2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കോടിയേരിയുടെ കൈയില്‍ ഏലസല്ല; ഗ്ലൂക്കോസ് അളവറിയാനുള്ള ചിപ്പ്

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരനായ കോടിയേരി ബാലകൃഷ്ണന്റെ കൈയില്‍ ഏലസ് കെട്ടിയിരിക്കുന്നുവോ? സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച പൊടിപൊടിക്കുമ്പോള്‍ മറുപടിയുമായി കോടിയേരിയെത്തി. തന്റെ വലതുകൈയില്‍ കെട്ടിയത് ഏലസല്ല, ശരീരത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കുന്ന കണ്ടിന്യുയസ് ഗ്‌ളൂക്കോസ് മോണിറ്ററിങ് ഡയലിങ് എന്ന ചിപ്പാണെന്നു തുറന്നുകാട്ടുകയായിരുന്നു അദ്ദേഹം.
പ്രമേഹരോഗവിദഗ്ധനായ ഡോ. ജ്യോതിദേവ് കേശവദേവ് ആണ് ഈ ഉപകരണം തനിക്ക് നിര്‍ദേശിച്ചത്. ഒരാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം താനിതു വാങ്ങി ധരിക്കാന്‍ തുടങ്ങിയത്. രണ്ടാഴ്ചയ്ക്കു ശേഷം ചിപ്പ് മാറ്റിയ ശേഷം പഞ്ചസാരയുടെ അളവ് പരിശോധിക്കും. ഇതിന്റെ ഫലം അറിഞ്ഞ ശേഷമാണ് ഇപ്പോഴത്തെ മരുന്നിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തണോയെന്നു തീരുമാനിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ആളുകള്‍ ഇത്തരം ചിപ്പ് ഉപയോഗിക്കാറുണ്ടെന്നും കോടിയേരി പറഞ്ഞു.
കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകനായ ധനരാജ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ നടന്ന കൂട്ടായ്മയില്‍ സംസാരിക്കുന്നതിനിടെ കൈ ഉയര്‍ത്തിയപ്പോഴാണ് കോടിയേരിയുടെ വലതുകൈയില്‍ ഏലസ് ധരിച്ചിരിക്കുന്നതായി ഒരു സ്വകാര്യചാനല്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചാനലിന്റെ ആക്ഷേപഹാസ്യ പരിപാടിയില്‍ ഇത് ഉള്‍പ്പെടുത്തുകയായിരുന്നു. ഇതോടെ, അന്ധവിശ്വാസങ്ങള്‍ക്കെതിരായി നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഏലസ് ധരിച്ചു നടക്കുന്നു എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രം സഹിതം പ്രചാരണവും കൊഴുത്തു. ഇതോടെയാണു കോടിയേരി വിശദീകരണവുമായെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.