ബി.ജെ.പിയെ നേരിടാന്‍ മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ് കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം. ഈ ലക്ഷ്യം നേടാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയാറാണ്. ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കുക മാത്രമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബി.ജെ.പിക്കെതിരേ മറ്റു പാര്‍ട്ടികളെയെല്ലാം അണിനിരത്തിയാല്‍ വലിയ രാഷ്ട്രീയ മുന്നേറ്റമാവുമെന്നത് പുതിയ പാഠമൊന്നുമല്ല. ബി.ജെ.പിവിരുദ്ധ രാഷ്ട്രീയ കക്ഷികളെയൊക്കെ ഒന്നിച്ചുനിര്‍ത്തണം. ആ മുന്നണി ബി.ജെ.പിയുമായി നേരിട്ടുള്ള മത്സരത്തില്‍ ഏര്‍പ്പെടണം. മൂന്നാം മുന്നണി തെരഞ്ഞെടുപ്പുരംഗത്ത് ഒരിടത്തും ഉണ്ടാവുകയുമരുത്. അതുപറയാന്‍ കോണ്‍ഗ്രസിന് അങ്ങേയറ്റത്തെ അര്‍ഹതയുണ്ട്. ആധികാരികതയുണ്ട്. ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകള്‍ക്ക് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണിത്. 137 വയസ് പ്രായമുള്ള പാര്‍ട്ടി. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലുമൊക്കെ നേതൃത്വം കൊടുത്ത പാര്‍ട്ടി. ഇന്നും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ആഴത്തില്‍ വേരുകളുള്ള പാര്‍ട്ടി. പക്ഷേ കോണ്‍ഗ്രസിന്റെ പ്രധാന പ്രശ്‌നം കരുത്തുള്ള നേതാക്കള്‍ തലപ്പത്തില്ലെന്നതാണ്. അതിസങ്കീര്‍ണ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മേല്‍കൈ നേടണമെങ്കില്‍ ശക്തമായ സംഘടന വേണം. പ്രഗത്ഭ നേതൃത്വവും വേണം. ദേശീയതലത്തിലോ സംഘടനാതലത്തിലോ കോണ്‍ഗ്രസ് ബലവത്തായ നിലയിലല്ല. നേതൃത്വത്തിന്റെ കാര്യവും അതുതന്നെ.
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ വലിയ മുന്നേറ്റം നടത്തി. കന്യാകുമാരി മുതല്‍ കശ്മിര്‍വരെ നീണ്ട കാല്‍നടയാത്ര കടുത്ത സാഹസം തന്നെയായിരുന്നു. ബി.ജെ.പിയുടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭാഗിയതയുടെയും രാഷ്ട്രീയത്തിനു ബദലായി സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ യാത്ര. ഇതു കോണ്‍ഗ്രസിനു പകര്‍ന്നുനല്‍കിയ പ്രതീക്ഷയും ആത്മവിശ്വാസവും ചൈതന്യവും ചെറുതല്ല.
ഭാരത് ജോഡോ യാത്രയുടെ വിജയത്തിനുശേഷം നടന്ന പ്ലീനറി സമ്മേളനത്തിന് പ്രാധാന്യം കിട്ടി എന്നതും വലിയ കാര്യം. പാര്‍ട്ടിയിലും നേതൃത്വത്തിലും പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടിക ജാതി-പട്ടിക വിഭാഗക്കാര്‍ക്കും 50 ശതമാനം സംവരണം നല്‍കുക എന്നതുമുതല്‍ പാര്‍ട്ടിയംഗങ്ങളില്‍ 50 ശതമാനവും 50 വയസിനു താഴെയുള്ളവരായിരിക്കണം എന്നതുവരെയുള്ള അതി പ്രധാന തീരുമാനങ്ങളെടുക്കാനും പ്ലീനറി സമ്മേളനം തയാറായി. 2024 ലെ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് പ്രകടനപത്രികയുടെ തന്നെ രൂപത്തില്‍ രാഷ്ട്രീയപ്രമേയവും അവതരിപ്പിച്ചു. എല്ലാം നല്ലതുതന്നെ. പക്ഷേ ഒരു മുന്നണി കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസില്‍ ആരു മുന്‍കൈയെടുക്കും. ഒന്നും രണ്ടും യു.പി.എ മുന്നണികള്‍ക്കു നേതൃത്വം നല്‍കിയ സോണിയാ ഗാന്ധി സ്ഥാനമൊഴിയുകയാണെന്ന സൂചന പ്ലീനറി സമ്മേളനത്തില്‍ നല്‍കി. എല്ലാ ചുമതലകളും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയിലേക്ക് കൈമാറിയിരിക്കുകയാണ് സോണിയാ ഗാന്ധി. മറുകക്ഷി നേതാക്കളുമായി സംസാരിക്കാനും ഒന്നിച്ചിരുന്ന് മുന്നണി തന്ത്രങ്ങള്‍ മെനയാനും പൊതുപരിപാടി തയാറാക്കാനുമുള്ള കഴിവ് ഖാര്‍ഗേയ്ക്കുണ്ടോ?
