2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായി മുറവിളി

ഇ.പി മുഹമ്മദ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുപിന്നാലെ കോണ്‍ഗ്രസില്‍ കലാപം. പാര്‍ട്ടിക്കുള്ളില്‍ നേതൃമാറ്റത്തിനായി മുറവിളി ശക്തമായി. ഇപ്പോഴത്തെ നേതൃത്വവുമായി മുന്നോട്ടുപോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമെന്നും അതിനാല്‍ നേതൃത്വം മാറണമെന്നുമുള്ള ആവശ്യം ശക്തമാണ്. കെ. മുരളീധരനെയും കെ. സുധാകരനെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കെ. മുരളീധരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി കോഴിക്കോട് നഗരത്തില്‍ ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു. കണ്ണൂര്‍ കോര്‍പറേഷനിലും ജില്ലയിലെ മുന്‍സിപ്പാലിറ്റികളിലും നേടിയ മികച്ച വിജയത്തിന് ചുക്കാന്‍പിടിച്ചത് ചൂണ്ടിക്കാട്ടിയാണ് കെ. സുധാകരന്‍ കോണ്‍ഗ്രസിനെ നയിക്കട്ടെയെന്ന ആവശ്യം ഉയരുന്നത്.
രൂക്ഷവിമര്‍ശനം ഉന്നയിച്ച കെ.മുരളീധരനും കെ.സുധാകരനും നേതൃമാറ്റം വേണമെന്ന സൂചനയാണ് നല്‍കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ എന്നിവരെ ലക്ഷ്യംവച്ചാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. നേതൃത്വത്തിലെ ഏകോപനമില്ലായ്മയും പടലപ്പിണക്കവും പരാജയ കാരണമായെന്നാണ് കോണ്‍ഗ്രസിലെ പൊതുവെയുള്ള വിലയിരുത്തല്‍.
കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഒത്തൊരുമയില്ലാത്തത് എല്‍.ഡി.എഫ് പ്രചാരണ ആയുധമാക്കിയപ്പോഴും ഗൗരവത്തിലെടുക്കാനായില്ല. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള വികാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും പാര്‍ട്ടി സംവിധാനം ചലിപ്പിക്കുന്നതിലും നേതൃത്വം പൂര്‍ണ പരാജയമായെന്നാണ് അണികള്‍ പറയുന്നത്. അനുകൂല സാഹചര്യം ഉണ്ടായിട്ടും നേതൃത്വം കളഞ്ഞുകുളിക്കുകയായിരുന്നു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കേണ്ടത് വാര്‍ഡ് കമ്മിറ്റികളാണെന്ന് സര്‍ക്കുലര്‍ ഇറക്കിയ കെ.പി.സി.സി തന്നെ ഈ നിര്‍ദേശം ലംഘിച്ച് സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഇത്തരം സ്ഥാനാര്‍ഥികള്‍ക്കെല്ലാം കനത്ത പരാജയമുണ്ടായി. നേതാക്കള്‍ പ്രസ്താവനകളിറക്കിയതല്ലാതെ താഴേത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഒന്നും ചെയ്തില്ലെന്ന ആക്ഷേപവും അണികള്‍ക്കിടയില്‍ ശക്തമാണ്. ജയിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ സ്വന്തക്കാരെ സ്ഥാനാര്‍ഥികളായി കെട്ടിയിറക്കാന്‍ നേതാക്കള്‍ മത്സരിച്ചതും പരാജയത്തിന്റെ ആക്കംകൂട്ടി. താഴേത്തട്ടിലുള്ള വികാരം മനസിലാക്കാതെ കെ.പി.സി.സി ഭാരവാഹികളെയും നേതാക്കളുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെയും സ്ഥാനാര്‍ഥികളാക്കിയതും തിരിച്ചടിയായി. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെച്ചൊല്ലി കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറും ഭിന്നാഭിപ്രായം പരസ്യമായി ഉന്നയിച്ചത് നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിലേക്കാണ് നയിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും രംഗത്തുവന്നിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.