ന്യൂഡൽഹി
ക്രിമിനൽക്കേസ് വിചാരണ സംബന്ധിച്ച ചാനൽ ചർച്ചകൾ നീതിന്യായ വ്യവസ്ഥയിലെ ഇടപെടലായി കണക്കാക്കാമെന്ന് സുപ്രിംകോടതി. കുറ്റവുമായി ബന്ധപ്പെട്ട തെളിവുകൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത് ടെലിവിഷൻ ചാനലുകളല്ലെന്നും കോടതികളാണെന്നും ജസ്റ്റിസുമാരായ യു.യു ലളിത്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കർണാടകയിൽ പിടിച്ചുപറിയുമായി ബന്ധപ്പെട്ട കേസിലെ തെളിവായ ഡി.വി.ഡിയിലെ വിവരങ്ങളിൽ ഉദയാ ടി.വി ചർച്ച നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രിംകോടതി ഈ നിരീക്ഷണം നടത്തിയത്.
ഡി.വി.ഡിയിലെ വിവരങ്ങൾ പുട്ട മുട്ടയെന്ന പരിപാടിയിൽ പുറത്തുവിടുകയും അതിൽ വിശകലനം നടത്തുകയുമായിരുന്നു ചാനൽ ചെയ്തത്. തെളിവടങ്ങുന്ന ഡി.വി.ഡി സ്വകാര്യ ചാനൽ കൈവശം വയ്ക്കുന്നതും അതിലെ ഉള്ളടക്കം പുറത്തുവിടുന്നതും അതിൽ ചർച്ച നടത്തുന്നതും നീതിന്യായ വ്യവസ്ഥയിലെ ഇടപെടലായി കണക്കാക്കാം. കേസിലെ തെളിവുകൾ കൈകാര്യം ചെയ്യേണ്ടത് കോടതികൾ മാത്രമാണ്. ഇത്തരം തെളിവുകളിൽ പൊതു ഇടങ്ങളിൽ ചർച്ച അനുവദനീയമല്ലെന്നും കോടതി പറഞ്ഞു.
Comments are closed for this post.