
ന്യൂയോര്‍ക്ക്: പരിശോധനയില്‍ കൊവിഡ് നെഗറ്റീവായ 13കാരിയില്‍ നിന്ന് ബന്ധുക്കളായ 11 പേര്‍ക്ക് വൈറസ് പകര്‍ന്നത്.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ ബന്ധുക്കളൊന്നിച്ച് മൂന്നാഴ്ച മധ്യവേനലവധി ചെലവഴിച്ചവരാണ് രോഗബാധിതരായത്. യു.എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനാണ് (സി.ഡി.സി) ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അവധിയാഘോഷിക്കാന്‍ ഇവരുടെ കൂടെയുണ്ടായിരുന്ന 13കാരിക്ക് ജൂണില്‍ മൂക്കടപ്പുണ്ടായിരുന്നു. എന്നാല്‍ മറ്റു ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. അവധിക്ക് പോകുന്നതിനു രണ്ടുദിവസം മുന്‍പ് കൊവിഡ് പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവായിരുന്നു ഫലം. എന്നാല്‍ ഈ പെണ്‍കുട്ടിയില്‍ നിന്ന് 11 പേര്‍ക്ക് വൈറസ് പകര്‍ന്നുകിട്ടി. ഒന്നിച്ച് അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഇവരാരും മാസ്ക് ധരിക്കുകയോ സാമൂഹികാകലം പാലിക്കുകയോ ചെയ്തിരുന്നില്ല.
അഞ്ചു ബെഡ് റൂമുകളിലായാണ് 15 പേര് 25 ദിവസം താമസിച്ചത്. രോഗം പകര്‍ന്നവര്‍ യു.എസിലെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. 9 മുതല്‍ 72 വയസു വരെയുള്ളവര്‍ ഇതിലുണ്ട്.
കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ഇതര സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്യുകയോ ചെയ്തവര്‍ 14 ദിവസം ക്വാരന്റൈനില്‍ കഴിയേണ്ടതിന്റെ ആവശ്യകത ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നതായും കുട്ടികളും വൈറസ് വാഹകരാകാമെന്നും സി.ഡി.സി വക്താവ് പോളി പറഞ്ഞു.