
ന്യൂഡൽഹി
ജി 23 നേതാക്കളെ ഉൾപ്പെടുത്തി രാഷ്ട്രീയകാര്യ ഉപദേശക സമിതിക്ക് രൂപം നൽകി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിറിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. എട്ടംഗ സമിതിയിൽ ജി 23 നേതാക്കളിലെ പ്രമുഖരായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ എന്നിവരാണുള്ളത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അംബികാ സോണി, ദിഗ് വിജയ് സിങ്, കെ.സി വേണുഗോപാൽ, ജിതേന്ദ്ര സിങ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
അതോടൊപ്പം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കായി എട്ടംഗ ടാസ്ക്ഫോഴ്സിനും സോണിയ രൂപം നൽകിയിട്ടുണ്ട്. പ്രശാന്ത് കിഷോറിനൊപ്പം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവർത്തിച്ച സുനിൽ കനുഗോലുവിനെയും ഇതിൽ ഉൾപ്പെടുത്തി. ജി 23യുടെ ഭാഗമായ മുകുൾ വാസ്നിക്കാണ് മറ്റൊരാൾ. പി. ചിദംബരം, ജയറാം രമേശ്, കെ.സി വേണുഗോപാൽ, അജയ് മാക്കൻ, പ്രിയാങ്കാഗാന്ധി, രൺദീപ് സുർജെവാല എന്നിവരാണ് ടാസ്ക്ഫോഴ്സിലെ മറ്റംഗങ്ങൾ. ഭാരത് യാത്രയ്ക്കായി ഒമ്പതംഗ ആസൂത്രണ സമിതിക്കും രൂപം നൽകിയിട്ടുണ്ട്. ശശിതരൂർ, സച്ചിൻ പൈലറ്റ് ഈ സമിതിയിലുണ്ട്.