2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കൊല്‍ക്കത്തയെ ചുരുട്ടിക്കെട്ടി മുംബൈ

ദുബൈ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചെറിയ സ്‌കോറില്‍ കുരുക്കി മുംബൈ ഇന്ത്യന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു.
കൊല്‍ക്കത്തയുടെ മുന്‍നിര താരങ്ങളെല്ലാം നിരാശയാര്‍ന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. ഓപണറായി എത്തിയ രാഹുല്‍ ത്രിപതി ഒമ്പത് പന്തില്‍ ഏഴ് റണ്‍സ് സ്വന്തമാക്കി. 23 പന്തില്‍ 21 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കിയത്. നിതീഷ് റാണ ആറു പന്തില്‍ അഞ്ച് റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ദിനേശ് കാര്‍ത്തിക് എട്ട് പന്തില്‍ വെറും നാലു റണ്‍സുമായി മടങ്ങി. വെടിക്കെട്ട് പ്രതീക്ഷയുണ്ടായിരുന്ന ആന്ദ്രെ റസല്‍ ഒമ്പത് പന്തില്‍ നിന്ന് 12 റണ്‍സാണ് സ്വന്തമാക്കിയത്. അവസാന വിക്കറ്റില്‍ ഇയോണ്‍ മോര്‍ഗനും പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ അല്‍പമെങ്കിലും മെച്ചപ്പെട്ട അവസ്ഥയിലെത്തിച്ചത്. 29 പന്തില്‍ 39 രണ്‍സ് സ്വന്തമാക്കിയ മോര്‍ഗനും 36 പന്തില്‍ 53 റണ്‍സ് സ്വന്തമാക്കിയ പാറ്റ് കമ്മിന്‍സും ഔട്ടാകാതെ നിന്നു. മുംബൈക്ക് വേണ്ടി രാഹുല്‍ ചഹര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ബോള്‍ട്ട്, കോള്‍ട്ടര്‍ നൈല്‍, ബുംറ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മോര്‍ഗന്‍ ഇനി കെ.കെ.ആര്‍ ക്യാപ്റ്റന്‍

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മത്സരങ്ങള്‍ പുരോഗമിക്കവെ നിര്‍ണായക നീക്കവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നായകസ്ഥാനത്ത് നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തികിനെ മാറ്റി ഇയാന്‍ മോര്‍ഗനെ നിയമിച്ചിരിക്കുകയാണ് കൊല്‍ക്കത്ത. സീസണില്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും കാര്‍ത്തിക് പരാജയാണ്. ഈ അവസരത്തിലാണ് ഇംഗ്ലണ്ട് പരിമിത ഓവര്‍ നായകന്‍കൂടിയായ മോര്‍ഗനെ നായകസ്ഥാനെത്തിക്കാന്‍ കെ.കെ.ആര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഏഴ് മത്സരത്തില്‍ നിന്ന് നാല് ജയം ഉള്‍പ്പെടെ എട്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ് കെ.കെ.ആറുള്ളത്.
നായകനെന്ന നിലയില്‍ കാര്‍ത്തികിനെക്കാള്‍ അനുഭവസമ്പത്തുള്ള മോര്‍ഗന്‍ എത്തുന്നതോടെ നിലവിലെ ടീമിന്റെ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാവുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. കാര്‍ത്തിക് വരുത്തുന്ന ബൗളിങ് ചെയ്ഞ്ചുകളും ബാറ്റിങ് ഓഡറിലെ പരീക്ഷണങ്ങളും വിമര്‍ശനം നേരിട്ടിരുന്നു. ഇതോടെയാണ് ഇത്തരമൊരു നിര്‍ണായക മാറ്റത്തിന് കെ.കെ.ആര്‍ തയ്യാറായത്. പ്ലേ ഓഫില്‍ സീറ്റ് ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങളിലെ ജയം നിര്‍ണായകമായതിനാല്‍ പുതിയ നീക്കം കെ.കെ.ആറിനെ സഹായിക്കുമോയെന്ന് കണ്ടറിയണം.
നേരത്തെ കാര്‍ത്തികിന് പകരം മോര്‍ഗനെ നായകനാക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കാര്‍ത്തികിന് പിന്തുണ നല്‍കുന്ന തരത്തിലായിരുന്നു കെ.കെ.ആര്‍ മാനേജ്‌മെന്റ് സംസാരിച്ചത്. എന്നാല്‍ ടൂര്‍ണമെന്റ് രണ്ടാം ഘട്ടത്തിലേക്ക് കടക്കവെ നിര്‍ണായക മാറ്റത്തിന് കെ.കെ.ആര്‍ തയ്യാറാവുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.