
നെടുങ്കണ്ടം: പൊന്നാമലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ 12 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ നെടുങ്കണ്ടം പൊലിസ് കേസെടുത്തു. ഗുരുതരമായി പരുക്കേറ്റ പൊന്നാമല പൊട്ടന്‍പ്ലാക്കല്‍ രവീന്ദ്രന്(55)ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്ന് രവീന്ദ്രന് പറഞ്ഞു. രവീന്ദ്രന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇപ്പോഴും ചികിത്സയിലാണ്. നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന മര്‍ദനത്തിന്റേതെന്ന് കരുതുന്ന വിഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, ഇത് പരിശോധിച്ച് വരികയാണെന്നും നെടുങ്കണ്ടം സി.ഐ റെജി എം. കുന്നിപ്പറമ്പന് പറഞ്ഞു.
പാര്‍ലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കങ്ങള്‍ പ്രദേശത്ത് ഉണ്ടായിരുന്നു. ഇത് നേതാക്കള്‍ ഇടപെട്ട് പറഞ്ഞുതീര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിട്ടതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.