2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല, എല്‍.ഡി.എഫ് സ്വതന്ത്രനായി അട്ടിമറി ജയം

മുന്‍ ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോല്‍പിച്ചത് മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ
കാസര്‍കോട്: സീറ്റ് നല്‍കാത്തതിന് കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്വതന്ത്രനായ മുന്‍ ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് യു.ഡി.എഫിന്റെ സിറ്റിങ് സീറ്റില്‍ അട്ടിമറിവിജയം.
കഴിഞ്ഞ തവണ കാസര്‍കോട് ജില്ല പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച ഷാനവാസ് പാദൂറാണ് ഇത്തവണ എല്‍.ഡി.എഫ് പിന്തുണയോടെ ചെങ്കള ജില്ല പഞ്ചായത്ത് ഡിവിഷനില്‍ അട്ടിമറി വിജയം നേടിയത്.
ലീഗിന്റെ സിറ്റിങ് സീറ്റായ ചെങ്കളയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ടി.ഡി കബീറിനെ 139 വോട്ടുകള്‍ക്കാണ് ഷാനവാസ് പരാജയപ്പെടുത്തിയത്. യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറിയായ ടി.ഡി കബീര്‍ കാസര്‍കോട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു.
കോണ്‍ഗ്രസ് നേതാവും ജില്ല പഞ്ചായത്ത് ഉദുമ ഡിവിഷന്‍ അംഗവുമായിരുന്ന പാദൂര്‍ കുഞ്ഞാമുവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് കഴിഞ്ഞതവണ മകന്‍ ഷാനവാസിനെ കോണ്‍ഗ്രസ് മത്സരിപ്പിച്ച് വിജയിപ്പിച്ചത്. ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയാണ് ഷാനവാസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തെത്തിച്ചത്.
തുടര്‍ന്നാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചത്. കഴിഞ്ഞ തവണ 766 വോട്ടുകള്‍ക്കാണ് ലീഗ് സ്ഥാനാര്‍ഥി ഈ ഡിവിഷനില്‍ ജയിച്ചത്. എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടികളുടേതടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് ഇവിടെ നിന്ന് ജനവിധി തേടിയത്. ഇതുള്‍പ്പെടെയുള്ള ഘടകങ്ങള്‍ യു.ഡി.എഫിന് തിരിച്ചടിയായെന്നാണ് സൂചന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.