തിരുവനന്തപുരം: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെ ക്ഷേമവും നാടിന്റെ സമഗ്ര വികസനവും ഉറപ്പുവരുത്തിയ കേരള സര്‍ക്കാര്‍ രാജ്യത്തിന് ഉത്തമ മാതൃകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാന്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാലയളവില്‍ ഒരാളെയും പട്ടിണിക്കിടാത്ത സര്‍ക്കാരാണിതെന്നും അതു ലോകത്തോടു പറയുന്നതില്‍ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
എല്ലാ വീടുകളിലും ഭക്ഷ്യ കിറ്റുകളെത്തിച്ചു. 60 വയസു കഴിഞ്ഞവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ഉറപ്പാക്കി. അതിഥിത്തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കി. രോഗവ്യാപനം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ലോക്ഡൗണ്‍ കാലത്ത് 20,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ക്ഷേമ പെന്‍ഷന്‍ അര്‍ഹരായ എല്ലാവര്‍ക്കുമെത്തിച്ചു. ആയിരം രൂപയുടെ ധനസഹായം നല്‍കി.
സുഭിക്ഷകേരളം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കി. കൊവിഡ് പ്രതിസന്ധികാലത്ത് ജോലി സൃഷ്ടിക്കാന്‍ പദ്ധതികള്‍ നടപ്പാക്കി. 11,604 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സ്വയംപര്യാപ്ത പച്ചക്കറി ഉല്‍പാദനത്തിന് പദ്ധതികള്‍ നടപ്പാക്കി. നൂറുദിന കര്‍മപരിപാടി വിജയമായിരുന്നു. ഇതിന്റെ രണ്ടാം ഘട്ടം നടപ്പാക്കിവരികയാണ്. കൊവിഡ് മരണനിരക്ക് കുറച്ചുകൊണ്ടുവന്ന ഏക സംസ്ഥാനമാണ് കേരളം. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് അടക്കമുള്ള നിരവധി വെല്ലുവിളികള്‍ ഇനിയും മുന്നിലുണ്ട്. കൊവിഡ് വ്യാപനം ഫലപ്രദമായി കുറയ്ക്കാനാകുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്.
രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നല്‍കി. ക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1,500 ആക്കി ഉയര്‍ത്തി. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചു. സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്കിനു തുടക്കം കുറിച്ചു. അഭിമാനകരമായ ഗെയില്‍ പദ്ധതി നടപ്പാക്കി. ഈ സാമ്പത്തിക വര്‍ഷം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 8,000 കോടി രൂപ ചെലവഴിച്ചു. ഡാറ്റാ സെന്ററുകളുടെ നവീകരണം 2021ഓടെ ലക്ഷ്യമിടുന്നു. കെ. ഫോണ്‍ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകും. ഇതുവഴി പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കും. സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതി കേന്ദ്ര അനുമതി കാത്തിരിക്കുന്നു. വിശദമായ പദ്ധതി രൂപരേഖ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. കൃഷിയിലും അനുബന്ധ മേഖലകളിലും ‘സുഭിക്ഷകേരളം’ പാക്കേജ് പോലുള്ള നൂതനാശയങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു.
നൂറു ദിനംകൊണ്ട് 1,16,440 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കിഫ്ബി വഴി 56,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ഏറ്റെടുത്തു. കേരളത്തെ മികച്ച നിക്ഷേപ സംസ്ഥാനമായി മാറ്റാന്‍ സര്‍ക്കാരിനു കഴിഞ്ഞു. വ്യവസായങ്ങള്‍ കൊണ്ടുവരുന്നതില്‍ മികച്ച മുന്നേറ്റം കേരളം കൈവരിച്ചു.
മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് പദ്ധതി കോഴിക്കോട്ടും തിരുവനന്തപുരത്തും നടപ്പാക്കും. പൊലിസില്‍ ഈ വര്‍ഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം കൊണ്ടുവരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments are closed for this post.