
ടോക്കിയോ: കൊവിഡ് മഹാമാരി കാരണം അടുത്ത വര്‍ഷത്തേക്ക് നീട്ടിവെച്ച ഒളിംപിക്സ് ഇനി നീട്ടിവെക്കില്ലെന്ന് ഐ.ഒ.സി അധികൃതര്‍. കൊവിഡ് കാരണം അടുത്ത വര്ഷക്കേത്ത് മാറ്റിയ ഒളിംപിക്സും സംശയത്തിന്റെ നിഴലിലായിരുന്നു. എന്നാല്‍ കൊവിഡ് ഉണ്ടെങ്കിലും ഒളിംപിക്സ് നടത്തുമെന്നാണ് ഇപ്പോള്‍ ഒളിംപിക്സ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വൈസ് പ്രസിഡന്റായ ജോണ്‍ കോറ്റ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അടുത്ത വര്‍ഷം ഒളിംപിക്സ് നടത്തുമെന്നാണ് അദ്ദേഹം എ.എഫ്.പിയോട് പറഞ്ഞത്. ‘കൊവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒളിംപിക്സ് നടക്കേണ്ടിടത്ത് നടക്കും. 2021 ജൂലൈ 23ന് മത്സരം ആരംഭിക്കും’ജോണ്‍ പറഞ്ഞു. 2011ല്‍ വടക്കു കിഴക്കന്‍ ജപ്പാനില്‍ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലും നാശനഷ്ടം സംഭവിച്ചവര്‍ക്ക് പുനര്‍ ജീവനത്തിനായാവും ടോക്കിയോ 2021 ഒളിംപിക്സെന്നും അദ്ദേഹം പറഞ്ഞു.
സര്‍വ മുന്നൊരുക്കങ്ങളും നടത്തി ടോക്കിയോയുടെ ചരിത്രത്തിലെ ഏറ്റവും മനോഹര ഒളിംപിക്സിനായി തയ്യാറെടുക്കവെയാണ് തിരിച്ചടിയായി കൊവിഡ് എത്തിയത്. നേരത്തെ ടൂര്‍ണമെന്റിനെത്തുന്ന താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനുമായി 43 ഹോട്ടലുകള്‍ ബുക്ക് ചെയ്തിരുന്നു. ഇതിന്റെ കരാര്‍ അവസാനിക്കുകയും ചെയ്തിരുന്നു. വേദികളെല്ലാം വീണ്ടും പുനര്നിര്മിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ചില രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും മറ്റ് രാജ്യങ്ങളില്‍ അങ്ങനെയല്ല. ഏകദേശം 206 ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ വലിയൊരു കൂട്ടം ജനങ്ങളാണ് ടൂര്‍ണമെന്റിനെത്തുന്നത്. അവരെ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടി വരും.
ബേസ്ബോള്‍,ഫുട്ബോള്‍,സുമോ എന്നിവ പരിമിത എണ്ണം ആരാധകരെ പ്രവേശിപ്പിച്ച് തുടങ്ങിയത് രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വീണ്ടും പ്രതീക്ഷ ഉയരുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലും കൊവിഡിന്റെ പ്രവാഹം കാണുന്നുണ്ടെന്ന് കോറ്റ്സ് പറഞ്ഞു. നിലവില്‍ ജപ്പാനിലെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാണ്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇത്രയും അധികം താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് സുരക്ഷിതമായി നടത്തുക വലിയ വെല്ലുവിളി തന്നെയാണ്.
കോവിഡ് തുടര്‍ന്നാല്‍ ഒളിംപിക്സില്‍ നിന്ന് പിന്മാറുമെന്ന നിലപാടിലാണ് പല രാജ്യങ്ങളുമുള്ളത്. നേരത്തെ 2021ലും ഒളിംപിക്സ് നടത്താന്‍ സാധിക്കാതെ വന്നാല്‍ ഒളിംപിക്സ് പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ടോക്കിയോ ഒളിംപിക്സ് പ്രസിഡന്റായ യോഷിരോ മൊറി പറഞ്ഞിരുന്നു. കൊവിഡിനെ മറികടക്കുന്നതിന് വേണ്ടി യൂറോപ്പിലെ ചിലയിടങ്ങളില്‍ ചെറിയ രീതിയില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ തുടങ്ങിയിട്ടുണ്ട്.