നത് കേന്ദ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. അതിന്റെ പൂർത്തീകരണത്തിനു വേണ്ടിയാണ് സർക്കാർ പല മാർഗങ്ങളിലൂടെയും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു മൂന്ന് കർഷക വിരുദ്ധ നിയമങ്ങളും. കോർപറേറ്റുകളുടെ കാർഷിക മേഖലയിലേക്കുള്ള കടന്നുവരവിനും കൂടി പാതയൊരുക്കുക എന്നതിലപ്പുറം ഒരു മേന്മയും കർഷക വിരുദ്ധ നിയമങ്ങൾക്കുണ്ടായിരുന്നില്ല.

കർഷകരുടെ പ്രതിനിധികളുമായോ രാഷ്ട്രീയ കക്ഷികളുമായോ കർഷക സംഘടനകളുമായോ ചർച്ച ചെയ്യാതെയാണ് മൂന്നു നിയമങ്ങളും പാസാക്കിയത്. എന്നിട്ടും കർഷകരുടെ ഉന്നമനത്തിനുവേണ്ടിയാണ് നിയമം പാസാക്കിയതെന്ന് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ കൃഷി മന്ത്രി പറയണമെങ്കിൽ, ജനാധിപത്യവിരുദ്ധത പരാജയപ്പെട്ടതിലുള്ള മനസ്താപമായി ആ വാക്കുകളെ കണ്ടാൽമതി. രാജ്യസഭയിൽ പ്രതിപക്ഷ അംഗങ്ങളിൽ ചിലരെ പുറത്താക്കിക്കൊണ്ടായിരുന്നു മൂന്ന് വിവാദ നിയമങ്ങളും സർക്കാർ പാസാക്കിയത്. കാർഷിക വിഷയത്തിലുള്ള സംസ്ഥാന നിയമങ്ങളെയും ആ മൂന്ന് നിയമങ്ങളും കൊന്നു. നിയമത്തിനെതിരേ കോടതിയിൽ പോലും ചോദ്യം ചെയ്യാൻ പാടില്ലായിരുന്നു. ഇതൊക്കെയാണ് ഈ മൂന്ന് മാരണ നിയമങ്ങളും ഇന്ത്യൻ ഫെഡറലിസത്തിന്റെ കഴുത്തിൽ കത്തി വയ്ക്കുന്നതും കൂടിയാണെന്ന് തിരിച്ചറിയപ്പെടാൻ കാരണമാക്കിയത്.

ദേശീയ മാധ്യമങ്ങൾ ക്രൂരമായി അവഗണിച്ചിട്ടുപോലും കർഷക പോരാട്ടം വിജയിച്ചുവെന്നത് ജനാധിപത്യത്തിന്റെ വിളക്കുകളെല്ലാം അണഞ്ഞുപോയിട്ടില്ലെന്ന പ്രത്യാശയാണ് നൽകുന്നത്. ജനാധിപത്യ സ്ഥാപനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഊർജം നൽകുന്നതായിരുന്നു കർഷക വിജയം. ഈ ഇരുണ്ട കാലത്ത് തെരുവിൽ ഒരു വർഷം നീണ്ടുനിന്ന സഹന സമരത്തിലൂടെ ഇന്ത്യൻ കർഷകർ ഇന്ത്യൻ ജനതയുടെ ജനാധിപത്യ ബോധത്തെ ഒരിക്കൽ കൂടി ജ്വലിപ്പിച്ചിരിക്കുകയാണ്.

പരാജയത്തിന്റെ ഗർത്തത്തിൽ വീണിട്ടും ജനാധിപത്യ വിരുദ്ധത കൈയൊഴിയാൻ സന്നദ്ധമല്ല എന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ കേന്ദ്ര സർക്കാർ തെളിയിച്ചു. നിയമം പാസാക്കിയത് പോലെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് ചർച്ച കൂടാതെ നിയമം പിൻവലിച്ചതും. കർഷകരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നൽകുക എന്നത് ഇപ്പോഴും കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. ലേഖിംപൂരിലെ കർഷക കൂട്ടക്കൊലയിൽ കേന്ദ്രമന്ത്രിയുടെ രാജി, മരിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം എന്നീ ആവശ്യങ്ങളെല്ലാം ചർച്ചയിൽ ഉയർന്നുവരുമെന്ന് കണ്ടാണ് നാലുമിനുട്ടിനുള്ളിൽ വിവാദ നിയമം പിൻവലിക്കുന്ന ബില്ല് സഭ പാസാക്കിയത്.

ചർച്ച എന്ന ജനാധിപത്യ വാതിൽ സർക്കാർ കൊട്ടിയടച്ചാലും കർഷകരുടെ ബാക്കി ആവശ്യങ്ങളും കേന്ദ്ര സർക്കാർ ഒടുവിൽ അംഗീകരിക്കേണ്ടിവരും. കർഷക സമരം വെറുമൊരു അവകാശ സമരമായിരുന്നില്ലെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പ് കൂടിയായിരുന്നുവെന്നും ഇനിയും കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞിട്ടില്ല. അടുത്ത റിപ്പബ്ലിക്ക് ദിനത്തിന് മുമ്പെങ്കിലും കർഷകരുടെ മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കേണ്ടിവരും. ഇന്ത്യൻ ജനാധിപത്യത്തിന്റെ കാതൽ കരുത്ത് അപ്പോൾ ഭരണകൂടം തിരിച്ചറിയും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.