താമരശേരി(കോഴിക്കോട്): കോഴിക്കുഞ്ഞുങ്ങളുടെ വില കുത്തനെ ഉയരുന്നതിനാല്‍ കോഴി ഫാമുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍. ബ്രോയിലര്‍ കോഴി കൃഷി എക്കാലത്തെയും വലിയ പ്രതിസന്ധിയിലാണെന്ന് കോഴി കര്‍ഷകര്‍ പറയുന്നത്. ഒരു ദിവസം പ്രായമായ കുഞ്ഞിനു 52 മുതല്‍ 58 രൂപ വരെയാണ് ഇപ്പോള്‍ വില. ഒരു മാസം മുന്‍പ് 27 രൂപക്കും 30 നും വിറ്റ കോഴിക്കുഞ്ഞുങ്ങള്‍ക്കാണ് കുത്തക കമ്പനികള്‍ ഇരട്ടിയിലധികം വില കൂട്ടിയത്. ഇതുമൂലം ചെറുകിട കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലാവുകയും ഫാം അടച്ചു പൂട്ടേണ്ട അവസ്ഥയിലുമായി. സംസ്ഥാനത്തെ രണ്ട് ലക്ഷത്തിലധികം വരുന്ന കോഴി കര്‍ഷകരില്‍ ഒന്നര ലക്ഷത്തിലധികം പേരുടെയും ഫാമുകളില്‍ കോഴികളെ വളര്‍ത്തുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തിലെ ചെറുകിട കോഴി കര്‍ഷകര്‍ മുഴുവന്‍ ഫാമുകളും പൂട്ടേണ്ടിവരും. ഫാമുകളില്‍ ഉല്‍പാദനം കുറഞ്ഞതോടെ കോഴി ഇറച്ചി വില ഉയര്‍ന്നിട്ടുണ്ട്.
ഇത് ഗുണം ചെയ്യുന്നത് തമിഴ്‌നാട് കോഴി ഫാം കുത്തകകള്‍ക്കും ഇടനിലക്കാര്‍ക്കുമാണ്. വന്‍ വില കൊടുത്ത് കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി വില്‍ക്കാന്‍ സാധിക്കാത്ത നിലയിലാണെന്ന് കര്‍ഷകര്‍ പറയുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കോഴിക്കുഞ്ഞുങ്ങള്‍ സംസ്ഥാനത്തേക്ക് എത്തുന്നത്. ഒരു കോഴിക്കുഞ്ഞിനെ 45 ദിവസം വളര്‍ത്തി വലുതാക്കാന്‍ ചുരുങ്ങിയത് 185-190 രൂപയോളം ഇപ്പോള്‍ ചെലവ് വരുമെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു കോഴിക്കുഞ്ഞിനു 52-56 രൂപയും തീറ്റച്ചെലവ് 122 രൂപയും വൈദ്യുതി, മറ്റു ചെവുകള്‍ ഉള്‍പ്പെടെയാണിത്. എന്നാല്‍ കോഴി കര്‍ഷകര്‍ക്ക് ലഭിക്കുന്നതാവട്ടെ 180-മുതല്‍ 185 വരെ മാത്രം. കോഴികളുടെ എണ്ണത്തിനനുസരിച്ച് കര്‍ഷകരുടെ നഷ്ടം വന്‍തോതില്‍ ഉയരും. ഇതോടെ പലരും ഈ രംഗത്തു നിന്നും പിന്‍വാങ്ങിത്തുടങ്ങി. കോഴിക്കുഞ്ഞുങ്ങളുടെ വില നിശ്ചയിക്കുന്നത് വന്‍ തോതില്‍ സ്‌റ്റോക്ക് ഉള്ള കുത്തക കമ്പനികള്‍ ആണ്. എന്നാല്‍ ഇറച്ചി കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള പേരന്റ് സ്‌റ്റോക്ക് വളരെ കുറഞ്ഞതിനാല്‍ മുട്ടയുടെ വില വര്‍ധിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഉല്‍പാദകര്‍ പറയുന്നു. ഇത് കുറഞ്ഞത് മൂന്ന് മാസം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
Comments are closed for this post.