2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊലപാതക ശ്രമം; ഏഴ് വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍

വര്‍ക്കല: ഉത്സവം കണ്ടുമടങ്ങുകയായിരുന്ന യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ ഏഴ് വര്‍ഷത്തിന് ശേഷം പിടിയില്‍. ഊന്നിന്‍മൂട് തിയറ്റര്‍ ജങ്ഷന് സമീപം ചരുവിള വീട്ടില്‍ രാജേഷ്(29), പൂതക്കുളം തുണ്ടുവാലുവിള വീട്ടില്‍ ഉണ്ണി (30) എന്നിവരാണ് വര്‍ക്കല പൊലിസിന്റെ പിടിയിലായത്.
2012 ഏപ്രില്‍ ഒന്നിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരവൂര്‍ പൂതക്കുളം ധര്‍മശാസ്താക്ഷേത്രത്തിലെ ഉത്സവം കണ്ടു മടങ്ങുകയായിരുന്ന അയിരൂര്‍ സ്വദേശികളായ ഹരിദേവ്(35), സതീഷ് (27) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഊന്നിന്‍മൂട് തിയറ്റര്‍ ജങ്ഷന് സമീപത്തുവെച്ചാണ് രാജേഷും ഉണ്ണിയും പതിനഞ്ചംഗ സംഘത്തോടൊപ്പം വടിവാളും മറ്റുമായി ആക്രമിച്ചത്.  തലയോട്ടിയും നെഞ്ചും മുഖവുമുള്‍പ്പെടെ ശരീരമാസകലം വെട്ടിയും അടിച്ചും പരുക്കേല്‍പ്പിച്ച ശേഷം റോഡില്‍ നിന്ന് ഇവരെ വലിച്ചിഴച്ച് സമീപത്തെ പുരയിടത്തില്‍ കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിടുകയും ചെയ്തു. സ്ഥലത്തെത്തിയ പരവൂര്‍, വര്‍ക്കല പൊലിസ് അധികൃതരാണ് ഹരിദേവിനെയും സനീഷിനെയും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കുറച്ചു നാളുകള്‍ക്ക് ശേഷം രണ്ട് പേരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സ മാറ്റുകയും ഒന്നര വര്‍ഷത്തോളം അവിടെ തുടര്‍ചികിത്സയില്‍ കഴിയുകയും ചെയ്തു.  ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സനീഷിന് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. തുടര്‍ചികിത്സയുടെ ഫലമായി അടുത്തിടെയാണ് സംസാരശേഷി തിരികെ കിട്ടിയത്.  സംഭവത്തിനുശേഷം വടക്കന്‍ജില്ലകളില്‍ ഒളിവിലായിരുന്ന പ്രതികള്‍ പൊലിസ് അന്വേഷിക്കുന്നില്ലെന്ന് മനസിലാക്കിയാണ് മടങ്ങിയെത്തിയത്. പഴക്കം ചെന്ന കേസുകളില്‍ കിട്ടാനുള്ള പ്രതികളെ പിടികൂടുന്നതിന്റെ ഭാഗമായാണ് വര്‍ക്കല പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്. പരവൂര്‍, നല്ലേറ്റില്‍, പൂതക്കുളം എന്നിവിടങ്ങളിലായി പ്രതികളുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വര്‍ക്കല സി.ഐ ഗോപകുമാര്‍, എസ്.ഐ.ശ്യാംജി, എ.എസ്.ഐ സുനില്‍കുമാര്‍, പൊലിസുകാരായ മുരളീധരന്‍, മധുലാല്‍, സെബാസ്റ്റ്യന്‍, നാഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരേ പരവൂര്‍, വര്‍ക്കല സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും പൊലിസ് പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.