രാഹുല്‍ ഗാന്ധിയാണ് യഥാര്‍ഥ കോണ്‍ഗ്രസ് നേതാവ്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ നേരവകാശി. സോണിയാ ഗാന്ധിയും മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചേര്‍ന്നാല്‍ കോണ്‍ഗ്രസ് നേതൃത്വമായി. ഈ നേതൃത്വത്തിനും മീതെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ സ്ഥാനമെന്നും പറഞ്ഞുകൂടാ. മറുകക്ഷികളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുമ്പോള്‍ ആര് അത്തരം ചര്‍ച്ചയ്ക്കു നേതൃത്വം കൊടുക്കുമെന്ന ചോദ്യം ഉയരും. ഏതു കക്ഷിയുമായും ചര്‍ച്ച നടത്താനും ആവശ്യമായ സമീപനം സ്വീകരിക്കാനും തീരുമാനമെടുക്കാനുമുള്ള സ്വാതന്ത്ര്യം ഖാര്‍ഗേയ്ക്ക് ഉണ്ടോ എന്നതാണ് ചോദ്യം. മതിയായ മാന്‍ഡേറ്റ് ഉണ്ടെങ്കില്‍ മാത്രമേ സ്വന്തം നിലയ്ക്ക് എന്തു തീരുമാനവും എടുക്കാന്‍ ഏതു നേതാവിനും കഴിയൂ. ഏറ്റവും മികച്ച ഉദാഹരണം സോണിയാ ഗാന്ധി തന്നെ. പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായപ്പോള്‍ ധനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കുയര്‍ത്തി സോണിയാ ഗാന്ധി അധികാരത്തില്‍നിന്ന് മാറിനിന്നു- 2004 ല്‍. യു.പി.എയുടെ രാഷ്ട്രീയ വിജയത്തിനു കാരണം അതിന്റെ നേതാവ് സോണിയാ ഗാന്ധിക്ക് സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തുമായുള്ള അടുത്ത രാഷ്ട്രീയ സൗഹൃദമായിരുന്നു. പൊതുമിനിമം പരിപാടിയില്‍ ഉറച്ചു നില്‍ക്കാനും മുന്നണിയിലെ മറ്റു കക്ഷികളുമായി അടുത്ത ബന്ധം പുലര്‍ത്താനും കെട്ടുറപ്പ് നിലനിര്‍ത്താനും സോണിയാ ഗാന്ധിക്കു വേണ്ട നിര്‍ദേശവും ഉപദേശവും അതതു സമയത്തു നല്‍കിക്കൊണ്ടിരുന്നത് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തായിരുന്നു.
സോണിയാ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. മറുകക്ഷി നേതാക്കന്‍മാരുമായി സഹകരിക്കാനോ സൗഹൃദം പുലര്‍ത്താനോ ഉള്ള കഴിവ് രാഹുല്‍ ഗാന്ധിക്കില്ല. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെ പോലെ കോണ്‍ഗ്രസിന്റെ ഒരു നേതാവിന് തന്ത്രങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ കഴിയുന്ന നേതാവിനെ ഡല്‍ഹിയില്‍ ഒരു പാര്‍ട്ടിയിലും കാണാനുമില്ല. ശശി തരൂരിനെ പോലെ എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാളെ മുന്‍നിരയിയിലേക്കടുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാവുന്നുമില്ല.
പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ് വിവിധ കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഡി.എം.കെ മുന്നണിയില്‍ കോണ്‍ഗ്രസ് ഘടകകക്ഷിയാണ്. കര്‍ണാടകയില്‍ മുഖ്യ പ്രതിപക്ഷ കക്ഷി കോണ്‍ഗ്രസ് തന്നെ. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണി ജയിക്കുമെന്ന് ജനങ്ങള്‍ക്കിടയില്‍ സംസാരവുമുണ്ട്. കേരളത്തില്‍ സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണിക്ക് ഒരേയൊരു ബദല്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ഐക്യജനാധിപത്യ മുന്നണിയാണ്. പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആം ആദ്മിയോട് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. ഇന്നും അവിടെ കോണ്‍ഗ്രസ് ശക്തം. രാജസ്ഥാനിലും ഛത്തിസ്ഗഢിലും കോണ്‍ഗ്രസ് ഭരിക്കുന്നുമുണ്ട്. ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനാണ് ഭരണം. തൊട്ടടുത്ത് തെലങ്കാനയില്‍ തെലുങ്ക് ദേശം പാര്‍ട്ടിയും. രണ്ടിടത്തും ബി.ജെ.പി വളരെ ദുര്‍ബലവുമാണ്. യു.പിയില്‍ സമാജ് വാദി പാര്‍ട്ടി വളരെ ശക്തം. മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണികള്‍ സജീവമാണ്. ഗുജറാത്തില്‍ പോലും കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനാവുന്നുണ്ട്. പല കേന്ദ്രങ്ങളിലും ആഴത്തിലിറങ്ങിയ വേരുകളുമുണ്ട്.
ബി.ജെ.പിക്കെതിരേയുള്ള കക്ഷികളെയെല്ലാം ഒന്നിച്ചുകൊണ്ടുവന്ന് ഒരു ചേരിയായി നിര്‍ത്തി മത്സരിപ്പിച്ചാല്‍ കേന്ദ്ര ഭരണം കൈയടക്കാനാവുമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ തികച്ചും ശരിയാണ്. പക്ഷേ, ആ കണക്കുകൂട്ടലുകളെയൊക്കെ യാഥാര്‍ഥ്യത്തിലേക്കെത്തിക്കുക എന്നതാണ് കോണ്‍ഗ്രസിനു മുന്നിലെ വെല്ലുവിളി.
കരുത്തുള്ള ഒരു രാഷ്ട്രീയ കക്ഷിയായി ഉയര്‍ന്നാല്‍ മാത്രമേ കോണ്‍ഗ്രസിന് മറുകക്ഷികളെ ഒപ്പം കൊണ്ടുവരാനും ഒരു ചേരിയില്‍ അണിനിരത്താനും കഴിയൂ. അങ്ങനെയൊരു കരുത്തും വളര്‍ച്ചയും കോണ്‍ഗ്രസ് ആര്‍ജിക്കേണ്ടിയിരിക്കുന്നു. മറുകക്ഷികളുടെ നേതാക്കളുമായി സംവദിക്കാനും ഒന്നിച്ചിരുന്ന് തന്ത്രങ്ങള്‍ മെനയാനും കഴിയുന്ന നേതാക്കള്‍ തലപ്പത്തുണ്ടാവണം. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസില്‍ അത്തരം നേതാക്കള്‍ കുറവാണ്. സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന ആളല്ല രാഹുല്‍ ഗാന്ധി. രാഷ്ട്രീയമായി തന്ത്രങ്ങള്‍ മെനയാന്‍ ശേഷിയുള്ള നേതാവുമല്ല അദ്ദേഹം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി പോലും അടുത്ത സൗഹൃദം പുലര്‍ത്താറില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, പ്രൊഫ. കെ.വി തോമസ്, എന്നിവര്‍ പാര്‍ട്ടി വിട്ടതും രാഹുല്‍ ഗാന്ധി പുലര്‍ത്തിയ അകല്‍ച്ച കാരണമാണ്. ഗംഭീര ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം വലിയ തീരുമാനങ്ങളുമായി കോണ്‍ഗ്രസ് പ്ലീനറി സമ്മേളനവും കഴിഞ്ഞിരിക്കുന്നു. എങ്ങനെ ഇതൊക്കെ പ്രാവര്‍ത്തികമാക്കും? ആര് അതിന് മുന്‍കൈയെടുക്കും?
ജേക്കബ് ജോര്‍ജ്
Comments are closed for this post.