2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കർഷകരിലേക്ക് പ്രചാരണം എത്തിയില്ല കർഷക ക്ഷേമനിധി ബോർഡ് രജിസ്ട്രേഷന് തണുപ്പൻ പ്രതികരണം ബോധവൽക്കരണത്തിനൊരുങ്ങി ബോർഡ്

ടി. മുംതാസ്
കോഴിക്കോട്
സംസ്ഥാനത്തെ കർഷകർക്ക് മാസം 5,000 രൂപവരെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന കേരള കർഷക ക്ഷേമനിധി ബോർഡ് രജിസ്ട്രേഷന് തണുപ്പൻ പ്രതികരണം. കഴിഞ്ഞ ഡിസംബറിൽ അംഗത്വ വിതരണം ആരംഭിച്ചെങ്കിലും ഇതുവരെ പതിമൂവായിരത്തോളം കർഷകർ മാത്രമാണ് അംഗത്വമെടുത്തത്. അപേക്ഷകർ കുറഞ്ഞത് ബോർഡിനെ പോലും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. തങ്ങൾ പ്രതീക്ഷിച്ചതിൻ്റെ നാലിലൊന്ന് അപേക്ഷകർ പോലും എത്തിയിട്ടില്ലെന്ന് ക്ഷേമനിധി ബോർഡ് അംഗങ്ങൾ പറയുന്നു. ക്ഷേമനിധി ബോർഡിനെയും ആനുകൂല്യങ്ങളെക്കുറിച്ചും കർഷകരിൽ വേണ്ടത്ര അവബോധമില്ലാത്തതാണ് പ്രധാന കാരണമായി വിലയിരുത്തുന്നത്. അതിനാൽ കർഷക സംഘടനകൾ, ലൈബ്രറികൾ എന്നിവയുടെ സഹായത്തോടെ കർഷകർക്കിടയിൽ പ്രചാരണവും അംഗത്വത്തിന് ഓൺലൈൻ ക്യാംപുകളും സംഘടിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം.അംഗത്വത്തിന് kfwfb.kerala.gov.in എന്ന വെബ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ നൽകി ഒരു മാസത്തിനകം അംഗത്വം ലഭിക്കും. അതേസമയം സർക്കാരിൻ്റെ ഭാഗത്തു നിന്ന് പോലും ഇതിന് വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ലെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. സർട്ടിഫിക്കറ്റുകളും കൃഷി ഓഫിസറുടെ സാക്ഷ്യപത്രവും സംഘടിപ്പിക്കാൻ കർഷകർ പ്രയാസം നേരിടുന്നതും അപേക്ഷകൾ കുറയാൻ ഇടയാക്കുന്നതായും ആരോപണമുണ്ട്. 18നും 55നും ഇടയിൽ പ്രായമുള്ള, മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി കൊണ്ടുനടക്കുന്നതും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തവരുമായ കർഷകർക്കാണ് അംഗത്വം ലഭിക്കുക. 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. അഞ്ച്‌ സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള, അഞ്ച് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരകണം. ഉദ്യാന കൃഷി, ഔഷധ സസ്യക്കൃഷി, നഴ്സറി നടത്തിപ്പ്‌ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി എന്നിവയെ പരിപാലിക്കുന്നവർക്കും അപേക്ഷ നൽകാം. ക്ഷേമനിധിയിൽ അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്‌ക്കണം. 100 രൂപയാണ് കുറഞ്ഞ പ്രതിമാസ അംശാദായത്തുക. 250 രൂപവരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർ കൂടി നിധിയിലേക്ക്‌ അടയ്ക്കും.60 വയസ് മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. വിദ്യാഭ്യാസ ധനസഹായം,വിവാഹ ധനസഹായം, പ്രസവാനു കൂല്യം,അവശതാ ആനുകൂല്യം, ചികിത്സാ ധനസഹായം, അനാരോഗ്യ ആനുകൂല്യം, കുടുംബപെൻഷൻ, ഒറ്റത്തവണ ആനുകൂല്യം, മരണാനന്തര ആനുകൂല്യം എന്നിവ ലഭിക്കും.കർഷകന്റെ പേരും വിലാസവും തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, വരുമാന സർട്ടി ഫിക്കറ്റ്, ഭൂമി സംബന്ധമായ രേഖ,നികുതി ശീട്ട്,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കർഷകൻ്റെ സാക്ഷ്യപത്രം, കൃഷി ഓഫിസറുടെ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ക്ഷേമനിധിയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഉന്നത ഉദ്യോഗസ്ഥരുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തിരുവനന്തപുരം മേഖല അസിസ്റ്റൻ്റ് സി.ഇ.ഒ, ജോയിൻ്റ് സി.ഇ.ഒ എന്നിവരുടെ പോസ്റ്റുകൾ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. മാത്രമല്ല, കൃഷി ഓഫിസർ അപേക്ഷകളിൽ അപ്രൂവൽ നൽകാൻ വൈകുന്നത് അപേക്ഷകരെ പിന്നോട്ടടിപ്പിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.