തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രങ്ങളുടെ പൈതൃകം സംരക്ഷിക്കാന്‍ ഉത്തരവ്
ചെന്നൈ: ക്ഷേത്ര ഭൂമി എല്ലായ്‌പ്പോഴും ക്ഷേത്ര ഭൂമി തന്നെയായിരിക്കുമെന്നും ഭൂദാതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി അത് പൊതു ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കാന്‍ പാടില്ലെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവ്.
തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രങ്ങളുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനും ഇതുമായി ബന്ധപ്പെട്ട പഠനത്തിനും മൂല്യനിര്‍ണയത്തിനുമായി 17 അംഗ സമിതിക്ക് രൂപം നല്‍കാനും ജസ്റ്റിസുമാരായ ആര്‍.ഡി മഹാദേവന്‍, പി.ഡി ആദികേശവലു എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് 75 നിര്‍ദേശങ്ങളാണ് കോടതി ഉത്തരവില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
പുരാതന ക്ഷേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാല്‍പര്യ ഹരജികളിലാണ് കോടതിയുത്തരവ്. ഉത്തരവ് ഹിന്ദു റിലീജിയസ് ആന്‍ഡ് കള്‍ച്ചറല്‍ എന്‍ഡോവ്‌മെന്റ് നിയമത്തിന്റെ സമൂല പരിഷ്‌കാരങ്ങള്‍ക്ക് വഴിവയ്ക്കും.
ചരിത്രത്തിലും വാസ്തുകലയിലും വൈദഗ്ധ്യമുള്ള സമിതി ജില്ലാ തലങ്ങളില്‍ എട്ടാഴ്ചയ്ക്കകം രൂപീകരിക്കണം. ക്ഷേത്രങ്ങളിലെ പുരാതന വിഗ്രഹങ്ങള്‍, മറ്റു പുരാവസ്തുക്കള്‍ എന്നിവയുടെ കണക്കെടുക്കണം.
എല്ലാ ക്ഷേത്രങ്ങള്‍ക്കും 24 മണിക്കൂര്‍ വിഡിയോ നിരീക്ഷണ സംവിധാനമുള്ള സ്‌ട്രോങ് റൂമുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ട്രസ്റ്റികള്‍ ഇല്ലാത്ത ക്ഷേത്രങ്ങളുടെ കണക്കു നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
Comments are closed for this post.