
വാഷിങ്ടണ്‍: കൊവിഡ് കാരണമായി അടുത്ത വര്‍ഷത്തോടെ ലോകത്ത് 15 കോടി ആളുകള്‍ പട്ടിണിയിലാകുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. ഇത് തടയാനായി രാജ്യങ്ങള്‍ കൂടുതല്‍ മൂലധനവും തൊഴിലുകളും നൈപുണികളെയും പുതിയ സംരംഭങ്ങളെയും ബിസിനസ് രംഗത്തേക്ക് എത്തിക്കണമെന്നും പുതിയ ബിസിനസുകള്‍ ആരംഭിക്കണമെന്നും ലോകബാങ്ക് ആവശ്യപ്പെട്ടു.
കൊവിഡ് മൂലം ഈവര്‍ഷം നേരത്തെ പ്രതീക്ഷിച്ചതിനെക്കാള്‍ ഒരു കോടിയോളം പേര് കൂടുതലായി കൊടും പട്ടിണിയിലാകും. ഇത് അടുത്ത വര്‍ഷത്തോടെ 15 കോടിയാകും. കൊവിഡ് ഇല്ലാതിരുന്നെങ്കില്‍ ഈവര്‍ഷത്തോടെ ആഗോള പട്ടിണി നിരക്ക് 7.9 ശതമാനമായി കുറയുമായിരുന്നു. എന്നാല്‍ മഹാമാരി കാരണമായി ഇത് 9.2 ശതമാനമായി നിലനില്ക്കും- രണ്ടുവര്‍ഷം കൂടുമ്പോള്‍ പ്രസിദ്ധീകരിക്കുന്ന ലോകബാങ്കിന്റെ പോവര്‍ട്ടി ആന്‍ഡ് ഷെയേര്‍ഡ് പ്രോസ്പരിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മഹാമാരിയും ആഗോള സാമ്പത്തികമാന്ദ്യവും ലോക ജനസംഖ്യയിലെ 1.4 ശതമാനത്തെ കൊടും പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറയുന്നു. വികസ്വരരാജ്യങ്ങളിലെ നിരവധിയാളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴേക്കു പോകും. ദാരിദ്ര്യത്തിന്റെ പിടിയിലാകുന്നവരില്‍ 82 ശതമാനവും ഇടത്തരം വരുമാനമുള്ള രാജ്യക്കാരാകും. 2030ഓടെ ലോകത്തെ പട്ടിണിമുക്തമാക്കാനുള്ള നീക്കം മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും യുദ്ധങ്ങളും കാരണം നടപ്പാവാനിടയില്ല. 2030ല്‍ ലോക ദാരിദ്ര്യനിരക്ക് ഏഴു ശതമാനത്തില്‍ തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്ത് കൂടുതല്‍ ദരിദ്രരുള്ള വന്‍ ജനസംഖ്യയുള്ള രാജ്യത്ത് ദാരിദ്ര്യമനുഭവിക്കുന്നവരുടെ കണക്കുകള്‍ നല്‍കിയിട്ടില്ലെന്നും ലോകബാങ്ക് എടുത്തുപറഞ്ഞു.