2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം  വിശുദ്ധ കഅ്ബ കഴുകി വിദേശ പ്രതിനിധികളോ, ഉന്നതരോ പങ്കെടുത്തില്ല

 
 
അബ്ദുസ്സലാം കൂടരഞ്ഞി 
മക്ക: ലോക മുസ്‌ലിംകളുടെ സിരാ കേന്ദ്രമായ മക്കയിലെ വിശുദ്ധ കഅ്ബ കഴുകി. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച ചടങ്ങ് നടന്നത്. വിശുദ്ധ ഹറമിലെത്തിയ മക്ക ഗവര്‍ണറെ ഇരു ഹറംകാര്യ പ്രസിഡന്‍സി മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസും മറ്റു ഹറം കാര്യ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
 കോവിഡ് പശ്ചാത്തലത്തില്‍ വൈറസ് വ്യാപനം തടയുന്നതിനുള്ള മുഴുവന്‍ കാര്യങ്ങളും സ്വീകരിച്ചാണ് ചടങ്ങ് നടന്നത്. പനിനീരും ഏറ്റവും മുന്തിയ ഊദ് അത്തറും മറ്റ് സുഗന്ധ്രദ്യവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉള്‍ഭാഗം കഴുകിയത്. ഇതേ വെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച് ഉള്‍വശത്തെ ചുമരുകള്‍ തുടച്ചു. കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായ ശേഷം ഗവര്‍ണര്‍ ത്വവാഫും രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരവും നിര്‍വഹിച്ചു. വര്‍ഷം തോറും മുഹര്‍റം പതിനഞ്ചിനാണ് സാധാരണയായി കഴുകല്‍ ചടങ്ങു നടക്കാറുള്ളത്. മുഹര്‍റത്തിനു പുറമേ ശഅബാന്‍ ഒന്നിനും ചടങ്ങ് നടക്കാറുണ്ട്.
ചടങ്ങിന് ശേഷം ഇരു ഹറംകാര്യ പ്രസിഡന്‍സി വകുപ്പ് തയാറാക്കിയ സുവനീറും മക്ക ഗവര്‍ണര്‍ ഏറ്റു വാങ്ങി. കഴിഞ്ഞ ദിവസം  വിശുദ്ധ കഅ്ബയുടെ കിസ്‌വ താഴ്ത്തി സാധാരണ നിലയിലാക്കിയിരുന്നു. ഹജ്ജ് സമയത്തുണ്ടാകുന്ന കടുത്ത തിരക്ക് കണക്കിലെത്തുന്നതാണ് ഹജ്ജിനു മുന്നോടിയായി കിസ്‌വ ഉയര്‍ത്തികെട്ടിയിരുന്നത്.
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.