
പാരിസ്: ശീതകാലമാരംഭിച്ചതോടെ യു.എസിലും യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് ശക്തിയാര്‍ജിച്ചു. വൈറസ് വ്യാപനത്തിന്റെ ഒന്നാംഘട്ടം നിയന്ത്രണവിധേയമായ യൂറോപ്പില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നിരിക്കുകയാണ്. യു.എസിലാകട്ടെ ഒന്‍പത് ദശലക്ഷം കടന്ന് രോഗം ഉച്ചാവസ്ഥയിലേക്കു നീങ്ങുകയാണ്. തുറന്ന സ്കൂളുകള്‍ വീണ്ടും പൂട്ടാന്‍ തുടങ്ങി.
രോഗവ്യാപനം ശക്തമായതോടെ ഫ്രാന്‍സും ഇറ്റലിയും വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 49,215 പേര്‍ക്കാണ് രോഗം ബാധിച്ചത്. ബെല്‍ജിയത്തില്‍ മഹാമാരി പിടിമുറുക്കിയതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. മുന്‍വാരത്തെ അപേക്ഷിച്ച് അവിടെ പുതിയ കേസുകളില്‍ 41 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ജൂലൈയില്‍ രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ 15,000 പേര്‍ക്കു രോഗം പിടിപെട്ട യൂറോപ്പില്‍ ഒറ്റ ദിവസം 2,41,000 എന്ന റെക്കോര്‍ഡ് വര്‍ധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഈയാഴ്ച 14 യൂറോപ്യന്‍ രാജ്യങ്ങളില്‍ റെക്കോര്‍ഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യു.എസില്‍ ഇതാദ്യമായി ഒരു ദിവസം 91,295 പേര്‍ക്ക് മഹാമാരി ബാധിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ രോഗബാധയില്‍ ഗണ്യമായ വര്‍ധനവുണ്ടായത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. 90 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,29,000 പേര് മരിക്കുകയും ചെയ്തു.
അതേസമയം രോഗത്തെ നിസാരമായി കാണുന്ന പ്രസിഡന്റ് ട്രംപ് ഇന്നലെയും തന്റെ നിലപാട് ആവര്‍ത്തിച്ചു. നാം വീണ്ടുമൊരു ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ല- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഞാന്‍ അടച്ചുപൂട്ടില്ല; രാജ്യം ഞാന്‍ അടച്ചുപൂട്ടില്ല; എന്നാല്‍ ഞാന്‍ വൈറസിനെ പൂട്ടും- അദ്ദേഹം പ്രഖ്യാപിച്ചു. റഷ്യയിലും രോഗവ്യാപനം ശക്തമായെങ്കിലും ലോക്ഡൗണ്‍ ഉണ്ടാവില്ലെന്ന് പ്രസിഡന്റ് പുടിന് പറഞ്ഞു.