2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊവിഡു വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതിയ പട്ടിക.നവം 20നു വരെ നീട്ടിയതായി ഖത്തര്‍

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതിയ പട്ടിക നടപ്പാക്കുന്നതിന് നവംബര്‍ 20ലേക്ക് മാറ്റിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. നിലവില്‍ ഖത്തറിന് പുറത്തുള്ള യാത്രാക്കാരുടെ സാഹചര്യം കണക്കിലെടുത്താണ് പുതിയ പട്ടിക നിലവില്‍ വരുന്ന തിയ്യതി നവംബര്‍ 20ലേക്ക് മാറ്റിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തേ നവംബര്‍ 15 മുതല്‍ പട്ടിക നടപ്പിലാവുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

നവംബര്‍ 12ന് ആണ് കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതിയ പട്ടിക മന്ത്രാലയം പുറത്തുവിട്ടത്. നേരത്തേ പട്ടികയില്‍ ഉണ്ടായിരുന്ന 26 രാജ്യങ്ങളെ പുതിയ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പുതിയ പട്ടികയിലും ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. ഖത്തറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള രാജ്യങ്ങളായ പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും ഇല്ല. നേരത്തെ പുറത്ത് വിട്ട പട്ടികയില്‍ 49 രാജ്യങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ പുതിയതില്‍ 23 എണ്ണമേ ഉള്ളൂ. ഇന്ത്യയടക്കമുള്ള കൊവിഡ് ഭീഷണി കൂടുതലുള്ള ഖത്തറിന്റെ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ എയര്‍വേസില്‍ വരുന്നവര്‍ അംഗീകൃത കോവിഡ് പരിശോധനകേന്ദ്രങ്ങളില്‍നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. മറ്റു വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മുന്‍കൂട്ടിയുള്ള പരിശോധന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവര്‍ക്ക് ഹമദ് വിമാനത്താവളത്തില്‍നിന്ന് പരിശോധന നടത്തും. തുടര്‍ന്ന് ഏഴ് ദിവസവും ഹോട്ടല്‍ ക്വാറന്റീനിലും ഏഴ് ദിവസം ഹോം ക്വാറന്റീനിലും കഴിയണം.

അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളില്‍നിന്നും ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്റീന്‍ വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിടുണ്ട്. വിമാനത്താവളത്തിലെത്തുന്നവര്‍ കൊവിഡ് പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം, ഒരാഴ്ചത്തെ ഹോം ക്വാറന്റീന്‍ ഉറപ്പു നല്‍കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പുവെക്കണം. ഒരാഴ്ചക്കുശേഷം ഹെല്‍ത്ത് സെന്ററിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റീവ് ആണെങ്കില്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവാണെങ്കില്‍ ഇഹ്തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ് തെളിയുകയും ക്വാറന്റീന്‍ അവസാനിക്കുകയും ചെയ്യും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.