2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കോട്ടപ്പറമ്പ് ആശുപത്രിയിലും വീഴ്ച

 

കോഴിക്കോട്: മാതൃശിശു സംരക്ഷണ കേന്ദ്രമായിട്ടുപോലും ആ കുഞ്ഞുങ്ങളെയും അവരുടെ ഉമ്മയുടെ സന്തോഷങ്ങളെയും സുരക്ഷിതമാക്കാന്‍ കോട്ടപ്പറമ്പ് ആശുപത്രിക്ക് കഴിഞ്ഞില്ല.
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കോട്ടപ്പറമ്പ് ആശുപത്രിക്കെതിരേയും പ്രതിഷേധം ശക്തം.
ഏതുസമയത്തും ഗര്‍ഭിണികള്‍ക്ക് പരിചരണം നല്‍കേണ്ട ആശുപത്രിയില്‍നിന്ന് ഇത്തരത്തിലൊരു പെരുമാറ്റമുണ്ടായത് നീതീകരിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നുമുള്ള ആവശ്യമാണ് ശക്തമാകുന്നത്.
ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രി ആക്കി മാറ്റിയപ്പോള്‍ അവിടത്തെ ഗൈനക്കോളജി വിഭാഗവും കോട്ടപ്പറമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഴുവന്‍ സമയവും ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാകേണ്ടതാണ്. എന്നാല്‍ പ്രസവ വേദനയാല്‍ മലപ്പുറത്തുനിന്ന് എത്തിയ ഗര്‍ഭിണിയെ ഒ.പി സമയം കഴിഞ്ഞെന്നു പറഞ്ഞ് ഉച്ചയ്ക്കു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത് അയക്കുകയായിരുന്നെന്ന് ഭര്‍ത്താവ് ശരീഫ് പറയുന്നു. പിന്നീട് വിവിധ ആശുപത്രികളില്‍ എത്തിയെങ്കിലും ചികിത്സ വൈകുകയായിരുന്നു. തുടര്‍ന്നാണ് ഗര്‍ഭസ്ഥ ശിശുക്കള്‍ മരണത്തിന് കീഴടങ്ങിയത്. ചികിത്സയും മരുന്നുകളും തികച്ചും സൗജന്യമായതുകൊണ്ടുതന്നെ വിവിധയിടങ്ങളില്‍നിന്ന് കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പ്രസവത്തിനെത്തുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്.
ആശുപത്രികളുടെ ഗുണനിലവാരം പരിശോധിച്ച് മികവ് സാക്ഷ്യപ്പെടുത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ നേടിയ മലബാറിലെ ഏക സര്‍ക്കാര്‍ ആശുപത്രിയാണ് കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി.
എന്നാല്‍ ഇത്തരത്തിലൊരു വീഴ്ച്ച സംഭവിച്ചത് എങ്ങനെയെന്നതിന് വ്യക്തമായ ഉത്തരമില്ല. മുഴുവന്‍ സമയവും ഗൈനക്കോളജിസ്റ്റിന്റെ സേവനം കിട്ടാവുന്നതിനും ആവശ്യമായത്രയും ഡോക്ടര്‍മാരും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജനപ്രതിനിധികളും സാക്ഷ്യപ്പെടുത്തുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.