
വാഷിങ്ടണ്‍: കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നതില്‍ താങ്കള്‍ മഹത്തരമായ കാര്യമാണ് ചെയ്തതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം വൈസ് പ്രസിഡന്റായിരുന്ന കാലത്ത് പന്നിപ്പനി തടയുന്നതില്‍ ജോ ബൈഡന് പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
”ഇതിനകം ഇന്ത്യയേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് യു.എസില്‍ ടെസ്റ്റുകള്‍ നടത്തി. ഇന്ത്യ കൊവിഡ് ടെസ്റ്റുകളുടെ കാര്യത്തില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. നാം ഇന്ത്യയേക്കാള്‍ 4.4 കോടി ടെസ്റ്റുകളാണ് അധികം നടത്തിയത്-നെവാഡയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു.
നേരത്തെ അമേരിക്കയിലെ ഇന്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് മോദി ട്രംപിനെ പ്രശംസിക്കുന്ന പരസ്യ വിഡിയോയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്തെത്തിയിരുന്നു. മോദി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയാണെന്ന ആരോപണം കോണ്‍ഗ്രസും ഉന്നയിച്ചിരുന്നു. സംഭവത്തില്‍ അമേരിക്കന്‍ നീതിന്യായവകുപ്പ് അന്വേഷണം നടത്തിവരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കരുതെന്ന് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി അംഗങ്ങള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.